ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് നവോമി ഒസാക്ക പിന്മാറി

രണ്ട് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ നവോമി ഒസാക്ക ടൂർണമെന്റിൽ നിന്ന് പിന്മാറി. ഒസാക്കയുടെ പിന്മാറ്റ വിവരം ട്വീറ്റിലൂടെയാണ് സംഘാടകർ അറിയിച്ചത്. ജാപ്പനീസ് താരത്തിന്റെ പിന്മാറ്റത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. നേരത്തെ യു.എസ് ഓപ്പൺ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ കാർലോസ് അൽകാരസും ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നും പിന്മാറിയിരുന്നു. ജനുവരി 16ന് മെൽബണിലാണ് ഓസ്‌ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്.
ഒസാക്കയുടെ അഭാവത്തിൽ യുക്രൈൻ താരം ദയാന യാസ്ട്രെംസ്കയെ മെയിൻ ഡ്രോയിലേക്ക് മാറ്റിയതായി ഓസ്‌ട്രേലിയൻ ഓപ്പൺ വ്യക്തമാക്കി. 2019ലും 2021ലും ഒസാക്ക കിരീടം നേടിയിരുന്നു. കഴിഞ്ഞ വർഷം മുൻ ഒന്നാം നമ്പർ താരം മൂന്നാം റൗണ്ടിലേക്ക് മുന്നേറിയെങ്കിലും അമാൻഡ അനിസിമോവയോട് 4-6, 6-3, 7-6(5) എന്ന സ്കോറിന് തോറ്റു. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിൽ നിന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ഒസാക്ക സെപ്റ്റംബറിൽ ടോക്കിയോയിൽ നടന്ന പാൻ പസഫിക് ഓപ്പണിലാണ് അവസാനമായി കളിച്ചത്.
ഏഴ് തവണ ചാമ്പ്യനായ വീനസ് വില്യംസ് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഒസാക്ക ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ ആഴ്‌ച നടന്ന ഓക്‌ലൻഡ് ക്ലാസിക്കിൽ പരിക്കേറ്റതിനെ തുടർന്നാണ് വെറ്ററൻ അമേരിക്കൻ താരം വീനസ് വില്യംസ് പിന്മാറിയത്. ലോക റാങ്കിംഗിൽ 42-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഒസാക്ക, 2021 ഫ്രഞ്ച് ഓപ്പൺ ഒഴിവാക്കിയതിന് ശേഷം മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിനായി ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് താൻ വിഷാദരോഗത്തോട് പൊരുതുകയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
Story Highlights: Two-time champion Naomi Osaka withdraws from Australian Open 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here