Advertisement

ഹൈദരാബാദ് പ്രതിരോധം തകർക്കാനാവാതെ ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫിൽ എതിരാളികൾ ബെംഗളൂരു

February 26, 2023
Google News 2 minutes Read
kerala blasters lost hyderabad

തുടർച്ചയായ ആറ് ജയങ്ങൾക്കുശേഷം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി. ഐഎസ്എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയോട് ഒരു ഗോളിനാണ് തോറ്റത്. നിലവിലെ ചാമ്പ്യൻമാർക്കായി ബോർഹ ഹെരേരയാണ് വിജയഗോൾ നേടിയത്. 20 കളിയിൽ 31 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്സിന് ബംഗളൂരു എഫ്സിയുമായാണ് പ്ലേ ഓഫ് പോരാട്ടം. മാർച്ച് മൂന്നിന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കളി. (kerala blasters lost hyderabad)

ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തോടെയായിരുന്നു കളിയുടെ തുടക്കം. ഇടതുവശം കേന്ദ്രീകരിച്ച് ജെസെലും ബ്രൈസും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾക്ക് കരുത്തേകി. കളിയുടെ പതിമൂന്നാം മിനിറ്റിൽ വിബിൻ മോഹനന്റെ ലോങ് റേഞ്ചർ ക്രോസ് ബാറിന് അരികിലൂടെ പറന്നു. ഇതിനിടെ ഹൈദരാബാദിന്റെ ഒരു ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ തടയാൻ ഹൈദരാബാദ് പരുക്കൻ അടവുകൾ പുറത്തെടുത്തതോടെ കളിയൊഴുക്ക് തടസപ്പെട്ടു. ലൂണയ്ക്ക് കിട്ടിയ ഫ്രീകിക്ക് ഗുർമീത് പിടിച്ചെടുത്തു.

Read Also: മഞ്ഞക്കടലിരമ്പത്തിന് ഒരുങ്ങി കൊച്ചി; സീസണിലെ അവസാന ലീഗ് മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും

29ാം മിനിറ്റിൽ ഹൈദരാബാദ് മുന്നിലെത്തി. ബോർഹ ഹെരേരയുടെ ഗോളിലാണ് നിലവിലെ ചാമ്പ്യൻമാർ ലീഡ് നേടിയത്. മധ്യവരയ്ക്കിപ്പുറത്ത് നിന്ന് മുഹമ്മദ് യാസിർ നടത്തിയ ഒറ്റയാൻ നീക്കമാണ് ഗോളിലേക്കെത്തിയത്. ഇടതുഭാഗത്ത് ഹാളീചരൺ നർസാറി ഹെരേരയെ ലക്ഷ്യമാക്കി പന്ത് നൽകി. ബ്ലാസ്റ്റേഴ്സിന് അപകടമൊഴിവാക്കാനായില്ല. 35ാം മിനിറ്റിൽ ഹൈദരാബാദിന്റെ മറ്റൊരു നീക്കം വലയിലെത്തി. എന്നാൽ അവർക്ക് അധികം ആഘോഷിക്കാനായില്ല. ലക്ഷ്യം കണ്ട ജോയെൽ ചിയാനെസെ ഓഫ് സൈഡായിരുന്നു. റഫറി ഓഫ് സൈഡ് വിധിച്ചു.

ഒരു ഗോളിന് പിന്നിലായെങ്കിലും ബ്ലാസ്റ്റേഴ്സ് തളർന്നില്ല. നിരന്തരം അവർ ഹൈദരാബാദ് ബോക്സിൽ ചലനമുണ്ടാക്കി. ഇതിനിടെ സഹലിന് കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. 41ാം മിനിറ്റിൽ ലൂണയുടെ മനോഹരമായ ക്രോസ് ബോക്സിലേക്ക് കയറിയെങ്കിലും പ്രതിരോധം തടഞ്ഞു. ഒരു ഗോൾ കടവുമായി ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയിൽ കൃത്യമായ നീക്കങ്ങൾ നടത്തിയെങ്കിലും ഹൈദരാബാദ് പ്രതിരോധത്തെ മറികടക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. 62ാം മിനിറ്റിൽ മൂന്ന് മാറ്റങ്ങൾ വരുത്തി. കലിയുഷ്നിക്ക് പകരം അപോസ്തലോസ് ജിയാനുവും ബ്രൈസിന് പകരം ഡാനിഷ് ഫാറൂഖും ആയുഷിന് പകരം നിഷു കുമാറും കളത്തിലെത്തി. തുടർന്ന് നല്ല നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് ഗോൾ മുഖത്തേക്കെത്തി. ഇതിനിടെ ബോക്സിനരികെവച്ച് ലൂണ തൊടുത്ത ഫ്രീകിക്ക് പുറത്തുപോയി. ഡാനിഷിന്റെ ഷോട്ടും ബാറിന് മുകളിലൂടെ പറന്നു. ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. 75ാം മിനിറ്റിൽ സഹലിന് പകരം നിഹാൽ നിധീഷ് കളത്തിലെത്തി. അവസാന നിമിഷങ്ങളിൽ തകർപ്പൻ കളിയാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. 87ാം മിനിറ്റിൽ കളിയിലെ അവസാന മാറ്റംവരുത്തി. ഹോർമിപാമിന് പകരം വി ബിജോയ് എത്തി. പൊരുതിക്കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കാനായില്ല. കൊച്ചിയിൽ ഏഴ് കളി ജയിച്ചപ്പോൾ മൂന്നിൽ തോറ്റു.

Story Highlights: kerala blasters lost hyderabad fc isl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here