മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരം 24 എക്സിക്യുട്ടീവ് എഡിറ്റർ ഗോപികൃഷ്ണന്; സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ( State media awards Best TV Interview Award 24 Executive Editor Gopi Krishnan ).
24 ന്യൂസിലെ 24 എക്സിക്യുട്ടീവ് എഡിറ്റർ ഗോപികൃഷ്ണൻ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരം നേടി. ദൃശ്യ മാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ പി.എസ്. അനൂപിനാണ് മികച്ച ടിവി റിപ്പോർട്ടിനുള്ള പുരസ്‌കാരം. ‘തീരം വിൽപ്പനയ്ക്ക്’ എന്ന റിപ്പോർട്ടിനാണു പുരസ്‌കാരം. ‘നീതി തേടി കുരുന്നുകൾ’ എന്ന റിപ്പോർട്ടിന് മാതൃഭൂമി ന്യൂസിലെ റിയാ ബേബി ജൂറി പ്രത്യേക പരാമർശത്തിന് അർഹയായി. ‘ആദിവാസി മേഖലയിലെ പൊലീസ് ക്ലാസ് റൂം’ എന്ന റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ അജിത്കുമാർ എസിനാണ് മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്‌കാരം.
‘കണ്ണിൽ കനലെരിയുന്ന മീരയും കണ്ണീർവറ്റിയ അമ്മയും’ എന്ന റിപ്പോർട്ടിന് മനോരമ ന്യൂസിലെ ബെന്നി ജേക്കബ് മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ എം. ദീപുവാണു മികച്ച ക്യാമറമാൻ. ദില്ലി കലാപത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനാണു പുരസ്‌കാരം. മനോരമ ന്യൂസിലെ വി.വി. വിനോദ് കുമാർ ടിവി ക്യാമറമാൻ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. കെ.എസ്.ആർ.ടി.സിയിലെ മിന്നൽ പണിമുടക്കിന്റെ ദൃശ്യങ്ങൾക്കാണ് അംഗീകാരം. മനോരമ ന്യൂസിലെ ഫിജി തോമസാണ് മികച്ച ന്യൂസ് റീഡർ.
അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമം ദിനപത്രത്തിലെ നൗഫൽ കെ. ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘സംവരണ അട്ടിമറിയുടെ കേരള മോഡൽ’ എന്ന റിപ്പോർട്ടിനാണു പുരസ്‌കാരം. ‘കോവിഡ് അതിജീവനം; കേരള മോഡൽ’ എന്ന റിപ്പോർട്ടിന് ദീപിക ദിനപത്രത്തിലെ റെജി ജോസഫ് മികച്ച വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം നേടി.
കേരള കൗമുദി ദിനപത്രത്തിലെ എൻ.ആർ. സുധർമ്മദാസിനാണ് മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം. ‘അമ്മമനം’ എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോയ്ക്കാണ് അവാർഡ്. ‘അഴിക്കല്ലേ പ്രതിരോധം’ എന്ന ചിത്രത്തിന് ദേശാഭിമാനി ഫോട്ടോഗ്രാഫർ പി.വി. സുജിത്ത് ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനും അർഹനായി. കേരള കൗമുദിയിലെ ടി.കെ. സുജിത്തിനാണു മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം. ‘കൊറോണം’ എന്ന കാർട്ടൂണാണ് പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.
പി.എസ്. രാജശേഖരൻ, ആർ. സുഭാഷ്, സി.ഡി. ഷാജി എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്. നവാസ് പൂനൂർ, പി.വി. കൃഷ്ണൻ, കെ. മനോജ് കുമാർ എന്നിവരായിരുന്നു കാർട്ടൂൺ വിഭാഗം ജൂറി. സി.എൽ. തോമസ്, എൻ.കെ. രവീന്ദ്രൻ, പ്രിയ രവീന്ദ്രൻ എന്നിവരായിരുന്നു ദൃശ്യമാധ്യമ വിഭാഗത്തിലെ ജൂറി അംഗങ്ങൾ.
Story Highlights: State media awards Best TV Interview Award 24 Executive Editor Gopi Krishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here