നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ്

ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. ഇതാദ്യമായാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നു കാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു.
തകരാറിലായ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കേണ്ടതും എന്നാല്‍ പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാന്‍ സാധിക്കാത്തവരിലാണ് ടാവി ചെയ്യുന്നത്. അയോര്‍ട്ടിക് സ്റ്റിനോസിസ് ഉള്ളപ്പോഴും വളരെ ചുരുക്കമായി അയോര്‍ട്ടിക് വാല്‍വിന് ചോര്‍ച്ച വരുന്ന അവസ്ഥയിലുമാണ് ടാവി ചെയ്യാറുള്ളത്. ടാവിക്ക് സാധാരണ വാല്‍വ് മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയുമായി വ്യത്യാസങ്ങളുണ്ട്. പ്രായം കൂടിയവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവര്‍ എന്നിവരില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള രോഗികള്‍ക്ക് ഗുണകരമാണ് ടാവി.
രോഗിയെ ബോധം കെടുത്തുന്നില്ല, വലിയ മുറിവ് ഉണ്ടാകുന്നില്ല, രക്തനഷ്ടം കുറവാണ് എന്നിവ ടാവിയുടെ പ്രത്യേകതയാണ്. കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കും. 13 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഏകദേശം 11 ലക്ഷം രൂപയ്ക്ക് പൂര്‍ത്തീകരിക്കാനായി.
Story Highlights: Kottayam Medical College successfully performed advanced heart surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here