എട്ടില്‍ പഠിക്കുമ്പോള്‍ സ്‌കൂളിന് വേണ്ടി പതാകയുയര്‍ത്തി; വിരമിച്ചത് സുബേദാര്‍ മേജറായി; പി.ജി പത്രോസിന്റെ ഓര്‍മകളിലൂടെ

സ്വാതന്ത്ര്യ പുലരിയില്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ വിദ്യാര്‍ത്ഥി പിന്നീട് രാജ്യത്തിന്റെ കാവല്‍ഭടനായി മാറിയ ഒരു ചരിത്രം തൃശൂര്‍ കൊമ്പൊടിഞ്ഞാമ്മാക്കലിനുണ്ട്. അന്തരിച്ച മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പി.ജി പത്രോസായിരുന്നു ആ വിദ്യാര്‍ത്ഥി. രാജ്യത്തിന് വേണ്ടി ഏഴ് യുദ്ധമുഖങ്ങളില്‍ സാന്നിധ്യം. നിര്‍ണായക ദൗത്യങ്ങള്‍..എന്നിവയിലെല്ലാം പങ്കാളിയായിരുന്നു പി ജി പത്രോസ് എന്ന ഗീവര്‍ഗീസ് പത്രോസ്.(Ex Army Officer PG pathros life story)
1947 ഓഗസ്റ്റ് 14ലെ അര്‍ധരാത്രി. രാജ്യം സ്വാതന്ത്ര്യത്തിന്റെ മധുരം നുണഞ്ഞ രാത്രി. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള ആളൂര്‍ ആര്‍എം ഹൈസ്‌കൂളില്‍ ത്രിവര്‍ണ പതാക പാറിക്കാന്‍ നേതൃത്വം നല്‍കിയത് അധ്യാപകന്‍ വി കെ ജോസഫ്. അധ്യാപകനൊപ്പം നിന്ന് പതാക നാട്ടിയത് കൂട്ടത്തിലെ ഏറ്റവും ഉയരക്കാരനായ പുന്നേലിപ്പറമ്പില്‍ ഗീവര്‍ഗീസ് പത്രോസ് എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി. അതായിരുന്നു പി ജി പത്രോസ്.
93ാം വയസിലെ മങ്ങിത്തുടങ്ങിയ ഓര്‍മകള്‍ ഓര്‍ത്തെടുത്തു, ഒരിക്കല്‍ പി ജി പത്രോസ് ട്വന്റിഫോറിനോട്. സ്വതന്ത്രമായ രാജ്യത്തിന്റെ അതിരുകള്‍ സംരക്ഷിക്കാന്‍ പിന്നീട് പട്ടാളത്തിലേക്കുള്ള ചേക്കേറല്‍, 62ലെ ഇന്ത്യ-ചൈന യുദ്ധം, രണ്ട് ഇന്ത്യാ പാക് യുദ്ധം…അങ്ങനെയങ്ങനെ ഏഴ് യുദ്ധമുഖങ്ങളില്‍ പോര്‍മുഖത്തെത്തിയ സൈനികന്‍. വിയറ്റ്‌നാമില്‍ സമാധാന സേനയുടെ ഭാഗമായും പ്രവര്‍ത്തിച്ചതിന്റെ കരുത്തുണ്ട്, പത്രോസിന്. ഇന്ത്യന്‍ ആര്‍മിയില്‍ വയര്‍ലെസ് ആന്റ് സിഗ്നല്‍സിലായിരുന്നു സേവനം. ഏറ്റവും ഗൗരവമുള്ള സന്ദേശങ്ങള്‍ യുദ്ധമുഖത്തെത്തിക്കേണ്ട നിര്‍ണായക ദൗത്യ സംഘത്തിലെ അംഗം. പരിശീലനം വേണ്ടതുപോലെയുണ്ടെങ്കിലും ആയുധത്തിന്റെ ദൗര്‍ലഭ്യം തിരിച്ചടിയായെന്ന് അദ്ദേഹം ഒരിക്കല്‍ സാക്ഷ്യപ്പെടുത്തി.
കൊമ്പൊടിഞ്ഞാമ്മാക്കലിലെ വീട്ടിലിരുന്ന യുദ്ധത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചിരുന്ന സുബേദാര്‍ മേജര്‍ പി ജി പത്രോസിന്റെ കണ്ണുകള്‍ ചരിത്രം പറയും.
ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കി മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രം ഓര്‍മപ്പെടുത്തുന്നത് പത്രോസ് അടക്കമുള്ള സൈനികരുടെ പോരാട്ട വീര്യത്തെയാണ്.
Read Also: പിജി പത്രോസ് അന്തരിച്ചു
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു പി .ജി പത്രോസിന്റെ അന്ത്യം. ട്വന്റിഫോര്‍ എഡിറ്റര്‍ ഇന്‍ ചീഫ് പിപി ജെയിംസ് മകനാണ്. താഴേക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കൊമ്പൊടിഞ്ഞാമക്കല്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് പി ജി പത്രോസ്. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് കുഴിക്കാട്ടേശേരി സെന്റ് മേരീസ് പള്ളിയില്‍ നടക്കും. സംസ്‌ക്കാരശുശ്രൂഷകള്‍ക്ക് ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം നല്‍കും.
Story Highlights: Ex Army Officer PG pathros life story