ജസ്‌ന തിരോധാന കേസ് നിർണായക വഴിത്തിരിവ്; മോഷണക്കേസ് പ്രതിക്ക് തിരോധാനത്തെകുറിച്ച് അറിവ്

കാഞ്ഞിരപ്പള്ളിയിലെ വിദ്യാർഥിനി ജസ്നയുടെ തിരോധാനക്കേസിൽ നിർണ്ണായക വഴിത്തിരിവായി മൊഴി. മോഷണക്കേസ് പ്രതിയായിരുന്ന പത്തനംതിട്ട സ്വദേശിയായ യുവാവിന് ജസ്നയുടെ തിരോധാനത്തെകുറിച്ച് അറിവുണ്ടെന്നാണ് സി.ബി.ഐക്ക് മൊഴി ലഭിച്ചത്. ഈ യുവാവിനൊപ്പം ജയിലിൽ കഴിഞ്ഞ മറ്റൊരു പ്രതിയുടേതാണ് വെളിപ്പെടുത്തൽ. പത്തനംതിട്ട സ്വദേശിയായ യുവാവിനായി സിബിഐ അന്വേഷണം ആരംഭിച്ചു. Jesna disappearance case takes a critical turn
അഞ്ചു വർഷങ്ങൾക്കു മുൻപ് എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയ ജസ്‌ന മരിയ ജയിംസ് എവിടെയെന്നതിൽ വർഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്‌ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ഇതിനിടയിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്. നാല് മാസങ്ങൾക്ക് മുൻപ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സി.ബി.ഐക്ക് എത്തിയ ഫോൺ കോളിൽ പോക്സോ കേസിൽ പ്രതിയായ കൊല്ലം ജില്ലക്കാരന് ജസ്ന കേസിനേക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സി.ബി.ഐ ഉദ്യോഗസ്ഥർ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. ഈ യുവാവ് രണ്ട് വർഷം മുൻപ് മറ്റൊരു കേസിൽ പ്രതിയായി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലിൽ കൂടെക്കഴിഞ്ഞിരുന്നത്.
Read Also: ജസ്‌ന തിരോധാനക്കേസ് സിബിഐ ഏറ്റെടുത്തു; ജസ്‌നയെ തട്ടിക്കൊണ്ടുപോയെന്ന വിലയിരുത്തലില്‍ സിബിഐ
ജസ്നയ്ക്ക് എന്ത് സംഭവിച്ചൂവെന്ന് തനിക്ക് അറിയാമെന്ന് പത്തനംത്തിട്ട സ്വദേശിയായ യുവാവ് പറഞ്ഞിരുന്നൂവെന്നായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ ഇയാൾ പറഞ്ഞ വിവരങ്ങൾ സിബിഐ അന്വേഷിച്ചു. ഇങ്ങനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും മൊഴി നൽകിയ പ്രതിക്കൊപ്പവുമായിരുന്നു ജയിൽവാസമെന്നും പത്തനംതിട്ടയിലെ മേൽവിലാസം ശരിയാണെന്നും സിബിഐ സംഘം സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശിയായ യുവാവ് ഒളിവിലാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഒരു തുമ്പുമില്ലാത്ത കേസിൽ വീണു കിട്ടിയ മൊഴിയിൽ പരമാവധി അന്വേഷണം നടത്താനാണ് സി.ബി.ഐ തീരുമാനം. 2018 മാർച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജസ്‌നയെ കാണാതാകുന്നത്.
Story Highlights: Jesna disappearance case takes a critical turn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here