ഗുജറാത്തില്‍ ഏഴാം വട്ടവും താമരപ്പൂക്കാലം; വിജയത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഇവ

ഏഴാം തവണയും ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുത്തത് ഗുജറാത്ത് മോഡലിന് ലഭിച്ച അംഗീകാരമാണെന്നാണ് പ്രള്‍ഹാദ് ജോഷി ഉള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍. ഗുജറാത്ത് മോഡല്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം, മോദി-ഷാ ഫാക്ടര്‍ എന്നിവ മുതല്‍ സാമുദായിക സമവാക്യങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവും വരെയുള്ള പല കാരണങ്ങളാണ് ബിജെപിയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ( reasons behind bjp victory in Gujarat election)
സംസ്ഥാനത്തെ 182 സീറ്റുകളില്‍ 132ലും ബിജെപി വിജയിക്കുമെന്ന് ഒമ്പത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു. അമിത് ഷായുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും നേതൃത്വത്തില്‍ ബിജെപി ഗുജറാത്തില്‍ നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടെന്ന് വേണം പറയാന്‍. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കൂടിയായ നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം വോട്ടുകളാക്കി മാറ്റാന്‍ ബിജെപിക്ക് സാധിച്ചു. കോണ്‍ഗ്രസ് വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് ചോര്‍ന്നതും ബിജെപിക്ക് ഗുണം ചെയ്തു.
സംവരണപ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച പട്ടേല്‍ സമുദായവും ഹര്‍ദിക് പട്ടേലും ഇത്തവണ തങ്ങളുടെ പാളയത്തിലെത്തിയത് ബിജെപിക്ക് ഗുണം ചെയ്തു. കൂടാതെ ഗോത്ര, മുസ്ലീം വോട്ടുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞത് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയത് അന്തരീക്ഷം ബിജെപിക്ക് അനുകൂലമാക്കി.
മോര്‍ബി ദുരന്തം പോലും ബിജെപിക്കെതിരായ ആയുധമായി ഉപയോഗിക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. മോര്‍ബി ദുരന്തത്തിന്റെ പേരില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന ബ്രിജേഷ് മേര്‍ജ ഏറെ ആരോപണങ്ങള്‍ നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ മാറ്റി സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനായി പുഴയിലേക്ക് എടുത്ത് ചാടിയ കാന്തിലാല്‍ അമൃതിയയെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയ ബിജെപി തന്ത്രവും ഫലം കണ്ടു.
ഗുജറാത്ത് മോഡല്‍ എന്ന പ്രചരണവും ബിജെപിക്ക് ഗുണം ചെയ്തു. ഇന്ത്യയുടെ ആകെ വ്യാവസായിക ഉത്പാദനത്തിന്റെ 20 ശതമാനത്തിലധികം സംഭാവന ചെയ്യുന്ന സംസ്ഥാനമായി ഗുജറാത്ത് വളര്‍ന്നത് വലിയ നേട്ടമായി ബിജെപി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. 19.4 ലക്ഷം കോടി രൂപയിലധികം മൊത്ത ആഭ്യന്തര സംസ്ഥാന ഉത്പാദന ം വര്‍ധിപ്പിക്കാനും എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. എന്നിരിക്കിലും വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി മുതലായ ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ ആരോപിക്കുന്നുണ്ട്.
156 സീറ്റുകളാണ് ബിജെപി ഗുജറാത്തില്‍ നേടിയത്. കോണ്‍ഗ്രസിന് 17 സീറ്റുകള്‍ മാത്രമേ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ആം ആദ്മി പാര്‍ട്ടി അഞ്ച് സീറ്റുകളും മറ്റുള്ളവര്‍ നാല് സീറ്റുകളുമാണ് നേടിയിരിക്കുന്നത്.
Story Highlights: reasons behind bjp victory in Gujarat election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here