“ഭരണം കൈയിലുള്ളവർ കായിക ലോകത്ത് ഇടപെടുമെന്ന കാര്യം ശരിയാണ്.”; കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും ഇന്ത്യൻ ഫുട്‌ബോളിലെ രാഷ്ട്രീയത്തെ പറ്റിയും 24 ന്യൂസിനോട് മനസ്സ് തുറന്ന് സി.കെ വിനീത്

മലയാളികളുടെ അഭിമാന താരമാണ് സി.കെ വിനീത്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ബാംഗ്ലൂർ എഫ്സിക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുള്ള താരത്തിന് വലിയ ആരാധക വൃന്ദമാണുള്ളത്. സി.കെ വിനീത് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടിയ ഗോളുകൾ കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോൾ എഫ്-13 എന്ന ഫുട്‌ബോൾ അക്കാഡമിയുടെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് താരം. ഈ സാഹചര്യത്തിൽ അക്കാഡമിയെ പറ്റിയും ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവിയെ പറ്റിയും 24 ന്യൂസിനോട് മനസ്സ് തുറന്നിരിക്കുകയാണ് താരം. ( CK Vineeth Exclusive Interview about his life, career, kerala Blasters, sunil chhetri 24 News).
ഫുട്‌ബോളിൽ നിന്നാണ് ജീവിതത്തിൽ എല്ലാം നേടിയത്. അത് കൊണ്ട് തന്നെ ഫുട്‌ബോളിന് എന്ത് തിരിച്ചു നൽകാം എന്ന ചിന്തയിൽ നിന്നാണ് താനും മറ്റ് താരങ്ങളായ മുഹമ്മദ് റാഫിയും റിനോ ആന്റോയും ഒക്കെ ചേർന്ന് എഫ്-13 എന്ന അക്കാഡമിയുടെ ആശയത്തിലേക്ക് എത്തിയതെന്നാണ് സി.കെ വിനീത് പറയുന്നത്. കേരളത്തിലുടനീളം 70 അക്കാഡമികൾ തുടങ്ങുന്നതിനൊപ്പം സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന മേഖലകളിലും അക്കാഡമികൾ ഉണ്ടാവും. മറ്റ് അക്കാഡമികളിൽ ഫീസ് നൽകി കുട്ടികൾ എത്തുമ്പോൾ ഈ അക്കാഡമികളിൽ സൗജന്യമായിട്ടായിരിക്കും കുട്ടികൾക്ക് പരിശീലനം നൽകുകയെന്നും വിനീത് കൂട്ടിച്ചേർത്തു.
അതോടൊപ്പം ഇന്ത്യൻ കായിക മേഖലയിലെ രാഷ്ട്രീയ ഇടപെടലുകളെ പറ്റിയും താരം മനസ്സ് തുറന്നു. രാഷ്ട്രീയ ഇടപെടലുകൾ എല്ലാ കാലത്തും ഉണ്ടാവുമെന്നും എന്നാൽ കായിക മേഖലയെ ഇല്ലാതാക്കുന്ന രീതിയിൽ അത്തരം ഇടപെടലുകൾ ഉണ്ടാവാൻ പാടില്ലെന്നും വിനീത് പറഞ്ഞു. കുറച്ചു നാളത്തേക്കാണെങ്കിലും ഇന്ത്യൻ ടീമിനെ ബാൻ ചെയ്‌തു എന്ന് പറയുന്നത് വളരെ മോശമായിട്ടുള്ള കാര്യമാണ്. ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Story Highlights: CK Vineeth Exclusive Interview about his life, career, kerala Blasters, sunil chhetri 24 News
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here