കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ്; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറും, കുഞ്ഞിനെ ലഭിച്ച അനൂപും കളമശേരി മെഡിക്കൽ കോളജിൽ കൂടിക്കാഴ്ച്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അതിനിടെ കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചു. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ.നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലുള്ള പെൺകുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ( kalamassery medical college controversy cctv visuals )
കളമശേരി മെഡിക്കൽ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.അനിൽകുമാറും, അനിലും കൂടിക്കാഴ്ച്ച നടത്തിയത് വ്യാജ ജനന സർട്ടിഫിക്കറ്റിനായി അനൂപ് അപേക്ഷ സമർപ്പിച്ച ജനുവരി 31ന്. അനൂപ് എന്തോ രേഖകൾ കൈമാറുന്നതും, അനിൽകുമാർ ഓഫീസിനകത്തേക്ക് കയറി പോകുന്നതുമാണ് സി സി ടി വി ദൃശ്യങ്ങളിലുള്ളത്.
വ്യാജ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാനാണ് അനൂപ് എത്തിയതെന്ന് വ്യക്തം.അതേസമയം കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കൃത്യമായി തിരിച്ചറിയാൻ അന്വേഷണ സംഘത്തിനായി. ഇവർ പത്തനംതിട്ട ജില്ലയിലുള്ളവരാണെന്നാണ് വിവരം. ഇവരെ രണ്ട് പേരേയും ബന്ധപ്പെടാൻ പൊലീസിനായിട്ടില്ല.
അതിനിടെ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച പ്രധാന പ്രതി അനിൽകുമാർ എറണാകുളം ജില്ല വിട്ടതായാണ് സൂചന.ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അതിനിടെ കുഞ്ഞിലെ നിയമപരമായുള്ള നടപടിക്രമങ്ങൾ ചൈൽഡ് വെൽഫെയർ കമ്മറ്റി തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ കുഞ്ഞിനെ ലഭിച്ച കാര്യം ചൂണ്ടിക്കാട്ടി പത്രപരസ്യം നൽകും.30 ദിവസത്തിനകം ആരും എത്തിയില്ലെങ്കിൽ നിയമപരമായി ദത്ത് നൽകും.
Story Highlights: kalamassery medical college controversy cctv visuals