Advertisement

കാര്യവിചാരം – 2 | ഖത്തർ കണ്ട ‘സോക്കർ നയതന്ത്രം’

December 19, 2022
3 minutes Read
Karyavicharam - 2 | Qatar 'soccer diplomacy'

ഖത്തർ ലോകകപ്പിന് വിരാമമാകുമ്പോൾ അത് സവിശേഷമാകുന്നത് സംഘാടന മികവുകൊണ്ടു മാത്രമല്ല; മറിച്ച് അതിന്റെ നയതന്ത്രപ്രാധാന്യം കൊണ്ടുകൂടിയാണ് ( Karyavicharam – 2 | Qatar ‘soccer diplomacy’ ).

പ്രത്യേകിച്ചും യുക്രൈൻ – റഷ്യ യുദ്ധവും, ഇന്ത്യയിലും തായ്വാനിലും ചൈന നടത്തുന്ന കടന്നുകയറ്റവും, ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ, ലോകനേതാക്കൾ പലരും സൗമ്യതയോടെ സംഗമിച്ച ആഗോള വേദിയായി ഖത്തർ മാറിയെന്ന് പറയാം.

പണ്ടു മുതൽക്കേ ‘ഫുട്ബോൾ’ അഥവാ ‘സോക്കർ’, ഒരു നയതന്ത്ര ഉപാധിയായി ലോകരാഷ്ട്രങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ ‘യൂണിവേഴ്സിറ്റി പ്രസ് ഓഫ് കെന്റുക്കി’, ഇത് സംബന്ധിച്ച് 2020ൽ, ‘Soccer Diplomacy’ എന്ന പഠനഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകകപ്പ് ആരംഭിച്ച വേളയിൽ ആതിഥേയ രാജ്യമെന്ന നിലയിൽ ഖത്തർ ഏറെ വിമർശനം കേട്ടു. കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ചൂഷണം മുതൽ സ്വവർഗലൈംഗികതയെ കുറ്റകൃത്യമായി കാണുന്ന ഖത്തറിന്റെ സമീപനം പോലും പടിഞ്ഞാറൻ രാജ്യങ്ങൾ ചോദ്യം ചെയ്തു. എന്നാൽ ലോകകപ്പിന്റെ ആരവം ഒഴിയുമ്പോൾ ഖത്തർ ഒരു നയതന്ത്ര ദല്ലാളിന്റെ (Diplomatic Brocker) റോളിലേക്ക് വളർന്നുകഴിഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണായിരുന്നു ലോകകപ്പ് വേദിയിലെ ഒരു ശ്രദ്ധേയ സാന്നിദ്ധ്യം. സെമി ഫൈനൽ കാണുന്നതിനിടയിൽ ഖത്തറുമായുള്ള ചർച്ചകൾക്ക് സമയം നീക്കിവെച്ച മാക്രോൺ, ഫൈനൽ കാണുന്നതിനായി എത്തിയപ്പോഴും, തുടർ ചർച്ചകൾ നടത്തി.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തന്റെ ടീമിന്റെ മാച്ച് കണ്ടത് ലൈബീരിയൻ പ്രസിഡന്റും ഫുട്ബോൾ ഇതിഹാസവുമായ ജോർജ് വിയയ്ക്ക് ഒപ്പമാണ്. സോക്കർ നയതന്ത്രം അതുകൊണ്ടും തീരുന്നില്ല. ലൈബീരിയൻ പ്രസിഡന്റിന്റെ മകൻ ടിം വിയ ആണ്, ഈ ലോകകപ്പിൽ യുഎസിനായി ആദ്യ ഗോൾ നേടിയത്. ആ നിമിഷത്തിൽ ലൈബീരിയൻ പ്രസിഡന്റായ ജോർജ് വിയയുടെ മുഖത്തേക്ക് നോക്കിയെന്നും, ഒരു പിതാവിന്റെ അഭിമാനം തനിക്ക് കാണാൻ കഴിഞ്ഞുവെന്നും ബ്ലിങ്കൻ പിന്നീട് പറയുകയും ചെയ്തു. ആന്റണി ബ്ലിങ്കൻ ഫുട്ബോൾ കാണുന്നതിനിടെ ഖത്തറുമായി നയതന്ത്ര ചർച്ചയും നടത്തിയതായാണ് റിപ്പോർട്ടുകൾ.

