ചവറയില്‍ 21കാരന്‍ ആത്മഹത്യ ചെയ്ത സംഭവം; മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

കൊല്ലം ചവറിയില്‍ 21 കാരന്റെ ആത്മഹത്യയില്‍ മൃതദേഹവുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. ചവറ സ്വദേശി അശ്വന്തിന്റെ മൃതദേഹവുമായാണ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നത്. മകളെ ശല്യം ചെയ്‌തെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് അശ്വന്തിന്റെ ആത്മഹത്യ. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി അശ്വന്തിന്റെ കുടുംബം ആരോപിച്ചു.
മകളെ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന പൊലീസ് ഉദ്യോഗസ്ഥനായ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് അശ്വന്തിനെ ചവറ പൊലീസില്‍ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിപ്പിച്ചത്. അശ്വന്തില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്ന സമയത്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം ലഭിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം അശ്വന്തിനെ ചവറ പൊലീസ് വിട്ടയച്ചു. വീട്ടിലെത്തിയ ശേഷം അശ്വന്ത് ആരോടും സംസാരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് രാവിലെ 7ന് അശ്വത്തിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
Read Also: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ
പെണ്‍കുട്ടിയുടെ പിതാവ് 1 വര്‍ഷം മുന്‍പ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അശ്വന്തിന്റെ മാതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി അശ്വന്തിന്റെ സഹോദരനും ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും തെറ്റ് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്ക് എതിരെ മാതൃകാപരമായ നടപടി ഉണ്ടാകുമെന്നും ചവറ എം എല്‍ എ സുജിത്ത് വിജയന്‍ പിള്ള പറഞ്ഞു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ വിളിപ്പിച്ച് കാര്യം തിരക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Story Highlights: Relatives protest in front of police station with aswanth’s dead body