Advertisement

ചോറു വിളമ്പുമ്പോള്‍, ഫോണ്‍ ചെയ്യുമ്പോള്‍, ഒരുങ്ങുമ്പോള്‍, പടികള്‍ ചാടിയിറങ്ങുമ്പോള്‍….; ഇന്നസെന്റിന്റെ ഡയലോഗ് ഓര്‍ക്കാത്ത ദിവസമുണ്ടോ?

March 27, 2023
Google News 2 minutes Read
Legendary actor Innocent funny movie dialogues

ഏതെങ്കിലും ഒന്നിനെ കളിയാക്കിയും വേദനിപ്പിച്ചും പുച്ഛിച്ചുമല്ല ചിരിയുണ്ടാക്കേണ്ടതെന്ന സൂക്ഷ്മത എല്ലാവരിലേക്കും എത്തുന്നതിന് മുന്‍പ് തന്നെ മലയാളിയ്ക്ക് ധാരാളം ‘നല്ല തമാശകള്‍’ സമ്മാനിച്ച പ്രതിഭയാണ് ഇന്നസെന്റ്. നര്‍മ്മത്തിനായി ശരീരത്തിന്റെ സകല സാധ്യതകളും ഇന്നസെന്റ് പ്രയോജനപ്പെടുത്തുമ്പോള്‍ അത് മലയാളി ജീവിതത്തിന്റെ സമസ്തമേഖകളേയും സ്പര്‍ശിക്കുന്നതാകുമ്പോള്‍, അത് അവരവരെ തന്നെ നോക്കിയുള്ളതാകുമ്പോള്‍ സ്വാഭാവികമായും മലയാളികള്‍ പൊട്ടിച്ചിരിച്ചുപോകുന്നു. ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും മലയാളി ഇന്നസെന്റിന്റെ ഡയലോഗുകള്‍ എടുത്ത് പ്രയോഗിക്കുന്നു. ഇന്നസെന്റിന്റെ ശബ്ദവും ശരീര ചലനങ്ങളും മനസില്‍ കാണുന്നു. ജീവിതത്തെക്കുറിച്ച് ആ നര്‍മങ്ങള്‍ പറയുന്ന തത്വചിന്തകളെ ഉള്‍ക്കൊള്ളുന്നു. ഇന്നസെന്റിന്റെ ഒരു ഡയലോഗെങ്കിലും പറയാതെ, ഓര്‍മിക്കാതെ മലയാളിയുടെ ഏത് ദിവസമാണ് കടന്നുപോകാറുള്ളത്? (Legendary actor Innocent funny movie dialogues)

രാവിലെ എഴുന്നേറ്റ് കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തിടുക്കത്തില്‍ പോകാനൊരുങ്ങുമ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ മലയാളിയുടെ നാക്കിലേക്ക് റിഫഌക്‌സ് ആക്ഷനായി പറന്നു വരുന്നത് ഞാന്‍ ഒരുങ്ങുവാ അമ്മച്ചീ എന്നായിരിക്കും. ഇനി വരുന്നത് ഫോണ്‍ വിളിയാണെങ്കില്‍ അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ടൂ, വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പേ പുറപ്പെടാം എന്നായിരിക്കും. പടിക്കെട്ടുകള്‍ ചാടിയിറങ്ങുമ്പോള്‍ തടസങ്ങളെ കവച്ച് ചാടി ജയിക്കുമ്പോള്‍ സ്വന്തം തോളില്‍ തട്ടി ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ് എന്ന് പറയാന്‍ തോന്നാത്ത മലയാളികളുണ്ടാകുമോ?

1979ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്, യുഡിഎഫിന് നല്‍കിയ പിന്തുണ, ഒരു വോട്ട് ചെയ്യാന്‍ കഷ്ടപ്പെട്ടൊരു തീവണ്ടി യാത്ര; ഇന്നസെന്റിനെ ഓര്‍മിച്ച് അയല്‍ക്കാര്‍Read Also:

തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരിമണികളും മദ്യവിമുക്തമായ കിനാശേരിയും മലയാളിയുടെ മനോഭൂപടത്തില്‍ വളരെ ആഴത്തില്‍ അടയാളപ്പെടാന്‍ കാരണം ഇന്നസെന്റ് എന്ന നടന്റെ ശരീരത്തിന്റേയും ശബ്ദത്തിന്റേയും അനന്ത സാധ്യതകളാണ്. നീ എന്തിനാ പഠിക്കുന്നേ…? എന്ന ചോദ്യം കേട്ടാല്‍ തന്നെ മനസിലാകും അതിന്റെ അര്‍ഥമെന്താണെന്ന്.

എന്നും താണു വണങ്ങിയിട്ട് മാത്രമുള്ള മുതലാളിയോട് എന്നെങ്കിലും ഒരിക്കല്‍ പണക്കാരനായി വന്ന് സ്വന്തം കാലിലുറച്ച് നിന്ന് അഹങ്കാരത്തോടെ നാല് വര്‍ത്തമാനം പറയുക എന്ന ആഗ്രഹം നീതിബോധമുള്ള ഒരു മനുഷ്യന്റെ ചോദനയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അത് സാധിക്കാത്തവര്‍ പോലും മ…മ…മത്തങ്ങാത്തലയാ… എന്ന് ഉള്ളിലെങ്കിലും വിളിച്ച് ചില അമര്‍ഷങ്ങളെ ചിരിയില്‍ ലയിപ്പിച്ച് ഒഴുക്കിവിടാറുണ്ട്. എന്നിട്ടും അമര്‍ഷം മാറിയില്ലെങ്കില്‍ മോന്തയ്‌ക്കൊന്ന് പൊട്ടിച്ചിട്ട് കണ്ണാടിയെടുത്ത് കാണിച്ചുകൊടുക്ക് അപ്പോ കാണും മാര്‍ക്ക് എന്നോ മറ്റോ വിചാരിച്ച് മലയാളി സമാധാനിക്കും. എന്നിട്ടും അമര്‍ഷം മാറിയില്ലെങ്കില്‍ കുറച്ച് പപ്പടം എടുത്തങ്ങ് കാച്ചും…

വാഴയായാല്‍ എന്താ വാ തുറന്ന് പറഞ്ഞൂടേ എന്ന ക്ലാസിക്കല്‍ നര്‍മം ഭൂമിയില്‍ മലയാളികള്‍ ഉള്ള കാലത്തോളം മറക്കില്ല. മത്തായിച്ചന്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടില്ല, എന്തേ ഉണ്ണണോ എന്ന മറുചോദ്യം പോലെ, എനിക്ക് പരിചയമില്ല നീ മുണ്ട് എന്ന നിഷ്‌കളങ്ക വാക്കുകള്‍ പോലെ, ഞാന്‍ ഭാസുരയുടെ ഭര്‍ത്താവാ സംബന്ധക്കാരന്‍ എന്ന നിലവിളിയോമെത്തുന്ന ഭയപ്പാടിന്റെ വാക്കുകള്‍ പോലെ ഇനിയൊന്ന് ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് തിരിച്ചറിയുമ്പോള്‍ മലയാളി മനസുകള്‍ ഇന്നസെന്റിന്റെ വിയോഗത്തിന്റെ വേദനയില്‍ ഉരുകുകയാണ്.

Story Highlights: Legendary actor Innocent funny movie dialogues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here