‘ഉണ്ടായത് ചെറിയ തീപിടുത്തം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല’; എം.ബി രാജേഷ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടുമുണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി മന്ത്രി എം.ബി രാജേഷ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എം.ബി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. ചെറിയ തീപിടുത്തമാണ് ഉണ്ടായിട്ടുള്ളത്. ഉടൻ തന്നെ തീ അണയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി.
തുടർ തീപിടുത്തങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകൾ പ്ലാന്റിലുണ്ട്. ചൂടു കൂടുമ്പോൾ വീണ്ടും തീപിടുത്തമുണ്ടാകാൻ ഇടയുണ്ടെന്നും എം.ബി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. സെക്ടർ ഒന്നിലാണ് തീപിടുത്തമുണ്ടായത്.
അഗ്നിശമന സേനയുടെ 5 യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. സെക്ടർ ഒന്നിൽ വലിയതോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്.
Story Highlights: MB Rajesh on Brahmapuram Fire