Advertisement

കണ്ഠീരവയിൽ പരാജയം; പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം

February 11, 2023
Google News 2 minutes Read
kerala blasters lost bengaluru

ആവേശകരമായ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയോട് ഒരു ഗോളിന് പൊരുതിവീണു. കളിമികവിലും പന്തടക്കത്തിലും മുന്നില്‍നിന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി ഒഴിവാക്കാനായില്ല. ആദ്യപകുതിയില്‍ റോയ് കൃഷ്ണ നേടിയ ഗോളിലായിരുന്നു ബംഗളൂരുവിന്റെ ജയം. രണ്ട് കളി ശേഷിക്കെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ 31 പോയിന്റുമായി മൂന്നാംസ്ഥാനത്ത് തുടരുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. ബംഗളൂരിനെതിരെ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് ഉറപ്പാക്കാമായിരുന്നു. (kerala blasters lost bengaluru)

ചെന്നെയിന്‍ എഫ്‌സിക്കെതിരെ തകര്‍പ്പന്‍ ജയംകുറിച്ച ടീമില്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് മാറ്റങ്ങള്‍ വരുത്തിയില്ല. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്‌സുഖന്‍ സിങ് ഗില്‍. പ്രതിരോധത്തില്‍ നിഷു കുമാര്‍, ഹോര്‍മിപാം, ജെസെല്‍ കര്‍ണെയ്‌റോ, വിക്ടര്‍ മോന്‍ഗില്‍. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, കെ പി രാഹുല്‍, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിങ് എന്നിവര്‍ തുടര്‍ന്നു. മുന്നേറ്റത്തില്‍ ഇവാന്‍ കലിയുഷ്‌നിയും ദിമിത്രിയോസ് ഡയമന്റാകോസും. ബംഗളൂരു ഗോള്‍വലയ്ക്ക് മുന്നില്‍ ഗുര്‍പ്രീത് സിങ് സന്ധു. പരാഗ് ശ്രീവാസ്, അലന്‍ കോസ്റ്റ, സന്ദേശ് ജിങ്കന്‍. മധ്യനിരയില്‍ പര്‍ബീര്‍ ദാസ്, റോഷന്‍ നവോറെം, രോഹിത് കുമാര്‍, ബ്രൂണോ സില്‍വ, ഹാവിയര്‍ ഹെര്‍ാണ്ടസ്. മുന്നേറ്റത്തില്‍ റോയ് കൃഷ്ണയും ശിവനാരായണനും.

Read Also: ജയിച്ചാൽ പ്ലേ ഓഫ്; കേരള ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത് ബംഗളുരു പരീക്ഷണം

പന്തില്‍ നിയന്ത്രണം പിടിച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. പതിനഞ്ചാം മിനിറ്റില്‍ ഒന്നാന്തരം അവസരം കിട്ടിയെങ്കിലും ഡയമന്റാകോസിന് ലക്ഷ്യം കാണാനായില്ല. ഇടതുവശത്ത് ക്യാപ്റ്റന്‍ ജെസെല്‍ തൊടുത്ത മികച്ച ക്രോസ് രണ്ട് പ്രതിരോധക്കാര്‍ക്കിടയില്‍വച്ച് ഡയമന്റാകോസിന് കിട്ടി. പക്ഷേ, അടി പുറത്തേക്കായി. മറുവശത്ത് പ്രത്യാക്രമണങ്ങളുമായി ബംഗളൂരു കളംപിടിക്കാന്‍ ശ്രമിച്ചു. ഒരു തവണ വിക്ടര്‍ മോന്‍ഗിലിന്റെ കരുത്തുറ്റ ശ്രമമാണ് ബംഗളൂരുവിനെ തടഞ്ഞത്. 25ാം മിനിറ്റില്‍ ലൂണയുടെ അടി നേരെ സന്ധുവിന്റെ കൈകളിലേക്കായി. 32ാം മിനിറ്റില്‍ കളിഗതിക്കെതിരായ ബംഗളൂരു ലീഡ് നേടി. വലതുപാര്‍ശ്വത്തിലൂടെ മുന്നേറിയ റോയ് കൃഷ്ണയെ തടയാന്‍ ഹോര്‍മിപാം ആവുംവിധം ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ബോക്‌സില്‍ കയറിയ റോയ്കൃഷ്ണ ഗില്ലിനെ കീഴടക്കി. ഹാവിയര്‍ ഹെര്‍ണ്ടാസാണ് അവസരമൊരുക്കിയത്. 36ാം മിനിറ്റില്‍ സഹലിന്റെ കനത്ത അടി പര്‍ബീര്‍ തടഞ്ഞു. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് കനത്ത പോരാട്ടമാണ് കാഴ്ചവച്ചത്. എങ്കിലും ബംഗളൂരു പ്രതിരോധത്തെ മറികടക്കാനായില്ല.

