‘വെറും സെക്‌സിന് വേണ്ടിയുള്ള മെറ്റീരിയൽ മാത്രമാണോ ഞങ്ങൾ ? മറ്റ് അവകാശങ്ങൾ ഒന്നും വേണ്ടേ ?’; കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ നികേഷ്

ഇന്ത്യൻ സംസ്‌ക്കാരത്തിനും ജീവിത രീതിക്കും സ്വവർഗവിവാഹം എതിരാണെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ ട്വന്റിഫോറിനോട് പ്രതികരണവുമായി കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ നികേഷും സോനുവും. ‘ഞങ്ങളുടെ അവകാശങ്ങളാണ് ഇവിടെ ഹനിക്കപ്പെടുന്നത്. ഈ അവകാശ ലംഘനങ്ങളെ കുറിച്ച് കൃത്യമായി കോടതിയെ അറിയിച്ചിട്ടുണ്ട്’- നികേഷ് പറഞ്ഞു. കൊച്ചിയിലെ വ്യവസായിയാണ് നികേഷ്. സോനു ഐടി ജീവനക്കാരനാണ്. ( kerala first gay couples against central govt same sex marriage )
ഇന്ത്യയിൽ സ്വവർഗവിവാഹം നിയമപരമാക്കണം എന്നാവശ്യപ്പെട്ട് ആദ്യമായി കോടതിയെ സമീപിക്കുന്നത് നികേഷും സോനുവും ആയിരുന്നു. കേരളാ ഹൈക്കോടതിയെ ആയിരുന്നു ഇരുവരും സമീപിച്ചത്. അന്ന് ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ മറുപടി ചോദിച്ചിരുന്നു. എന്നാൽ നിലവിൽ സുപ്രിംകോടതിക്ക് നൽകിയ അതേ മറുപടി തന്നെയാണ് കേന്ദ്രം ഹൈക്കോടതിയിലും പറഞ്ഞത്. പിന്നീട് ഡൽഹി ഹൈക്കോടതിയിലും ഇത് സംബന്ധിച്ച ഹർജികൾ മറ്റ് സ്വവർഗ ദമ്പതിമാർ നൽകി. സുപ്രിംകോടതിയിലും സമാന ഹർജികൾ ഉയർന്നതോടെ, വിവിധ ഹൈക്കോടതികളുടെ പരിഗണനയിൽ ഇരിക്കുന്ന ഹർജികൾ സുപ്രിംകോടതി സ്വമേധയാ സ്വീകരിച്ച് ഹർജികളിൽ കേന്ദ്ര സർക്കാരിന്റെ മറുപടി ആരായുകയായിരുന്നു.
ഇന്ത്യൻ സംസ്‌ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്. തങ്ങളെ പോലുള്ളവർക്ക് എന്താണ് വേണ്ടതെന്നോ, തങ്ങളെ കേൾക്കാനോ കേന്ദ്രം തയാറാകുന്നില്ലെന്ന് നികേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ബഹുപൂരിപക്ഷം വരുന്ന പൊതുബോധത്തെ ഭയന്ന് വോട്ട് ബാങ്കിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് നികേഷ് ആരോപിച്ചു.