ഖത്തറിൽ ലോകകപ്പ് കാണാൻ വന്ന ലൈബീരിയൻ പ്രസിഡന്റ് ജോർജ് വിയ, അതിനിടയിൽ ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽത്താനിയെക്കണ്ട് ലൈബീരിയയിൽ ഹൈവേ പണിയാൻ സാമ്പത്തിക സഹായം ചോദിച്ചതാണ് മറ്റൊരു വാർത്ത. ജോർജ് വിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

യുഎസിലെ ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാനായ ബോബ് മെനെൻഡെസ്, മത്സരങ്ങളുടെ ഇടവേളകളിൽ അഫ്ഗാൻ, ലബനൻ, ലിബിയ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഖത്തറുമായി ഉന്നതതല ചർച്ച നടത്താൻ സമയം കണ്ടെത്തി.

ലോകകപ്പിനു മുൻപുതന്നെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഖത്തറിനെ ‘പ്രധാന നാറ്റോ ഇതര സഖ്യകക്ഷി’യായി പ്രഖ്യാപിച്ചിരുന്നു. ഇറാൻ, അഫ്ഗാൻ, പലസ്തീൻ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക്, യുഎസ് ഈ ലോകകപ്പ് വേള ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. നയതന്ത്രവും കാൽപ്പന്തുകളിയും കഴിഞ്ഞ ഒരു മാസമായി ഖത്തറിന്റെ മണ്ണിൽ വേർപെടുത്താനാവാത്ത വിധം ഇടകലർന്നിരുന്നു.

മത്സരത്തിന്റെ ഇടവേളകളിൽ ചർച്ച നടക്കുകയാണോ, അതോ ചർച്ചയുടെ ഇടവേളയിൽ കളി കാണുകയാണോ എന്ന് തെളിച്ച് പറയാനാവാത്ത വിധം ഉന്നത യുഎസ് ഉദ്യോഗസ്ഥർ ഖത്തറിൽ സജീവമായിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലിയും ലോകകപ്പ് കാണുന്നതിനിടയിൽ ഖത്തറുമായി വിശദമായ ചർച്ച നടത്തി.

ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ, മധ്യപൂർവ്വദേശത്തുനിന്നു മാത്രം ഒരു ഡസനിലധികം ഭരണാധികാരികളാണ് പങ്കെടുത്തത്. ഉപരോധ കാലങ്ങൾക്കിപ്പുറം, സൗദി അറേബ്യ അടക്കമുള്ള ഇതര ജി.സി.സി രാഷ്ട്രങ്ങളും ഖത്തറിന്റെ കളിയിടങ്ങളെ പ്രോത്സാഹിപ്പിച്ചു.

എങ്കിലും ഏവരും പ്രതീക്ഷിച്ച ഒരു സോക്കർ നയതന്ത്രം മാത്രം ഖത്തറിൽ കാണാനായില്ല. നവംബർ 30 ന് ഇറാൻ – യു.എസ് മത്സരം നടക്കുമ്പോൾ, ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അടക്കമുള്ള നേതാക്കളും യു.എസ് പ്രതിനിധികളും കണ്ണെത്തും ദൂരത്ത് ഇരുന്നിട്ടും ഒരു ചർച്ചയും നടന്നില്ല. എന്നിരുന്നാലും മധ്യപൂർവ്വദേശത്ത് നിർണ്ണായകമാകുന്ന പല നയതന്ത്ര ചർച്ചകളും ഈ ലോകകപ്പിനിടയിൽ നടന്നു.

ലോകകപ്പ് കാണുന്നതിനിടയിൽ ആന്റണി ബ്ലിങ്കൻ പറഞ്ഞ ഈ വാക്കുകൾ ശ്രദ്ധേയമാണ്: “ആളുകളെ ഒരുമിപ്പിക്കുന്നതിൽ അവിശ്വസനീയമാം വിധം ശക്തിയുള്ള ഒരു മാർഗ്ഗമാണ് ഫുട്ബോൾ”.

ഒരു ഫുട്ബോൾ ലോകകപ്പ് സമയബന്ധിതമായി സംഘടിപ്പിക്കുമ്പോൾ, അവിടെ ഒരു ലോകമഹായുദ്ധം മാറ്റിവെയ്ക്കപ്പെടുകകൂടിയാണ് എന്ന ചൊല്ല്, ഖത്തറിലെ ഈ സോക്കർ നയതന്ത്രത്തിന്റെ പശ്ചാത്തലത്തിൽ 100% ശരിയാണ്.

Story Highlights: Karyavicharam – 2 | Qatar ‘soccer diplomacy’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement