Advertisement

ത്രിപുരയിലെ കിംഗ് മേക്കര്‍ ‘തിപ്രമോത’

March 2, 2023
Google News 4 minutes Read
tipra motha the king maker of tripura assembly election 2023

നിര്‍ണായകമായ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ സംസ്ഥാനത്തെ കിംഗ് മേക്കറാണ് തിപ്രമോത പാര്‍ട്ടിയും അതിന്റെ തലവനും. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് തിപ്രമോത മത്സരിച്ചത് 42 സീറ്റുകളിലാണ്. തദ്ദേശീയ സമുദായങ്ങള്‍ക്കായി ഗ്രേറ്റര്‍ ടിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ ഒരു പാര്‍ട്ടിയും പിന്തുണയ്ക്കാതിരുന്നതോടെയാണ് ഒറ്റയ്ക്കുള്ള പോരാട്ടത്തിന് തിപ്രമോത മുന്നോട്ടിറങ്ങിയത്.( tipra motha the king maker of tripura assembly election 2023)

പാര്‍ട്ടി അധ്യക്ഷന്‍ ദേബ് ബര്‍മ പോലും മത്സരിക്കാനിറങ്ങിയിരുന്നില്ല.നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ മാറ്റാന്‍ സുതാര്യതയില്‍ വിശ്വസിക്കുന്ന ഒരു ചെറിയ പാര്‍ട്ടി മാത്രമാണെന്നാണ് തിപ്ര മോതയെ കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞത്. 2019 ഫെബ്രുവരി 25 ന് ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി മാണിക്യ ദേബ് ബര്‍മയെ നിയമിച്ചെങ്കിലും അഴിമതിക്കാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ ദേബ് ബര്‍മ രാജിവയ്ക്കുകയുണ്ടായി. പിന്നാലെ മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു പുതിയ സംഘടനയ്ക്ക് ദേബ് ബര്‍മ പിറവികൊടുത്തത്.

2021 ഫെബ്രുവരി 5ന് തന്റെ സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെന്നും 2021ലെ ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദേബ് ബര്‍മ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഐഎന്‍പിടി (Indigenous Nationalist Party of Twipra) , ടിഎസ്പി (Tipraland State Party) , ഐപിഎഫ്ടി എന്നിവ 2021ല്‍ തിപ്ര പാര്‍ട്ടിയില്‍ ലയിച്ചു.

അങ്ങനെ പിന്നീടുവന്ന ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ തിപ്ര മോത നേടി. സഖ്യകക്ഷിയായ ഐഎന്‍പിടി 2 സീറ്റുകളും നേടി. അങ്ങനെ 15 വര്‍ഷത്തെ ഇടതുപക്ഷ ഭരണം കൗണ്‍സിലില്‍ അവസാനിച്ചു. മാത്രമല്ല, ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യമില്ലാതെ കൗണ്‍സിലില്‍ അധികാരം നിലനിര്‍ത്തിയ ഏക പ്രാദേശിക പാര്‍ട്ടിയായി തിപ്ര മാറി.

ഇത്തവണ ത്രിപുരയില്‍ തെരഞ്ഞെടുപ്പ് കൂടുതല്‍ രസകരമാക്കാനും തിപ്രയുടെ വരവ് സഹായിച്ചു. സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ തിപ്ര മോതയ്ക്ക് വലിയ ജനപ്രീതിയാണുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും ആദിവാസികളാണെന്നത് തന്നെ തിപ്ര മോതയ്ക്കുള്ള പിന്തുണയ്ക്ക് കരുത്ത് കൂട്ടി. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളില്‍ 20 സീറ്റുകളിലും ആദിവാസികളുടെ സ്വാധീനമുണ്ട്.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

നിലവില്‍ ആദ്യഘട്ട ഫലസൂചനകള്‍ ത്രിപുരയില്‍ നിന്ന് പുറത്തുവരുമ്പോള്‍, സിപിഐഎം-കോണ്‍ഗ്രസ് ധാരണയുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ തിപ്ര മോതയുടെ ലീഡ് പാര്‍ട്ടിക്ക് മികച്ച നേട്ടമാണ്.

Story Highlights: tipra motha the king maker of tripura assembly election 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here