‘പണം തന്നില്ലെങ്കിൽ പൊലീസുകാരെക്കൊണ്ട് പിടിപ്പിക്കും’; മണൽ കടത്തുകാരോട് സംഭാവന ആവശ്യപ്പെട്ട് സിപിഐഎം നേതാവ്

സിപിഐഎമ്മിൻ്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടി മണൽ കടത്തുകാരനോട് പണം ആവശ്യപ്പെട്ട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. കോഴഞ്ചേരി, കുറിയന്നൂർ പള്ളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണാണ് മണൽ കടത്തുകാരനോട് പതിനയ്യായിരം രൂപ വേണമെന്ന് ആവശ്യപ്പെടുന്നത്. പണം നൽകിയില്ലെങ്കിൽ പൊലീസിനെക്കൊണ്ട് മണൽ കടത്ത് പിടിപ്പിക്കുമെന്നും അരുൺ ഭീഷണിപ്പെടുത്തുന്നുണ്ട്. മണൽ കടത്തുകാരനുമായുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണം ട്വൻ്റിഫോറിനു ലഭിച്ചു. (cpim sand trafficking donation)
സിപിഐഎമ്മിനുള്ളിൽ തെറ്റുതിരുത്തൽ രേഖ ചർച്ചയാവുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണ് നിയമവിരുദ്ധമായി പമ്പാനദിയിൽ നിന്ന് മണൽ കള്ളക്കടത്ത് നടത്തുന്ന ആളോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സംസ്ഥാന സെക്രട്ടറിയുടെ ജാഥക്കായി പണം ചോദിച്ചത്. പതിനയ്യായിരം രൂപ തന്നില്ല എങ്കിൽ മണൽകടത്ത് പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും പണം നൽകിയാൽ എത്ര മണൽ വേണമെങ്കിലും വാരി കൊള്ളാനും കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറിയായ അരുൺ മണൽ കടത്തുകാരനോട് പറയുന്നു. മൂവായിരം രൂപ നൽകാമെന്ന് മണൽ കടത്തുകാരൻ പറയുമ്പോൾ അത് പോരാ എന്നും പതിനയ്യായിരം രൂപ നൽകണമെന്നും വീണ്ടും ഭീഷണിപ്പെടുത്തുന്നുണ്ട്. പാർട്ടിയെ സഹായിച്ചാൽ നിങ്ങളെ ഞങ്ങൾ സഹായിക്കും. പാർട്ടിയെ സഹായിച്ചാൽ നിങ്ങക്ക് നിങ്ങടെ രീതി ചെയ്യാം എന്നും അരുൺ പറയുന്നു.
Read Also: സമ്മേളനാനന്തരം സിപിഐയിൽ സംഭവിക്കുന്നത്; കടുംവെട്ട് തുടർന്ന് കാനം, ഇ. ചന്ദ്രശേഖരന്റെ തിരുത്ത്
മണൽ കടത്തുകാരനുമായുള്ള സംഭാഷണം ട്വൻ്റിഫോർ പുറത്തുവിട്ടതോടെ ഫോൺ സംഭാഷണത്തിലുള്ളത് തൻ്റെ ശബ്ദമാണെന്നും എഡിറ്റിംഗ് നടന്നിട്ടുണ്ടാകാം എന്നുമായിരുന്നു അരുണിൻ്റെ വിശദീകരണം. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം തയ്യാറായിട്ടുമില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ഇ.ഡിയെയും പേടിയില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ജാഥയിൽ വരുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചിരുന്നു. എന്നാൽ ഇ.പി ജയരാജൻ ജാഥയിൽ എപ്പോഴാണ് വരുന്നതെന്ന് പറയാനാകില്ല. ജാഥയിൽ ഒരു ഘട്ടത്തിൽ ഇപിയും അണിചേരും. ഇ.പി വരാത്തത് മാധ്യങ്ങൾക്ക് മാത്രമാണ് വാർത്തയെന്നും തങ്ങൾക്ക് അത് ഒരു പ്രശ്നമല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
Story Highlights: cpim sand trafficking threatens donation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here