കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ട്; പിന്നാലെ അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും വൻ നഷ്ടത്തിൽ

വിവാദങ്ങൾക്കിടെ ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇന്നലെയും ഇന്നുമായി കനത്ത ഇടിവാണ് നേരിടുന്നത്. ഗ്രൂപ്പ് ഓഹരികൾ 20 ശതമാനമാണ് ഇടിഞ്ഞത്. തുടർഓഹരി സമാഹരണം തുടങ്ങാനിരിക്കെയാണ് അദാനി ഗ്രൂപ്പ് വൻ ഇടിവ് നേരിടുന്നത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ആഭ്യന്തര വിപണിയിൽ സെൻസെക്സ് 600 പോയിന്റാണ് ഇടിഞ്ഞത്. 59,600 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയിലും 600 പോയിന്റ് ഇടിവുണ്ടായിട്ടുണ്ട്. (adani group shares suffered huge losses after Hindenburg report)
അദാനി ഗ്രൂപ്പ് വരുമാനം പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് വിപണിയിൽ കനത്ത തിരിച്ചടി നേരിടുന്നത്. രണ്ട് വർഷം നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ തങ്ങൾ കണ്ടെത്തിയ കാര്യങ്ങളാണ് റിപ്പോർട്ടായി നൽകിയിരിക്കുന്നത് എന്നായിരുന്നു ഹിൻഡൻബർഗിന്റെ വാദം. കണക്കുകൾ പെരുപ്പിച്ച് കാട്ടിയതിന് വിശദീകരണം നൽകാൻ 21 ചോദ്യങ്ങളും ഹിൻഡൻബർഗ് ഉയർത്തിക്കാട്ടിയിരുന്നു. ഇതിന് ഒന്നിന് പോലും അദാനി ഗ്രൂപ്പിന് വ്യക്തമായ മറുപടി നൽകാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഹിൻഡൻബർഗ് ട്വിറ്ററിലൂടെ ചൂണ്ടിക്കാണിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് തൊട്ടടുത്ത ദിവസങ്ങളിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇടിവ് തുടരുന്നത്. എന്നാൽ വ്യക്തമായ മറുപടി തയാറാക്കി വരികയാണെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഹിൻഡൻബർഗ്. ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ നാലാമത്തെ സമ്പന്നനാണ് ഗൗതം അദാനി. അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ എങ്ങനെയാണ് ഓഫ്‌ഷോർ എന്റിറ്റികളെ ഉപയോഗിച്ചതെന്ന് ജനുവരി 24 ൽ പുറത്തിറങ്ങിയ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ഗ്രൂപ്പിന് കടബാധ്യത വളരെയധികമുണ്ടെന്നും റിപ്പോർട്ട് ആരോപിച്ചിരുന്നു.
Story Highlights: adani group shares suffered huge losses after Hindenburg report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here