ഗുജറാത്ത് വിഷയം അടഞ്ഞ അധ്യായം, കേന്ദ്ര സർക്കാരിന്റെ ഡോക്യുമെന്ററി സെൻസർഷിപ്പിനോട് യോജിക്കാനാവില്ല; ശശി തരൂർ

ഗുജറാത്ത് വിഷയം അടഞ്ഞ അധ്യായമാണെന്നും എന്നാൽ കേന്ദ്ര സർക്കാരിന്റെ ഡോക്യുമെന്ററി സെൻസർഷിപ്പിനോട് യോജിക്കാനാവില്ലെന്നും ശശി തരൂർ എം.പി. 20 വർഷങ്ങൾക്ക് മുമ്പുള്ള സംഭവമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. സുപ്രിം കോടതി തന്നെ ഈ വിഷയത്തിൽ തീർപ്പ് കൽപ്പിച്ചിട്ടുള്ളതിനാൽ ഇതിനി വിവാദമാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ബിബിസി ഡോക്യുമെന്ററി പരമാധികാരത്തെ ബാധിക്കുന്നതാണെന്ന അനിൽ ആന്റണിയുടെ വാദത്തോട് യോജിപ്പില്ലെന്നും ശശി തരൂർ എം.പി വ്യക്തമാക്കി. ( Shashi Tharoor reacts to the BBC documentary ).
അത്ര ദുർബലമാണോ നമ്മുടെ പരമാധികാരം?. ജനാധിപത്യത്തിൻറെ ഭാഗമാണ് ആവിഷ്കാര സ്വാതന്ത്ര്യം. അതിനെ വേറെ രീതിയിൽ കാണാനാണ് ചിലർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകും. ഡോക്യുമെന്ററി കാണിക്കാൻ പാടില്ല എന്ന നിലപാടിനോട് യോജിപ്പില്ല. ജനങ്ങൾക്ക് അവരുടെ ഇഷ്ടം അനുസരിച്ച് കാണാനും വായിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കേന്ദ്രത്തിന്റെ വിലക്ക് അനാവശ്യമാണെന്നും വിലക്കിയിരുന്നില്ലെങ്കിൽ ആ ഡോക്യുമെന്ററി എത്ര പേർ കാണുമായിരുന്നുവെന്നും ശശി തരൂർ ചോദിച്ചു.
ബി.ബി.സി ഡോക്യുമെന്ററിയെ വിമർശിച്ച അനിൽ ആൻ്റണിയുടെ രാജി രാഷ്ട്രീയമായ അനിവാര്യതയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു. അനിൽ ആൻ്റണിയുടെ പ്രവർത്തനം എങ്ങിനെയുണ്ടായിരുന്നു എന്ന് അദ്ദേഹത്തെ നിയമിച്ചവരാണ് പറയേണ്ടത്. അദ്ദേഹത്തിന്റെ പ്രവർത്തന മികവിനെപ്പറ്റി പറയാൻ താനാളല്ല. അനിലിനെ നിയമിച്ചവർ അക്കാര്യം പരിശോധിക്കണം. സ്റ്റേറ്റ് എന്നു പറഞ്ഞാൽ മോദി അല്ലെന്നും മോദിക്ക് എതിരെയുള്ള വിമർശനം സ്റ്റേറ്റിനു എതിരെയുള്ള വിമർശനം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയിൽ കോൺഗ്രസ് നിലപാടിനെ തള്ളിയ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിക്കെതിരെ ഇന്നലെ തന്നെ ഷാഫി പറമ്പിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അനില്‍ ആന്റണിയുടെ നിലപാടിനെ പൂർണമായും തള്ളുകയായിരുന്നു ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണ്. ബിബിസി ഡോക്യുമെന്‍ററി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം വ്യക്തമാണ്. ഇതില്‍ ഒരു അഭിപ്രായഭിന്നതയുമില്ല. ഇത് സര്‍ക്കാരിനെ ഭയന്ന് മൗനത്തിലിരിക്കേണ്ട സമയമല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററിയെ വിമർശിച്ച അനിൽ ആന്റണി കോൺഗ്രസ് പദവികളിൽ നിന്നും രാജിവച്ചതിനോട് പ്രതികരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. താനൊരു കല്യാണം കൂടാൻ വന്നതാണ്. ഇപ്പോൾ ഇതിനെപ്പറ്റി സംസാരിക്കുന്നത് ഔചിത്യമല്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇല്ലെന്നും എ കെ ആന്റണി പറഞ്ഞു. എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്നു അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം രാജി വിവരം അറിയിച്ചത്.
രാജി വ്യക്തിപരമാണെന്നാണ് അനിൽ ആന്റണി ട്വന്റി ഫോറിനോട് പ്രതികരിച്ചത്. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് അസഹിഷ്ണുതയാണ്. പാർട്ടി അധപതിച്ചിരിക്കുകയാണ്. കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു ട്വീറ്റ് കാണുമ്പോൾ പോലും കോൺഗ്രസ് നേതാക്കൾക്ക് അസഹിഷ്ണുതയാണ്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ്. ശശി തരൂരിനെയും മുല്ലപ്പള്ളിയെയും പോലുള്ള സമുന്നതരായ നേതാക്കൾ ആവശ്യപ്പെത് കൊണ്ടാണ് പാർട്ടിയിൽ ഇതുവരെ തുടർന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് അനിൽ കെ. ആന്റണി ഇന്നലെ ട്വീറ്റിട്ടിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെയും ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്നായിരുന്നു അനിൽ കെ. ആന്റണി ട്വീറ്റ്.
കോൺഗ്രസ് നിലപാടിനെ തള്ളിയ അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഇന്നലെ രംഗത്തെത്തിയിരുന്നു. അനിൽ ആന്റണിയുടെ നിലപാടിനെ പൂർണമായും തള്ളുകയായിരുന്നു കെപിസിസി പ്രഡിഡന്റ് കെ. സുധാകരൻ.
Story Highlights: Shashi Tharoor reacts to the BBC documentary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here