‘വരാനിരിക്കുന്ന ലോകകപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും’; എമിലിയാനോ മാര്‍ട്ടിനസിനെതിരെ കെടി ജലീല്‍
ലോകകപ്പ് നേടിയ ശേഷം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്ക് നേരെ അര്‍ജന്‍റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് നടത്തിയ അധിക്ഷേപങ്ങളെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെടി ജലീല്‍. എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോകകപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകുമെന്ന് കെടി ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു.(kt jaleel criticize argentina goalkeeper emiliano martinez)
താങ്കൾക്ക് എംബാപ്പയെ കളിയാക്കാൻ എന്തവകാശം. താങ്കളുടെ പോസ്റ്റിലേക്ക് 4 ഗോളുകൾ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. തന്‍റെ പത്തൊൻപതാം വയസിൽ ഫ്രാൻസ് ലോകകപ്പ് സ്വന്തമാക്കിയപ്പോൾ നെപ്പോളിയന്‍റെ പട നയിച്ച സൈന്യാധിപനാണ് എംബാപ്പെ.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
കാൽപ്പന്തു കൊണ്ട് ചാട്ടുളി തീർക്കാൻ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും. മെസിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുന്ന അതേ അളവിൽ അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നു- ജലീല്‍ ഫേസ്ബുക്കില്‍ കുുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
മിസ്റ്റർ എമിലിയാനോ മാർട്ടിനസ്,
താങ്കൾക്ക് എംബാപ്പയെ കളിയാക്കാൻ എന്തവകാശം? താങ്കളുടെ പോസ്റ്റിലേക്ക് 4 ഗോളുകൾ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. തന്‍റെ പത്തൊൻപതാം വയസ്സിൽ ഫ്രാൻസ് ലോകകപ്പ് സ്വന്തമാക്കിയപ്പോൾ നെപ്പോളിയന്‍റെ പട നയിച്ച സൈന്യാധിപനാണ് എംബാപ്പെ. ആയുസ്സുണ്ടെങ്കിൽ ഇനിയും മൂന്ന് ലോക കപ്പുകൾക്ക് ബാല്യമുള്ള കാൽപ്പന്തുകളിയിലെ കൊടുങ്കാറ്റിന്‍റെ രൗദ്രത കാൽപാദത്തിൽ ഒളിപ്പിച്ചുവെച്ച ഷൂട്ടറാണ് എംബാപ്പെ.
ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും. പെലെയും ഹിഗ്വിറ്റയും സാമുവൽ ഏറ്റുവും സാദിയോ മാനെയും യൂനുസ് മൂസയും വിൻസന്‍റ് അബൂബക്കറും ലിലിയൻ തുറാമും ബുക്കായോ സാക്കയും വിനീഷ്യസ് ജൂനിയറും അൽഭുതങ്ങൾ സൃഷ്ടിച്ച മൈതാനങ്ങളിൽ കാൽപ്പന്തു കൊണ്ട് ചാട്ടുളി തീർക്കാൻ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും.
ഒളിമ്പിക്സ് മെഡലുമായി സന്തോഷാരാവത്തിൽ ഒരു ഹോട്ടലിൽ കയറിയ എക്കാലത്തെയും വലിയ ബോക്സിംഗ് ചാമ്പ്യൻ മുഹമ്മദലിയോട് “ഇവിടെ കറുത്തവർക്ക്” ഭക്ഷണം വിളമ്പാറില്ലെന്ന് നിഷ്കരുണം പറഞ്ഞു തൊലി വെളുത്ത വെയ്റ്റർ. ആ വെള്ളപ്പിശാചിന്‍റെ മുഖത്തേക്ക് മെഡൽ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന കറുത്ത വർഗ്ഗക്കാരനെ, അല്ലയോ എമിലിയാനോ, താങ്കൾ ഓർക്കുന്നത് നല്ലതാണ്. മിസ്റ്റർ മാർട്ടിനസ്, മെസ്സിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുന്ന അതേ അളവിൽ അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നു. എംബാപ്പെ നീണാൽ വാഴട്ടെ. എംബാപ്പെയുടെ നിറവും.
Story Highlights: kt jaleel criticize argentina goalkeeper emiliano martinez
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here