ബ്രഹ്മപുരത്തെ തീപിടിത്തം; അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ. അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും. പ്രാഥമിക പരിശോധന തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത് മാലിന്യമലയിലെ തീകെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നു. രാവിലെ കൊച്ചിയിലെ മാലിന്യപുകയ്ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി.
നഗരവാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡിന് ശേഷം പല വിധ ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർ പ്രതിസന്ധി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. മുതിർന്നവരും,കുട്ടികളും ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ളവരും അതീവ കരുതലെടുക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. മാസ്ക ധരിച്ച് മാത്രം പുറത്തിറങ്ങേണ്ട അന്തരീക്ഷ അവസ്ഥയാണ് കൊച്ചി നഗരത്തിൽ പകൽ സമയങ്ങളിലും പ്രതീക്ഷിക്കേണ്ടത്.
Read Also: ബ്രഹ്മപുരം തീപിടിത്തം: ഞായറാഴ്ച കഴിവതും വീടുകളിൽ തന്നെ കഴിയണമെന്ന് എറണാകുളം ജില്ലാ കളക്ടർ
വൈറ്റില കൂടാതെ പാലാരവിട്ടം,കലൂർ,ഇടപ്പള്ളി തുടങ്ങിയ നഗരത്തിന്‍റെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രിയോടെ പുക വന്ന് മൂടി. ബ്രഹ്മപുരത്ത് ഇന്ന് വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. കൂടുതൽ ഫയർ എഞ്ചിനുകൾ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഒപ്പം കടന്പ്രയാറിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള വലിയ മോട്ടോറുകളും ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തും പുക പ്രശ്നമുള്ള മേഖലകളിലും പരമാവധി ആളുകൾ പുറത്തിറങ്ങരുതെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ നിർദേശം. കടകൾ തുറക്കാതെ പരമാവധി ആളുകളെ വീടുകളിൽ തന്നെ ഇരുത്തി വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Story Highlights: Investigation Started In Kochi brahmapuram waste plant fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here