ബ്രഹ്‌മപുരം: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരിത ട്രൈബ്യൂണല്‍; 500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കൂടാതെ തീപിടുത്തത്തിന്റെ പൂര്‍ണം ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാരിന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. (Green Tribunal criticizes state government over brahmapuram fire)
ബ്രഹ്‌മപുരം വിഷയത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ട്രൈബ്യൂണല്‍ കേസെടുത്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് അഡീഷണല്‍ സെക്രട്ടറി വി വേണു ഹാജരാകുകയും ചെയ്തിരുന്നു. 12 പേജുള്ള സത്യവാങ്മൂലമാണ് അദ്ദേഹം ട്രൈബ്യൂണലില്‍ ഹാജരാക്കിയത്. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ട്വന്റിഫോര്‍ ന്യൂസിന് ലഭിച്ചു.
Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്
ശാരദാ മുരളീധരന്‍ മാര്‍ച്ച് പത്തിന് ഹൈക്കോടതിയ്ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്, സംഭവങ്ങളുടെ കലണ്ടര്‍ ഓഫ് ഇവന്റ്‌സ്, എറണാകുളം ജില്ലാ കളക്ടര്‍ മാര്‍ച്ച് പത്തിന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്, മാര്‍ച്ച് 14ന് കളക്ടര്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ്, ശാരദാ മുരളീധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് എന്നിവയാണ് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ നല്‍കിയിരിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ ആവര്‍ത്തിക്കുന്നത് മാത്രമല്ലേ ഈ സത്യവാങ്മൂലമെന്നായിരുന്നു പരിശോധനയ്ക്ക് ശേഷം ട്രൈബ്യൂണലിന്റെ ചോദ്യം. ഇതിന് കൃത്യമായ ഒരു മറുപടി സര്‍ക്കാരിന് നല്‍കാന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബ്രഹ്‌മപുരത്തേക്ക് ഇനി ഓര്‍ഗാനിക് മാലിന്യങ്ങള്‍ കൂടുതലായി കൊണ്ടുപോകുന്ന നടപടി ഇനി ഉണ്ടാകില്ല എന്നുള്‍പ്പെടെയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബ്രഹ്‌മപുരത്ത് വീഴ്ചയില്ലെന്നാണ് കേരളം ആവര്‍ത്തിക്കുന്നത്.
Story Highlights: Green Tribunal criticizes state government over brahmapuram fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here