അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ല, മോദി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയം; എ.പി.അബ്ദുള്ളക്കുട്ടി

അള്ളാഹുവിന്റെ വിളി ഉള്ളവര്‍ മാത്രം ഹജ്ജിന് പോയാല്‍ മതിയെന്നും അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ലെന്നുമാണ് പ്രധാനമന്ത്രിയുടെ സന്ദേശമെന്നും ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. (ap abdullakutty praises narendra modi on new hajj policy)
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഹജ്ജ് നയം സംബന്ധിച്ചാണ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. പുതിയ ഹജ്ജ് നയത്തില്‍ വിഐപി ക്വാട്ട നിര്‍ത്തലാക്കിയിരുന്നു.മോദി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
കഴിഞ്ഞ തവണ ക്രമക്കേട് നടന്ന സാഹചര്യത്തിലാണ് ഇത്തവണ ബാഗ്, കുട തുടങ്ങിയ വസ്തുക്കള്‍ ഹജ്ജ് കമ്മിറ്റി വാങ്ങി നല്‍കേണ്ടതില്ലെന്ന തീരുമാനം താന്‍ എടുത്തത്. എല്ലാം സുതാര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാരുമായും മത പണ്ഡിതരന്‍മാരുമായും താനും മന്ത്രി സ്മൃതി ഇറാനിയും ചര്‍ച്ച നടത്തിയിരുന്നു. അവരുടെ അഭിപ്രായങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ ഹജ്ജ് നയമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
‘അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ലാത്തത് കൊണ്ടാണ് ആ ക്വാട്ട വേണ്ടെന്ന് വെച്ചത്. വിഐപി ക്വാട്ട ഉണ്ടായിരുന്നപ്പോള്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ 50 ആയിരുന്നു കഴിഞ്ഞ തവണ എന്റെ ക്വാട്ട. ബന്ധുക്കളും മറ്റുമായി 5000 പേരെങ്കിലും എന്നെ ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ക്വാട്ടയില്‍ നിന്ന് ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചു. 25 പോയിട്ട് ഒന്ന് പോലും തരില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ക്വാട്ടയിലുള്ളത് വെയ്റ്റിങ്‌ലിസ്റ്റിലുള്ളവരുടെ ജനറല്‍ പൂളില്‍ കൊടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് മോദി അന്ന് ഞങ്ങളെ പഠിപ്പിപ്പത്. എത്ര ദീനിയായ പ്രവര്‍ത്തനമാണിത്’ അബ്ദുള്ളക്കുട്ടി പറഞ്ഞു.
Story Highlights: ap abdullakutty praises narendra modi on new hajj policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here