തേരോട്ടം തുടർന്ന് ബാഴ്സ; ലെവിക്ക് ഇരട്ട ഗോൾ; മാഡ്രിഡിനെതിരെ 15 പോയിന്റ് ലീഡ്

സ്പാനിഷ് ലീഗിൽ തേരോട്ടം തുടർന്ന് എഫ്‌സി ബാഴ്‌സലോണ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഒന്നരക്ക് നടന്ന മത്സരത്തിൽ എൽഷെക്ക് എതിരെ നേടിയത് മറുപടിയില്ലാത്ത നാലു ഗോളുകളുടെ ആധികാരിക വിജയം. സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ അൻസു ഫാറ്റിയും ഫെറാൻ ടോറസും ലക്ഷ്യം കണ്ടു. ഇന്നത്തെ വിജയത്തോടെ രണ്ടാമതുള്ള റയൽ മാഡ്രിഡിനെതിരെ 15 പോയിന്റുകളുടെ ലീഡാണ് ക്ലബ്ബിനുള്ളത്. നിരന്തരമായ പരുക്കിന്‍റെ പിടിയിൽ കുഴങ്ങുന്ന ബാഴ്സക്ക് ഈ വിജയം നിലവിൽ ലഭ്യമായ താരങ്ങൾക്ക് മുകളിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കും. Barcelona won against Elche on La Liga
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ബാഴ്സ ഇന്നത്തെ മത്സരത്തിന്റെ ആദ്യ പതിനൊന്ന് പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ നിന്ന് അഞ്ചു മാറ്റങ്ങളുമായാണ് ടീം ഇറങ്ങിയത്. പ്രതിരോധത്തിൽ ആൽബയും അലോൺസോയും ഇറങ്ങിയപ്പോൾ മധ്യ നിരയിൽ എറിക്ക് ഗാർഷ്യ സ്ഥാനം പിടിച്ചു. ആക്രമണത്തിൽ ലെവിക്ക് കൂട്ടായത് അൻസു ഫാറ്റിയും ഫെറാൻ ടോറസും. മോശം ഫോമിലൂടെ കടന്ന് പോകുകായായിരുന്ന അൻസു ഫാറ്റിക്കും ഫെറാൻ ടോറസിനും ആത്മവിശ്വാസത്തിന്റെ പുതുവാതിൽ തുറന്നിടാൻ ഇന്നത്തെ മത്സരത്തിന് സാധിച്ചു. വളരെ കാലത്തിന് ശേഷമാണ് ഇരുവരും ഗോൾ നേടുന്നത്. കൂടാതെ, അൻസു ഫാറ്റിയുടെ ഗോളിന് വഴിയൊരുക്കാനും ഫെറാന് കഴിഞ്ഞു.
ആൽബയെടുത്ത ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് ലെവി മത്സരത്തിൽ ലീഡ് എടുക്കുന്നത്. രണ്ടാമത് ഗോൾ അൻസുവിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു. ഗാവി നൽകിയ പന്ത് ലക്ഷ്യത്തിലെത്തിച്ച് ലെവൻഡോസ്‌കി തന്റെ രണ്ടാം ഗോൾ നേടി. ലെവി തനിയാണ് ഫെറാൻ ടോറസിന്റെ ഗോളിന് വഴിയൊരുക്കിയതും. ഈ സീസണിൽ ലീഗിൽ ഒൻപത് ഗോളുകൾ മാത്രം വഴങ്ങിയ ബാഴ്സ ഇന്നലെയും ക്ലീൻ ഷീറ്റ് നേടി. ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തിലൂടെ തന്റെ കരിയറിലെ 150 ആം ക്ലീൻ ഷീറ്റാണ് ബാഴ്സ ഗോൾകീപ്പർ ടെർ സ്റ്റീഗൻ നേടിയത്.
Read Also: ലീഡ്സിനെ തകർത്ത് ലീഗിൽ ലീഡ് ഉയർത്തി ആഴ്‌സണൽ; ജെസ്യൂസിന് ഇരട്ടഗോൾ
ബാഴ്‌സലോണയുടെ അടുത്ത മത്സരം റയൽ മാഡ്രിഡിനെതിരെയുള്ള ഈ സീസണിലെ നാലാമത്തെ എൽ ക്ലാസിക്കോയാണ്. കോപ്പ ഡെൽ റേ കപ്പിലെ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം കൂടി വിജയിച്ചാൽ ഈ സീസണിൽ റയലിനെതിരെയുള്ള ബാഴ്സയുടെ വിജയശതമാനം നൂറാകും. ഈ സീസണിലെ മൂന്ന് മത്സരങ്ങളും ബാഴ്സ ആധികാരികമായി വിജയിച്ചിട്ടുണ്ട്.
Story Highlights: Barcelona won against Elche on La Liga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here