Advertisement

ജെഎന്‍യുവില്‍ സംഘര്‍ഷം; ബിബിസിയുടെ ഡോക്യുമെന്ററി നിര്‍മാണം ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനെന്ന് എബിവിപി

January 25, 2023
Google News 2 minutes Read
JNU abvp tweet against bbc documentary

ബിബിസിയുടെ ഡോക്യുമെന്ററി വിഷയത്തില്‍ ജെഎന്‍യു സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധം തുടരുന്നതിനിടെ ട്വീറ്റുമായി ജെഎന്‍യു എബിവിപി. ബ്രിട്ടീഷുകാരും അവരുടെ പട്ടാളക്കാരും ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് എബിവിപി ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. വര്‍ഷങ്ങളായി ഇന്ത്യയെ അടിമകളാക്കിയ ബ്രിട്ടീഷ് നയം നടപ്പിലാക്കുന്ന ബിബിസി, വ്യാജ അജണ്ട ഉപയോഗിച്ച് ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച് ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിലാണ്.JNU abvp tweet against bbc documentary

ആരോഗ്യകരമായ ജനാധിപത്യത്തില്‍ പൂര്‍ണ്ണമായും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്. അനുചിതമായ ആ വിഷയം പുറത്തുനിന്നുള്ള ഏജന്‍സികള്‍ പ്രചരിപ്പിക്കുകയും അതില്‍ സര്‍വകലാശാലയുടെയും രാജ്യത്തിന്റെയും അന്തരീക്ഷം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അപലപനീയമാണ് എന്നും എബിവിപി ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.

ജെഎന്‍യു സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം കഴിഞ്ഞ് പിരിഞ്ഞു പോകുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറും സംഘര്‍ഷവുമുണ്ടായതോടെയാണ് പ്രതിഷേധം തുടങ്ങിയത്. കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കല്ലേറില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. കല്ലെറിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എസ് യു പ്രസിഡന്റ് ഐഷി ഘോഷ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു.

പ്രതിഷേധം തുടരുകയാണെങ്കിലും കല്ലെറിഞ്ഞ എബിവിപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ലെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനുമുന്നിലും എസ്എഫ്‌ഐ പ്രതിഷേധം തുടരുകയാണ്. കല്ലെറിഞ്ഞ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ തടഞ്ഞുവച്ചെങ്കിലും പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. നിലവില്‍ എസ്എഫ്‌ഐ നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാതിരിക്കാനായി 8.30 മുതല്‍ ജെഎന്‍യുവില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. യൂണിയന്‍ ഓഫിസിലേക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. രാത്രി 9 മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. എന്നാല്‍ പ്രദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൂട്ടമായി ഇരുന്ന് മൊബൈല്‍ ഫോണുകളിലും ലാപ് ടോപ്പുകളിലും ഡോക്യുമെന്ററി കണ്ടാണ് പ്രതിഷേധിച്ചത്. ഇതിന് ശേഷം വിദ്യാര്‍ത്ഥികള്‍ തിരികെ മടങ്ങുമ്പോഴായിരുന്നു കല്ലേറുണ്ടായത്. പ്രദര്‍ശനം നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി സെന്ററില്‍ മഫ്തിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.

Read Also: സർവകലാശാലയുടെ എതിർപ്പ് വകവയ്ക്കുന്നില്ല; ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ

കനത്ത പരിശോധനയ്ക്കുശേഷമായിരുന്നു സര്‍വകലാശാലയിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ കയറ്റിവിടുന്നത്. പ്രദര്‍ശനം നടത്തിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനായിരുന്നു. ഇവിടേയ്ക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

Story Highlights: JNU abvp tweet against bbc documentary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here