Read Also: ഇത് സോനുവും നികേഷും, കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ
‘ഞാനും സോനുവും 2018 ജൂലൈ 5ന് ക്ഷേത്രത്തിൽ പോയി വിവാഹം കഴിച്ചവരാണ്. പക്ഷേ അത് രജിസ്റ്റർ ചെയ്യാൻ തൃശൂർ രജിസ്റ്റർ ഓഫിസിൽ പോയപ്പോഴാണ് സ്വവർഗവിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് അറിയുന്നത്. ഒരു ആശുപത്രിയിൽ പോയാലോ, ഒരു സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിച്ചാലോ ആദ്യം ചെയ്യേണ്ടത് ഫോം ഫിൽ ചെയ്യുക എന്നതാണ്. അതിൽ സിംഗിൾ എന്ന കോളത്തിലാണ് ഞങ്ങൾക്ക് ഇപ്പോഴും ടിക്ക് ചെയ്യാൻ പറ്റുന്നത്, മാരീഡ് എന്ന കോളത്തിൽ മറ്റ് ദമ്പതികളെ പോലെ രേഖപ്പെടുത്താൻ കഴിയാറില്ല. അവിടെ നിന്ന് തുടങ്ങുന്നു ഞങ്ങൾ അനുഭവിക്കുന്ന വിവേചനം. ദമ്പതികളായി ബാങ്കിൽ ഒരു ജോയിന്റ് അക്കൗണ്ട് എടുക്കാനോ, ഇൻഷുറൻസിൽ പങ്കാളിയായി ചേർക്കാനോ, പിന്തുടർച്ചാ അവകാശമോ ലഭിക്കുന്നില്ല. എന്തിനേറെ പങ്കാളിക്ക് ഒരു ഓപറേഷൻ വന്നാൽ പോലും ജീവിതപങ്കാളി എന്ന അവകാശത്തോടെ ഒരു ഒപ്പിട്ട് കൊടുക്കാൻ പോലും സാധിക്കില്ല. ഞങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞ് വരണമെന്നത് ദീർഘനാളത്തെ സ്വപ്‌നമായിരുന്നു. അതിനും വിവാഹം നിയമവിധേയമാകാത്തത് വിലങ്ങ് തടിയാവുകയാണ്’- നികേഷ് പറഞ്ഞു.

പ്രായപൂർത്തിയായ ഒരേ ലിംഗത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നാണ് 2018 ലെ സുപ്രധാന വിധിയിൽ സുപ്രിംകോടതി പറഞ്ഞത്. ‘എന്നാൽ ലൈംഗിക ബന്ധം മാത്രമല്ലല്ലോ ജീവിതം ? വെറും സെക്‌സിന് വേണ്ടിയുള്ള മെറ്റീരിയൽ മാത്രമാണോ ഞങ്ങൾ ? മറ്റ് അവകാശങ്ങൾ ഒന്നും നൽകാതെ നിങ്ങൾ സെക്‌സ് ചെയ്‌തോ എന്ന് മാത്രമാണ് കോടതി പറഞ്ഞത്. പക്ഷേ 2018 ലെ വിധി വന്നതിന് ശേഷമാണ് എനിക്ക് സോനുവും ഒത്ത് ഒരു ജീവിതം ഉണ്ടായത്. അതുകൊണ്ട് ആ വിധിയെ കുറച്ച് കാണുന്നില്ല, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായിരുന്നു അത്. പക്ഷേ ഞങ്ങൾക്ക് മറ്റ് മനുഷ്യരെ പോലെ തന്നെ അവകാശപ്പെട്ട പലതുമുണ്ട്. അതും നേടിയെടുക്കണം’- നികേഷ് പറഞ്ഞു.
‘ഇന്ത്യൻ സമൂഹത്തിൽ വിവാഹത്തിന് വലിയ സ്ഥാനമാണ് ഉള്ളത്. ഞങ്ങൾ പങ്കാളികളാണെന്ന് തെളിയിക്കാനുള്ള ഒരു രേഖയും ഞങ്ങളുടെ കൈയിലില്ല. അതുകൊണ്ട് തന്നെ പൊതുയിടത്തിൽ നിന്നെല്ലാം വലിയ അവഹേളനങ്ങൾ നേരിടുന്നുണ്ട്. ഇത്തരമൊരു സമൂഹത്തിൽ സ്വവർഗ വിവാഹം നിയമപരമാക്കി മാറ്റിയാൽ മാത്രമേ സമൂഹം ഞങ്ങളെ അംഗീകരിക്കുകയുള്ളു. ഇല്ലെങ്കിലും വീണ്ടും വീണ്ടും ഞങ്ങളെ പോലെയുള്ളവരെ ചവിട്ടി താഴ്ത്തും’-നികേഷ് പറഞ്ഞു. സുപ്രിംകോടതി തങ്ങളുടെ അവകാശങ്ങൾ മനസിലാക്കി അനുകൂല വിധി പുറപ്പെടുവിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും നികേഷ് കൂട്ടിച്ചേർത്തു.
Story Highlights: kerala first gay couples against central govt same sex marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here