വെറും 3 ദിവസം കൊണ്ട് അടിപൊളി മുന്തിരി വൈൻ തയാറാക്കാം

ക്രിസ്മസ് ഇങ്ങെത്തിപ്പോയി. ക്രിസ്മസ് എന്നാൽ ആദ്യം മനസിലേക്കെത്തുക നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയും ഒപ്പം കേക്കും വൈനുമാണ്. നക്ഷത്രവും മറ്റ് അലങ്കാരപണികളുമെല്ലാം ഒട്ടുമിക്ക വീടുകളിലും കണ്ടുതുടങ്ങി. എന്നാൽ ജീവിത തിരക്കിനിടെ പലരും വൈൻ തയറാക്കി വയ്ക്കാൻ മറന്നിട്ടുണ്ടാകും. 45 ദിവസമാണ് സാധാരണ വൈൻ തയാറാകാനുള്ള സമയം. ക്രിമസ്മസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനി വീട്ടിൽ എങ്ങനെ വൈൻ ഉണ്ടാക്കുമെന്ന് വിഷമിച്ചു നിൽക്കുകയാണോ ? എങ്കിൽ വെറും 3 ദിവസം കൊണ്ട് കിടിലൻ വൈൻ ഉണ്ടാക്കാൻ സാധിക്കും. ( home made grape wine in 3 days )
ക്രിസ്മസിന് മുന്തിരി വൈൻ തന്നെ വേണമെന്ന് നിർബന്ധമുള്ളവരാണ് കൂടുതൽ പേരും. അവർക്കായി എളുപ്പം തയാറാക്കുന്ന രുചിക്കൂട്ട് :
വൈൻ തയാറാക്കാനായി ഒരു കിലോഗ്രാം മുന്തിരി വേണം. മുക്കാൽ കിലോഗ്രാം പഞ്ചസാര, ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം, മൂന്ന് ഏലക്ക, 4 ഗ്രാമ്പൂ, 2 പട്ട എന്നിവ, ഒപ്പം യീസ്റ്റ് ഒരു ടീസ്പൂണും.

കുരുവുള്ള മുന്തിരിയാണ് വൈൻ ഉണ്ടാക്കാൻ ഏറ്റവും നല്ലത്. മുന്തിരി നന്നായി കഴുകണം. ഉപ്പിട്ട വെള്ളത്തിൽ അൽപനേരം മുക്കി വയ്ക്കുന്നത് മുന്തിരിയെ അണുവിമുക്തമാക്കും. കഴുകിയെടുത്ത മുന്തിരി ഒരു കുക്കറിൽ ഇട്ട് മുക്കാൽ കിലോ പഞ്ചസാരയും ചേർത്ത് ഏലക്ക, ഗ്രാമ്പൂ, പട്ട എന്നിവ ചേർത്ത്, വെള്ളം കൂടി ഒഴിച്ച് അടച്ചുവച്ച് വേവിക്കണം. കുക്കറിൽ വെയിറ്റ് ഇടരുത്. ആവി വരുന്ന സമയമാകുമ്പോൾ കുക്കർ ഓഫ് ചെയ്യണം. ഈ സമയത്ത് കുക്കറിൽ കിടന്ന് മുന്തിരി പൊട്ടിയിരിക്കും. പഞ്ചസാര അലിയുകയും ചെയ്തിട്ടുണ്ടാകും. ഈ മിശ്രിതം കുക്കറിൽ തന്നെ 24 മണിക്കൂർ വയ്ക്കണം.
Read Also: ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കാം ? ചായ കുടി അമിതമായാൽ ഭയക്കണം
അടുത്ത ദിവസം ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂൺ യീസ്റ്റ് ചേർത്ത് വീണ്ടും കുക്കർ അടച്ച് വയ്ക്കണം. വീണ്ടും 24 മണിക്കൂർ വയ്ക്കണം.
മൂന്നാം ദിവസം ഈ മുന്തിരി മിശ്രിതം അരിപ്പയിൽ അരിച്ച് എടുക്കാം. മുന്തിരി കൈകൊണ്ട് പിഴിഞ്ഞ് ചാറ് മുഴുവൻ എടുക്കണം.
വൈൻ ഒഴിച്ചുവയ്ക്കുന്ന പാത്രങ്ങളെല്ലാം നനവില്ലാത്ത ഉണങ്ങിയ പാത്രങ്ങളായിരിക്കണം. വെട്ടം കയറാത്ത പളുങ്ക് കുപ്പിയിലോ, ഭരണിയിലോ വേണം വൈൻ ഒഴിച്ചുവയ്ക്കാൻ. ട്രാൻസ്‌പേരന്റ് ചില്ല് കുപ്പിയാണെങ്കിൽ ഇരുട്ട് മുറിയിൽ വേണം വൈൻ സൂക്ഷിക്കാൻ.
ഇനി ക്രിസ്മസിനും ന്യൂ ഈയറിനും വീട്ടിലെത്തുന്ന അതിഥികൾക്ക് സ്വയം തയാറാക്കിയ വൈൻ നൽകാം.
Story Highlights: home made grape wine in 3 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here