Advertisement

രാഷ്ട്രീയ കൗതുകം 01 |മന്ത്രിമാരുടെ പേരുപുരാണം!

December 15, 2022
Google News 5 minutes Read
kerala ministers name meaning

“ഒരു പേരിലെന്തിരിക്കുന്നു….?”

പതിനാറാം നൂറ്റാണ്ടിൽ റോമിയോ ആന്റ് ജൂലിയറ്റ് എന്ന ദുരന്തനാടകത്തിലൂടെ ഈ ചോദ്യം ചോദിച്ചത് നമ്മുടെ വില്യം ഷേക്സ്പിയറാണ്.

നാല് നൂറ്റാണ്ടുകാലം ഈ ചോദ്യത്തിന് ഉത്തരം പറയാൻ ആരുടെയും നാവ് പൊന്തിയില്ല. ഒടുവിൽ ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിക്ക് മറുപടി നൽകാൻ ഒരു മലയാളി മുന്നോട്ടുവന്നു; വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ്.

പക്ഷേ, ഫാദറ് ഷേക്സ്പിയറിനു നൽകിയ മറുപടി, മന്ത്രി വി. അബ്‌ദുറഹിമാനെ ഉദാഹരിച്ച് ലേശം അന്യാപദേശ രീതിയിൽ ആയിപ്പോയി. തദ്വാര, വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചുവെന്ന കേസിലാണ് ഫാദർ ചെന്നുപെട്ടത്.

ഫാദർ ഡിക്രൂസ്, ‘മാപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന സോഷ്യൽ ഫയർ എക്സ്റ്റിംഗ്യുഷർ എടുത്തു പ്രയോഗിച്ചെങ്കിലും തീ അത്രകണ്ട് കെട്ടില്ല!

മാപ്പ് മടക്കി പോക്കറ്റിൽ ഇട്ടാൽ മതിയെന്ന് അബ്‌ദുറഹിമാൻ സാഹിബ് തിരിച്ചടിച്ചു. (ളോഹയ്ക്ക് പോക്കറ്റുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.)

ഏതായാലും പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം നടക്കുന്ന ഈ വേളയിൽ വി.അബ്ദുറഹിമാൻ അടക്കം സകല മന്ത്രിമാരുടെയും പേരിൽ ‘എന്താണുള്ളത് ‘ എന്ന് നോക്കിക്കളയാം.

വി.അബ്ദുറഹിമാൻ

കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് മന്ത്രി വി.അബ്ദുറഹിമാനുള്ളത്. അബ്ദുർ, റഹ്മാൻ എന്നീ അറബിക് വാക്കുകൾ ചേർന്നാണ് അബ്ദുറഹിമാൻ എന്ന പേര്. ‘പടച്ചവന്റെ ദാസൻ’ എന്ന ഹൃദ്യമായ അർത്ഥമാണ് ഈ പേരിനുള്ളത്.

പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലെ ആദ്യഭാഗമായ പിണറായി എന്നത് ഒരു സ്ഥലനാമമാണ്. എങ്കിലും പിണറായി എന്ന വാക്കിന് വാചികമായ ഒരു അർത്ഥം കൽപ്പിക്കാം. പിണറായി = മിന്നൽക്കൊടിയായി. വിജയൻ എന്ന പേരിന്റെ അർത്ഥം വിജയിക്കുന്നവനെന്നും അതിന്റെ പര്യായം അർജുനൻ, മഹാവിഷ്ണു എന്നുമാണ്.

കാന്ത്രദർശിയായ എഴുത്തച്ഛൻ മഹാഭാരതം കിളിപ്പാട്ടിലെ കർണ്ണപർവ്വത്തിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് പ്രതിപക്ഷം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

“വിജയനെന്നത് പേരവനാകുന്നു, ജയമെല്ലാംകൊണ്ടും അവനേ വന്നിടൂ….”

സാക്ഷാൽ വിജയന് സാരഥിയായി ഒരു കൃഷ്ണനേ ഉണ്ടായിരുന്നുള്ളു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയിൽ പേരുകൊണ്ട് കൃഷ്ണന്മാർ മൂന്നാണ്. കെ.കൃഷ്ണൻകുട്ടി, കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ. എം.വി.ഗോവിന്ദൻ മാസ്റ്റർ മന്ത്രിസഭയിൽ തുടർന്നിരുന്നെങ്കിൽ ‘പാർത്ഥസാരഥി’മാർ നാല് ആകുമായിരുന്നു.

കെ.രാജൻ

റവന്യു മന്ത്രി കെ.രാജന്റെ പേരിനർത്ഥം രാജാവ്, ശ്രേഷ്ഠൻ, മുഖ്യൻ എന്നൊക്കെയാണ്. അതായത്, കാര്യത്തിൽ മന്ത്രിയും നാമത്തിൽ രാജാവുമാണ് നമ്മുടെ റവന്യു മന്ത്രി.

റോഷി അഗസ്റ്റിൻ

ജലവിതരണവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേരിനെച്ചൊല്ലി രസകരമായ ഒരു വാദമുണ്ട്. ‘അസ്ത്രാലയ’ എന്നത് ‘ആസ്ട്രേലിയ’ ആയതുപോലെ ‘ഋഷി അഗസ്ത്യൻ’ ആണത്രേ ‘റോഷി അഗസ്റ്റിൻ’ ആയി മാറിയത്!
പക്ഷേ, സത്യം എന്താണെന്നുവെച്ചാൽ, സെൻ ബുദ്ധിസ്റ്റുകളുടെ നേതാവിനെ സംബോധന ചെയ്യുന്ന ഒരു നാമമാണ് ‘റോഷി.’ 70കളിൽ കേരളത്തിൽ തരംഗമായ രണ്ടക്ഷരനാമങ്ങളിൽ (സജി, ബിജു, റെജി….) ഉൾപ്പെട്ടതാണ് റോഷിയും. എന്നാൽ ലാറ്റിനിൽനിന്ന്‌ ഉരുവായ അഗസ്റ്റിൻ എന്ന പേരിന് ആദരണീയൻ എന്നാണ് അർത്ഥം. കൂടാതെ ഇതൊരു ക്രൈസ്തവ വിശുദ്ധന്റെ പേരുമാണ്.

കെ.കൃഷ്ണൻകുട്ടി

വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പേരിന്റെ അർത്ഥം എല്ലാവർക്കും അറിയാമല്ലോ. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരനാമമാണ് കൃഷ്ണൻ. അതിന്റെ മുന്നിലാ പിന്നിലോ വാത്സല്യത്തോടെ, കുട്ടി എന്ന് ചേർക്കുന്നത് കേരളത്തിൽ പണ്ട് സാധാരണമായിരുന്നു.

എ.കെ.ശശീന്ദ്രൻ

വനം വകുപ്പ് മന്ത്രിയുടെ പേര്, ശശിധരൻ, ശശിചൂഡൻ എന്നീ നാമങ്ങൾ പോലെ പരമശിവന്റെ പര്യായമാണ്. അതല്ല, ചന്ദ്രദേവൻ എന്ന് അർത്ഥം കൽപ്പിച്ചാലും ശരിയാണ്.

അഹമ്മദ് ദേവർകോവിൽ

തുറമുഖ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേരിന്റെ ഒരു ഭാഗം സ്ഥലനാമമാണ്. ദേവർകോവിൽ കോഴിക്കോട് ജില്ലയിലെ കായക്കൊടി വില്ലേജിൽ ഉൾപ്പെടുന്നു. അഹമ്മദ് എന്ന അറബിക് നാമത്തിന് ‘സ്തുതിക്ക് യോഗ്യൻ’ എന്നാണ് അർത്ഥം.

ആന്റണി രാജു

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പേരിലെ ആന്റണി എന്ന ഗ്രീക്ക് പദത്തിന് ‘സ്തുതിക്ക് യോഗ്യൻ’ എന്നൊരു അർത്ഥമുണ്ട്. കൂടാതെ ഇതൊരു ക്രൈസ്തവ വിശുദ്ധന്റെ നാമമാണ്. എന്നാൽ ‘രാജ്’ എന്ന വാക്കിൽനിന്ന് രൂപപ്പെട്ട വാത്സല്യം നിറഞ്ഞ ഒരു പേരാണ് ‘രാജു’.

ജി.ആർ.അനിൽ

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ പേര് ‘അനിലൻ’ എന്ന വാക്ക് ലോപിച്ചുണ്ടായതാണ്. കാറ്റ് എന്നാണ് അർത്ഥം. മഹാവിഷ്ണു, വായുദേവൻ എന്നീ പേരുകൾ പര്യായവുമാണ്.

കെ.എൻ.ബാലഗോപാൽ

ഉണ്ണിക്കണ്ണൻ, കുട്ടികൃഷ്ണൻ എന്നൊക്കെയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പേരിന്റെ പര്യായം. പശുക്കളെ പരിപാലിക്കുന്ന ബാലൻ എന്ന വാച്യാർത്ഥം കണ്ണന്റെ അമ്പാടിയിലെ ബാല്യത്തെയും യാദവ പാരമ്പര്യത്തെയും സൂചിപ്പിക്കുന്നു.

ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ.ബിന്ദുവിന്റെ പേരിന് പല അർത്ഥങ്ങൾ ഉണ്ട്. പൂർണ്ണവിരാമം, അടയാളം, നീർത്തുള്ളി എന്നൊക്കെയാണ് സാമാന്യമായ അർത്ഥം. എന്നാൽ ബിന്ദു എന്ന സംസ്കൃത വാക്കിന് തിരുനെറ്റി എന്നും അർത്ഥമുണ്ട്. അതുകൊണ്ടാണ് പൊട്ടിന് ബിന്ദി എന്നു പേര് വന്നതത്രേ. അത് അടയാളപ്പെടുത്തുന്നതുപോലെ മന്ത്രി ആർ.ബിന്ദു, മനോഹരമായ ബിന്ദി തൊടാറുണ്ട് എന്നതാണ് കൗതുകകരം.

ജെ.ചിഞ്ചു റാണി

ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ജെ.ചിഞ്ചു റാണിയുടെ പേരിലെ ചിഞ്ചു എന്ന ആദ്യഭാഗത്തിന് വിശ്വസ്തത, മുത്ത് എന്നൊക്കെ വ്യത്യസ്ത ഭാഷകളിൽ അർത്ഥം കാണുന്നു. എന്നാൽ കേരളീയ സാഹചര്യത്തിൽ വാത്സല്യം തുളുമ്പുന്ന ഒരു പേരായാണ് ‘ചിഞ്ചു ‘ പരിഗണിക്കപ്പെടുന്നത്. ഒപ്പം, നാട് ഭരിക്കുന്ന സ്ത്രീ എന്ന അർത്ഥം വരുന്ന റാണി കൂടി ചേരുന്നതോടെ, മന്ത്രിയുടെ പേര് സാർത്ഥകവും ഗംഭീരവും ആയി എന്ന് പറയാം.

എം.ബി.രാജേഷ്

രാജേശ്വരൻ എന്ന പേര് ലോപിച്ചുണ്ടായതാണ് രാജേഷ് എന്ന പേര്. രാജാക്കന്മാരുടെ ദൈവം എന്ന് സാമാന്യമായി അർത്ഥം കൽപ്പിക്കാം. എന്നാൽ തദ്ദേശമന്ത്രി എം.ബി.രാജേഷ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത ആളായതിനാൽ ഈ പേരിന്റെ രണ്ടാമത്തെ അർത്ഥംകൂടി പരിഗണിക്കാം. അത് ‘ചക്രവർത്തി’യെന്നാണ്.

പി.എ.മുഹമ്മദ് റിയാസ്

മുഹമ്മദ് എന്ന അറബിക് പേരിന് സ്തുതികൾക്ക് യോഗ്യൻ എന്ന അർത്ഥമാണുള്ളത്. റിയാസ് എന്ന വാക്കിനാവട്ടെ പൂന്തോട്ടം, സ്വർഗം എന്നൊക്കെ അർത്ഥമുണ്ട്. പേരിലെന്നപോലെ മനോഹാരിതയ്ക്ക് വളരെ പ്രാധാന്യമുള്ള വകുപ്പുകളാണ് മന്ത്രിക്കുള്ളത്; ടൂറിസവും പൊതുമരാമത്തും.

പി.പ്രസാദ്

പ്രസാദ എന്ന സംസ്കൃതപദത്തിൽനിന്നാണ് പ്രസാദം, പ്രസാദ് എന്നീ വാക്കുകൾ രൂപപ്പെട്ടത്. അനുഗ്രഹം, ദയ, ആനുകൂല്യം, പ്രസന്നത എന്നൊക്കെ ഈ പേരിന് അർത്ഥമുണ്ട്. കാർഷിക മേഖലയിൽ മതിയായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്, കൃഷി മന്ത്രി തന്റെ പേരിനെ കൂടുതൽ അർത്ഥപൂർണ്ണമാക്കണമെന്നാണത്രേ കർഷകതാല്പര്യം.

കെ.രാധാകൃഷ്ണൻ

രാധാസമേതനായ കൃഷ്ണൻ എന്നാണ് ദേവസ്വം മന്ത്രിയുടെ പേരിന്റെ അർത്ഥം. ജീവിതത്തിൽ പക്ഷേ മന്ത്രി കെ.രാധാകൃഷ്ണൻ തനിച്ചാണ് എന്നത് മറ്റൊരു കൗതുകം.

പി.രാജീവ്

രാജീവം എന്ന സംസ്കൃത പദത്തിൽനിന്നാണ് രാജീവ് എന്ന പേര് രൂപപ്പെട്ടത്. താമര എന്നാണ് പേരിന്റെ അർത്ഥം. അതല്ല, രാജീവനേത്രൻ ലോപിച്ചാണ് രാജീവ് ആയതെങ്കിൽ മഹാവിഷ്ണു, ശ്രീകൃഷ്ണൻ എന്നൊക്കെ അർത്ഥം കൽപ്പിക്കാം.

വി.ശിവൻകുട്ടി

പേരിലെ വൈഷ്ണവാധിപത്യം ചെറുക്കാൻ എ.കെ.ശശീന്ദ്രനൊപ്പമുള്ളത് വി.ശിവൻകുട്ടി മാത്രമാണ്. ശിവൻകുട്ടി എന്ന പേര് അർത്ഥമാക്കുന്നത് സംഹാരമൂർത്തിയായ സാക്ഷാൽ പരമശിവനെത്തന്നെയാണ്. പക്ഷേ, പേരിനെ അന്വർത്ഥമാക്കുമാറ് പാവം വി.ശിവൻകുട്ടി നിയമസഭയിൽ ചെറുതായി ഒന്ന് സംഹാരതാണ്ഡവമാടിയപ്പോൾ 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് വക കണ്ടെത്തൽ. പിന്നെങ്ങനെ ശരിയാകും!

വി.എൻ.വാസവൻ

വാസ്തവം പറഞ്ഞാൽ വാസവൻ എന്ന പേരുകൊണ്ട് ദേവേന്ദ്രനെയാണ് അർത്ഥമാക്കുന്നത്.

വീണാ ജോർജ്

ആരോഗ്യമന്ത്രിയുടെ പേരിന്റെ ആദ്യഭാഗം പൊതുവെ കേരളത്തിൽ പ്രചരിച്ചിട്ടുള്ള സ്ത്രീനാമങ്ങളിൽ ഒന്നാണ്. വീണ എന്ന വാദ്യത്തെത്തന്നെയാണ് ഇവിടെ അർത്ഥമാക്കുന്നത്. പേരിന്റെ രണ്ടാംഭാഗമായ ‘ജോർജ്’ ഗ്രീക്കിൽ നിന്ന് രൂപപ്പെട്ട വാക്കാണ്. കർഷകൻ എന്നാണ് അർത്ഥം. എന്നാൽ കേരളത്തിലെ ക്രൈസ്തവർ ജോർജ് എന്ന പേര് സ്വീകരിക്കുന്നത്, സെയ്ന്റ് ജോർജ് എന്ന വിശുദ്ധ ഗീവർഗീസിന്റെ സ്മരണാർത്ഥമാണ്.

ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് അർത്ഥശങ്ക പ്രകടിപ്പിച്ചത് മന്ത്രി വി.അബ്ദുറഹിമാന്റെ പേരിന്റെ കാര്യത്തിലാണല്ലോ. ആ നിലയ്ക്ക് മുഴുവൻ മന്ത്രിമാരുടെയും പേരുകൾ പരിശോധിച്ചു. എല്ലാം അർത്ഥപൂർണ്ണമായ നല്ല ഒന്നാന്തരം പേരുകൾ ആണെന്ന് മനസ്സിലായി.

ഇനി മന്ത്രി വി.അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരം ഫാദർ തിയോഡേഷ്യസ് ഡിക്രൂസിന്റെ പേര് കൂടി പരിശോധിക്കുന്നു.

തിയോഡേഷ്യസ് എന്ന പദം ഗ്രീക്കിൽനിന്ന് ലാറ്റിനിലേക്ക് എത്തിയ ഒന്നാണ്. അർത്ഥം ‘ദൈവദാനം’ എന്നാണ്. ഡിക്രൂസ് എന്നത് പോർച്ചുഗീസ് പദമാണ്. ക്രൂശിന്റെ, കുരിശിന്റെ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. പൊതുവെ കുടുംബപ്പേരായും ഡിക്രൂസ് എന്ന് ഉപയോഗിച്ചുകാണുന്നു.

പേരുകളൊക്കെ മനോഹരമാണ്. എങ്കിലും ഷേക്സ്പിയർ പറഞ്ഞതുപോലെ പേരിലല്ല കാര്യം. പ്രവൃത്തിയും പെരുമാറ്റവുമാണ് പ്രധാനം. അവ നന്നായാൽ ആർക്കും ഒരു ‘പേര്’ കിട്ടും. ആ പേരാണ് ‘സൽപ്പേര്’.

Story Highlights: kerala ministers name meaning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here