പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല

പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കാനുള്ള നീക്കം ഉപേക്ഷിച്ചു. സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിൻ്റേതാണ് തീരുമാനം. ആരും കാണാത്ത തവളയെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയാണ് അഭിപ്രായപ്പെട്ടത്. നേരത്തെ, ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് പാതാള തവളയെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്.
പാതാളത്തവളയുടെ ശാസ്ത്രീയനാമം ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ്. ‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന ഇവയ്ക്ക് പാതാളത്തവള, പന്നിമൂക്കൻ തവള, മാവേലിത്തവള എന്നിങ്ങനെയും പേരുകളുണ്ട്. മിക്കപ്പോഴും ഭൂമിക്കടിയിലാണ് ഇവ കഴിയുന്നത്. വർഷത്തിൽ ഒരിക്കൽ പ്രജനനത്തിനായി മാത്രമാണ് ഇവ പുറത്തേക്കുവരുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ചുവപ്പുപട്ടികപ്രകാരം വംശനാശഭീഷണി നേരിടുകയാണ് പാതാളത്തവള. പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ 2019 ലാണ് വനംവകുപ്പ് ശുപാർശ നൽകിയിരുന്നത്.
പരിണാമപരമായി പ്രത്യേകതയുള്ളവയാണ് പാതാളത്തവളകൾ. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെൽസിൽമാത്രം കാണപ്പെടുന്ന ‘സൂഗ്ലോസിഡോ’ എന്ന കുടുംബത്തിലെ തവളകളുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു. ഇരിഞ്ഞാലക്കുട സെയ്‌ന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകൻ ഡോ. സന്ദീപ് ദാസാണ് പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസയും ഒപ്പമുണ്ടായിരുന്നു.
Story Highlights: purple frog official decision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here