ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം നൽകാൻ 50 കോടി വേണമെന്ന് കെഎസ്ആർടിസി
ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം നൽകാൻ 50 കോടി വേണമെന്ന് കെഎസ്ആർടിസി. 2022 ജനുവരിക്ക് ശേഷം വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 50 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്. 1001 പേരിൽ 23 പേർക്ക് മാത്രമേ ഇതുവരെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുള്ളൂ. ഇനിയും 978 പേർക്കാണ് ആനുകൂല്യങ്ങൾ നൽകാനുള്ളത്. ( KSRTC needs 50 crores to provide retirement benefits to employees ).
ഫണ്ടിനായി സർക്കാരിന് അപേക്ഷ നൽകിയെങ്കിലും അനുകൂല മറുപടി ഉണ്ടായില്ല. വിരമിക്കൽ ആനുകൂല്യം നൽകാനായി വരുമാനത്തിന്റെ 10% നേരത്തെ മാറ്റി വെക്കാറുണ്ട്. കൊവിഡിന് ശേഷം ഇതിന് സാധിച്ചിട്ടില്ലെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നു.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ രൂക്ഷമായ പ്രതികരണവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടണം. അങ്ങനെ ചെയ്താൽ യാത്രക്കാർ മറ്റ് വഴി കണ്ടെത്തിക്കോളുമെന്നും അല്ലാത്തപക്ഷം, ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Read Also: ശമ്പളം വരുമാനത്തിനനുസരിച്ച് മാത്രം; കെഎസ്ആർടിസി ഹൈക്കോടതിയിൽ
ബുധനാഴ്ച ശമ്പളം നൽകാമെന്ന് മാനേജ്മെന്റ് കോടതിയെ അറിയിച്ചു. പത്താം തീയതിയായിട്ടും ശമ്പളം നൽകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വരുമാനം വർധിപ്പിക്കാനുള്ള മാനേജ്മെന്റിന്റെ ഒരു നടപടിയും സ്റ്റേ ചെയ്യില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് ആണ് വിഷയം പരിഗണിച്ചത്.
കെഎസ്ആർടിസിക്ക് 131 കോടി രൂപ സഹായം നൽകുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. കെഎസ്ആർടിസി വാഹനങ്ങളുടെ നവീകരണത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 75 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 50 കോടി രൂപയായിരുന്ന തുകയാണ് 75 കോടി രൂപയാക്കി വർധിപ്പിച്ചിരിക്കുന്നത്.
കെഎസ്ആർടിസിയുടെ അടിസ്ഥാന സൗകര്യ വികസനം, വർക്ക്‌ഷോപ്പ് ഡിപ്പോകളുടെ നവീകരണം എന്നിവയ്ക്കായി 30 കോടി രൂപയും കമ്പ്യൂട്ടർവത്ക്കരണത്തിനായി 20 കോടി രൂപയും വകയിരുത്തിയെന്നാണ് പ്രഖ്യാപനം. ചെലവ് കുറഞ്ഞ നിർമാണ മാർഗങ്ങൾ ഉപയോഗിച്ച് ബസ് സ്‌റ്റേഷൻ മന്ദിരങ്ങൾ നിർമിക്കുന്നതിനായി 20 കോടി രൂപ അധികമായി അനുവദിക്കും. ഇ- മൊബിലിറ്റി പ്രചാരണ പ്രവർത്തനങ്ങൾക്കായി 15.55 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Story Highlights: KSRTC needs 50 crores to provide retirement benefits to employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here