Advertisement

പിടിച്ചുലച്ച് വിപണി; ഓഹരി നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം

January 28, 2023
Google News 3 minutes Read
Adani Group companies lost 4.17 lakh crore in two days

അദാനി ഗ്രൂപ്പിനെതിരായ അമേരിക്കന്‍ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ ഓഹരിവിപണിയെ പിടിച്ചുലച്ചു. തുടര്‍ച്ചയായ രണ്ട് വ്യാപാരദിനങ്ങളില്‍ ഓഹരിനിക്ഷേപകര്‍ക്ക് പതിനൊന്ന് ലക്ഷം കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വന്നു. വിപണിയിലെ തകര്‍ച്ച ഇന്നലെ തുടങ്ങിയ അധിക ഓഹരിവില്‍പ്പനയെയും ബാധിച്ചു.Adani Group companies lost 4.17 lakh crore in two days

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തില്‍ രണ്ട് ദിവസത്തിനിടയിലെ നഷ്ടം 4.17 ലക്ഷം കോടി രൂപയായി. ഇന്നലെ മാത്രം അദാനി ടോട്ടല്‍ ഗ്യാസിന്റെയും അദാനി ഗ്രീന്‍ എനര്‍ജിയുടെയും ഓഹരിവില 20% വീതവും അദാനി ട്രാന്‍സ്മിഷന്റേത് 19.99 ശതമാനവും ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസിന്റെ ഇടിവ് 18.52 ശതമാനമാണ്.

ഫോബ്‌സ് പട്ടികയില്‍ ലോകത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഒറ്റദിവസം കൊണ്ട് ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആസ്തിമൂല്യം 9660 കോടി ഡോളറായി (ഏകദേശം 7.87 ലക്ഷം കോടി രൂപ) കുറഞ്ഞു. എല്‍ഐസിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപത്തിന്റെ മൂല്യം 81,268 കോടി രൂപയില്‍നിന്ന് 62,621 കോടിയായി. ബാങ്കിങ് ഓഹരികളും ഇടിയുന്നത് അദാനി ഗ്രൂപ്പ് ഓഹരിമൂല്യം പെരുപ്പിച്ച് കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതുടര്‍ന്നാണെന്ന് കരുതുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെക്കുറിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം ആരംഭിച്ചേക്കുമെന്നു സൂചനയുണ്ട്. അദാനി കമ്പനികളുടെ ഓഹരിമൂല്യം 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം.

Read Also: ഈ 5 സാമ്പത്തിക തെറ്റുകൾ ആവർത്തിക്കാറുണ്ടോ ? തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അസത്യമാണെന്നും അധികഓഹരിവില്‍പന അട്ടിമറിക്കാനാണ് നീക്കമെന്നുമാണ് അദാനിഗ്രൂപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഓഹരിവിപണിയിലെ തകര്‍ച്ച ഇന്നലെ ആരംഭിച്ച അധിക ഓഹരി വില്‍പ്പനയെയും ബാധിച്ചു. ആദ്യദിവസം 1% അപേക്ഷകളാണു ലഭിച്ചത്. ഇതിനിടെ അദാനിക്കെതിരായ റിപ്പോര്‍ട്ടില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയനേതൃത്വം രംഗത്തെത്തി.

Story Highlights: Adani Group companies lost 4.17 lakh crore in two days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here