ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക; ശബരിമലയിൽ അരവണ വിതരണം താത്കാലികമായി നിർത്തിവച്ചു
ശബരിമലയിലെ അരവണ വിതരണം താത്കാലികമായി നിർത്തിവച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണ് വിതരണം നിർത്താൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം ചെയ്യരുതെന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ വിധിക്ക് പിന്നാലെയാണ് അരവണ വിതരണം താത്കാലികമായി നിർത്തിവച്ചത്. കൂടുതൽ പരിശോധനകൾക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും തീർത്ഥാടകരെ ഇക്കാര്യം അറിയിച്ചതായും ദേവസ്വം ബോർഡ് അറിയിച്ചു. നാളെ മുതൽ ഏലയ്ക്ക ഇല്ലാത്ത അരവണ നിർമ്മിക്കാനാണ് തീരുമാനം.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലക്കയിൽ നേരത്തെ കണ്ടെത്തിയിരുന്നു. അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് FSSAI റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് പരിഗണിച്ച കോടതി അരവണ പ്രസാദത്തിൻറെ സാമ്പിൾ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേർത്ത അരവണ വിതരണം ചെയ്യരുതെന്നും ഭക്ഷ്യസുരക്ഷാ ഓഫീസർ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: sabarimala aravana distribution stopped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here