പിണറായിയുടെ പൊലീസ് ജനങ്ങളെ തല്ലിക്കൊല്ലുന്നു, മനോഹരന്റെ കുടുംബത്തിന് സർക്കാർ 50 ലക്ഷം നൽകണം; എ.എൻ രാധാകൃഷണൻ
കേരളത്തിൽ പിണറായി വിജയൻ്റെ പൊലീസ് എല്ലാ മര്യാദയും ലംഘിക്കുകയാണെന്നും ജനങ്ങളെ തല്ലിക്കൊല്ലുകയാണെന്നും ബിജെപി നേതാവ് എ.എൻ രാധാകൃഷണൻ. പൊലീസ് സംവിധാനം ജനങ്ങൾക്ക് സുരക്ഷിത്വം നൽകുന്നില്ല. കയർ ഊരി വിട്ടതുപോലെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ പെറ്റി രാജ് ആണ് നടപ്പിലാക്കുന്നതെന്നും എ.എൻ രാധാകൃഷണൻ ആരോപിച്ചു. ( AN Radhakrishnan criticizes Pinarayi Vijayan and Home Department ).
വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ കൈയ്യൂക്കിനിരയായ ശേഷം കുഴഞ്ഞ് വീണ് മരിച്ച ഇരുചക്ര വാഹനയാത്രക്കാരൻ മനോഹരന്റെ കുടുംബത്തിന് സർക്കാർ 50 ലക്ഷം രൂപ നൽകണം. മനോഹരന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണം. ഈ മാസം 30 മുതൽ ബിജെപിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ ഉപവാസം നടത്തുമെന്നും കസ്റ്റഡി മരണത്തിൽ നിന്ന് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ബ്രഹ്മപുരത്ത് തീ ഇടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുന്നു; പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ആക്രമിച്ചത്; പിണറായി വിജയൻ
തൃപ്പൂണിത്തുറ ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ വീട്ടിൽ മനോഹരനാണ് (52) എസ്.ഐയുടെ ക്രൂരതയിൽ മരിച്ചത്. കൈകാണിച്ചു വണ്ടി നിറുത്താതെതന്നെ നിയമലംഘനത്തിന് പിഴ ചുമത്താനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് ഉണ്ടായിരിക്കെയാണ് ബൈക്ക് യാത്രക്കാരനെ പിന്തുടർന്ന് അടിച്ചത്. കുറ്റക്കാരനായ എസ്.ഐ ജിമ്മി ജോസിനെ സസ്പെൻഡ് ചെയ്തെങ്കിലും മനോഹരന്റെ ഉറ്റവരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും രോഷത്തിന് ഇനിയും ശമനമായില്ല.
വീട്ടിലേക്കെത്താൻ കഷ്ടിച്ച് 50 മീറ്റർ അകലെ വച്ചാണ് പൊലീസ് കൈകാണിച്ചത്. നിറുത്താതെ മുന്നോട്ടുപോയ മനോഹരനെ ജീപ്പിൽ പിന്തുർന്ന് തടഞ്ഞാണ് എസ്.ഐ കരണത്തടിച്ച് ജീപ്പിലേക്ക് വലിച്ചിട്ടത്. മനോഹരനെ ജാമ്യത്തിലെടുക്കാൻ എത്തിയ സുഹൃത്തിനോട് നടന്ന സംഭവങ്ങൾ വിവരിക്കേ, സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചേരാനല്ലൂരിലെ സ്പെയർ പാർട്ട് സ്ഥാപനമടച്ച് സുഹൃത്തിനെ കണ്ടു മനോഹരൻ മടങ്ങുമ്പോഴായിരുന്നു ശനിയാഴ്ച രാത്രി 8.45ന് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്.
Story Highlights: AN Radhakrishnan criticizes Pinarayi Vijayan and Home Department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here