രണ്ടാംപകുതിയുടെ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ചുകളിച്ചു. ലൂണയുടെയും രാഹുലിന്റെയും ക്രോസുകള്‍ ബംഗളൂരു ഗോള്‍മുഖത്തേക്ക് പറന്നിറങ്ങിയെങ്കിലും പ്രതിരോധം വിട്ടില്ല. 58ാം മിനിറ്റില്‍ കലിയുഷ്‌നിയുടെ പാസ് പിടിച്ചെടുത്ത് സഹല്‍ അടിപായിച്ചെങ്കിലും ജിങ്കന്റെ ദേഹത്തുതട്ടി സന്ധുവിന്റെ കൈയിലൊതുങ്ങി. 61ാം മിനിറ്റില്‍ റോഷന്റെ ഷോട്ട് ഗില്‍ കുത്തിയകറ്റി. ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷങ്ങളില്‍ നിരന്തരം മുന്നേറിയെങ്കിലും അലന്‍ കോസ്റ്റയുടെ നേതൃത്വത്തിലുള്ള ബംഗളൂരു പ്രതിരോധം പിടിച്ചുനിന്നു. 73ാം മിനിറ്റില്‍ രാഹുലിന് പകരം െ്രെബസ് മിറാന്‍ഡയെത്തി. 77ാം മിനിറ്റില്‍ ലൂണയുടെ ക്രോസ് ജിങ്കന്‍ കുത്തിയകറ്റി. ബ്ലാസ്‌റ്റേഴ്‌സ് ഹാന്‍ഡ്‌ബോളിന് വാദിച്ചെങ്കിലും റഫറി അവഗണിച്ചു.

82ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. നിഷു കുമാര്‍, സഹല്‍, കലിയുഷ്‌നി എന്നിവര്‍ക്ക് പകരം ഡാനിഷ് ഫാറൂവ്, സൗരവ് മണ്ഡല്‍, അപോസ്തലോസ് ജിയാനു എന്നിവര്‍ കളത്തിലെത്തി. അവസാന നിമിഷങ്ങളില്‍ ലൂണയ്ക്ക് കിട്ടിയ ഫ്രീകിക്ക് ലക്ഷ്യം കണ്ടില്ല. പിന്നാലെ ജെസെലിന് പകരം ബിദ്യാസാഗര്‍ എത്തി. 91ാം മിനിറ്റില്‍ പെരെസിന്റെ ഷോട്ട് ഗില്‍ തട്ടിയകറ്റുകയായിരുന്നു. കളി അവസാന നിമിഷങ്ങളിലേക്ക് കടന്നു. തിരിച്ചടിക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ജയത്തോടെ ബംഗളൂരു പ്ലേ ഓഫ് സാധ്യത സജീവമാക്കി.

ഫെബ്രുവരി 18ന് എടികെ മോഹന്‍ ബഗാനുമായാണ് ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത കളി. കൊല്‍ക്കത്തയാണ് വേദി.

Story Highlights: kerala blasters lost bengaluru isl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here