ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്

2022 – 22 സീസണിലെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ നടക്കും. നാളത്തെ ഡ്രോ ക്വാർട്ടർ ഫൈനലിന് വേണ്ടി മാത്രമുള്ളതല്ല, മറിച്ച്, സെമിയിലേക്കും ഫൈനലിലേക്കും നീങ്ങുമ്പോൾ ഏതൊക്കെ ടീമുകളെ ആർക്കെല്ലാം നേരിടേണ്ടി വരും എന്ന് അറിയാൻ സാധിക്കും. സീഡിംഗ് അനുസരിച്ചോ ഒരേ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകളോ എതിരാളികളായി വരരുത് എന്ന നിബന്ധന ഇല്ലാത്തതിനാൽ തന്നെ പല മുൻനിര ക്ലബ്ബുകളും നേർക്കുനേർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. Champions League Quarter Final draw tommorow
ഇന്ത്യൻ സമയം നാളെ വൈകീട്ട് 4:30ന് സ്വിറ്റ്സർലാന്റിലെ ന്യോണിലാണ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ഡ്രോ അരങ്ങേറുക. സോണി ടെൻ 2 ചാനലിലും സോണി ലൈവ് ആപ്ലിക്കേഷനിലും ഡ്രോ തത്സമയം കാണാം. റയൽ മാഡ്രിഡ്, നാപോളി, ബയേൺ മ്യൂണിക്ക്, ചെൽസി, ബെൻഫിക്ക, മാഞ്ചസ്റ്റർ സിറ്റി, എസി മിലാൻ, ഇന്റർ മിലാൻ എന്നിവരാണ് അവസാന എട്ടിൽ ഇടം പിടിച്ചിട്ടുള്ളത്.
14 കിരീടങ്ങൾ എന്ന ചാമ്പ്യൻസ് ലീഗ് റെക്കോർഡ് കൈവശം വെച്ചിരിക്കുന്ന റയൽ മാഡ്രിഡ് പ്രീ ക്വാർട്ടറിൽ ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ ആര് ഗോളുകൾക്കാണ് വിജയിച്ചത്. നിലവിൽ, ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥത്ത് നിൽക്കുന്ന നാപോളി മികച്ച ഫോമിലാണ്. നാപോളിയിലെ ജനങ്ങൾ ക്വാറഡോണ എന്ന് വിളിക്കുന്ന ക്വിച്ച ക്വരറ്റ്സ്കേലിയയും വിക്ടർ ഓസിംഹെനുമാണ് ക്ലബ്ബിന്റെ വജ്രായുധങ്ങൾ. കരുത്തരായ പിഎസ്ജിയെ തളച്ചാണ് ബയേൺ മ്യൂണിക്ക് ക്വാർട്ടറിലേക്ക് കടന്നത്. യുവതാരമായ ജമാൽ മുഷ്യാലയാണ് ക്ലബ്ബിന്റെ ആക്രമണം നിയന്ത്രിക്കുന്നത്.
പുതിയ പരിശീലകൻ ഗ്രഹാം പോട്ടറിന് കീഴിൽ ഫോം വീണ്ടെടുക്കുന്ന ചെൽസിയെയാണ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ കാണാൻ സാധിച്ചത്. ജർമനിയിൽ ബയേൺ മ്യൂണിക്കിനൊപ്പം കിരീടം ലക്ഷ്യമാക്കി പൊരുതുന്ന ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചാണ് ചെൽസി ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്തത്. പിഎസ്ജിയും യുവന്റസും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ബെൻഫിക്ക പ്രീ ക്വാർട്ടറിലേക്ക് എത്തിയത്. ക്ലബ് ബ്രഗ്ഗിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ബെൻഫിക്ക പരാജയപ്പെടുത്തിയത്.
ഹാലാൻഡ് എന്ന മനുഷ്യ യന്ത്രത്തിന്റെ കരുത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റം. ക്ലബ്ബിന്റെ ചരിത്രത്തിലെ കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് നേടുന്നതിനുള്ള ഒരു കുറുക്കു വഴി ആണ് ഹാലാൻഡിന്റെ സൈനിങ് എന്നാണ് ഫുട്ബോൾ ലോകത്തുള്ള ചർച്ചകൾ. അത് ഉറപ്പിക്കുന്നതായിരുന്നു ലെയ്‌പ്‌സിഗിനെതിരെ ഹാലാൻഡ് നേടിയ അഞ്ച് ഗോൾ നേട്ടം.
Read Also: ജിയാനി ഇൻഫന്റിനോ വീണ്ടും ഫിഫ പ്രസിഡന്റ്; കാലാവധി 2027 വരെ
നാട്ടുകാരായ എസി മിലാനും ഇന്റർ മിലാനും ഇത്തവണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. തിരിച്ചു വരവിന്റെ പാതയിലാണ് എസി മിലാൻ. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗ് ജേതാക്കളായ ടീം അഥവാ തങ്ങളുടെ യൂറോപ്യൻ പ്രതാപം തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. ക്വാർട്ടർ ഫൈനൽ ഓപ്പൺ ഡ്രോ ആയതിനാൽ ഒരുപക്ഷെ ഒരു മിലാൻ ഡെർബി ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ കാണാൻ സാധിക്കും.
Story Highlights: Onam Bumper 2023 Result announced