Advertisement

ആരോഗ്യത്തിന്റെ ഭാവിയും വർത്തമാനവും 

April 7, 2023
Google News 5 minutes Read
world health day significance

ഡോ.കീർത്തി പ്രഭ

ലോകാരോഗ്യ ദിനം ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം കൂടെയാണ്.1950 മുതലാണ് ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. വർഷം തോറും ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടുള്ള ഒരു സുപ്രധാന സന്ദേശത്തിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടി ഈ ദിനം പ്രയോജനപ്പെടുത്തുന്നു.

2023 ഏപ്രിൽ 7 ലോകാരോഗ്യദിനത്തിൽ ലോകാരോഗ്യ സംഘടന അതിന്റെ 75ാം വാർഷികം ആചരിക്കുകയാണ്.കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിൽ പൊതുജനാരോഗ്യരംഗത്ത് സൃഷ്‌ടിച്ച നേട്ടങ്ങളുടെ വിലയിരുത്തലുകളും ഇനിയങ്ങോട്ട് കാലത്തിനും ജീവിതരീതികൾക്കും സാങ്കേതിക മാറ്റങ്ങൾക്കും അനുസൃതമായി ആരോഗ്യരംഗത്ത് ഉണ്ടാക്കാൻ കഴിയുന്ന മികവുകളെ കുറിച്ചുള്ള പ്രതീക്ഷകളും ആസൂത്രണങ്ങളും ആരോഗ്യരംഗത്തെ വെല്ലുവിളികളെ നേരിടാനുള്ള ബോധവൽക്കരണങ്ങളുമെല്ലാം ഈ ദിനാചരണത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന, പൊതുജനാരോഗ്യരംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങളുടെ നാഴികക്കല്ലുകൾ തീർച്ചയായും അഭിമാനകരമാണ്,എങ്കിലും 1948 ൽ എല്ലാവർക്കും എല്ലായിടത്തും ഉയർന്ന ആരോഗ്യവും ക്ഷേമവും കൈവരിക്കണം എന്ന ലക്ഷ്യവുമായി നിലവിൽ വന്ന ലോകാരോഗ്യ സംഘടനയ്ക്ക് പൂർണ്ണമായും ആ ലക്ഷ്യത്തിലേക്കെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന പരിശോധനകളും ഈ ദിനത്തിന്റെ ഭാഗമാണ്.’എല്ലാവർക്കും ആരോഗ്യം’ എന്നതാണ് 2023 ലെ ലോകാരോഗ്യദിന പ്രമേയം.

 വ്യവസ്ഥാപിതമായി തുടർന്നുപോരുന്ന ആരോഗ്യ സംരക്ഷണ രീതികളിലും ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിലും തിരുത്തലുകളും മാറ്റങ്ങളും ഉണ്ടാകേണ്ട സമയമാണിപ്പോൾ.സാങ്കേതികവിദ്യകൾ അത്രയധികം അത്ഭുതങ്ങളാണ് നമുക്ക് ചുറ്റും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വിവരസാങ്കേതികമേഖലയിൽ ഉണ്ടായ  വിപ്ലവകരമായ മാറ്റങ്ങൾ ആരോഗ്യ മേഖലയെ ബഹുദൂരം മുന്നോട്ടു നടത്തിയിട്ടുണ്ട്.എങ്കിലും അത് സാധാരണ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു രീതിയിലേക്ക് വളർന്നു വന്നിട്ടില്ല. ആരോഗ്യ സംരക്ഷണത്തിന്റെ 75 വർഷം പൂർത്തിയാകുന്ന ഈ അവസരത്തിൽ ആരോഗ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട് ലോകാരോഗ്യ സംഘടന. പൊതുജനാരോഗ്യരംഗത്തുണ്ടാവേണ്ട മാറ്റത്തിന്റെ പ്രതീക്ഷകളും ഉണ്ടാകാൻ സാധ്യതയുള്ള വെല്ലുവിളികളും ചേർത്ത് ഭാവിയിൽ ആരോഗ്യം എങ്ങനെയായിരിക്കണം എന്ന പ്രതീക്ഷയുടെ ചിത്രം ഒരു വീഡിയോ സംഭാഷണത്തിലൂടെ പങ്കുവെക്കുന്നുണ്ട് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടർ സൗമ്യ സ്വാമിനാഥൻ.അതിൽ  ഭാവിയിൽ അവർ നോക്കിക്കാണുന്ന ഒരു ഗ്രാമീണ കുടുംബത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. താമസിക്കാൻ സുരക്ഷിതമായ ഒരു വീടുള്ള, ശുദ്ധ വായു ശ്വസിക്കാൻ കഴിയുന്ന, ശുദ്ധജലം തടസ്സമില്ലാതെ ലഭ്യമാകുന്ന,വൃത്തിയുള്ളതും പുനരുപയോഗ സാദ്ധ്യതകളുള്ളതുമായ ഊർജസ്രോതസുകൾ ഉപയോഗിക്കുന്ന, ശരിയായ അണുനശീകരണ സംവിധാനങ്ങളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ലഭ്യമാകുന്ന,പൊതുവായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രതിരോധിക്കാനും സാധിക്കുന്ന, എല്ലാ സംവിധാനങ്ങളോടും കൂടിയ ഒരു പൊതുജനാരോഗ്യ പ്രവർത്തകന്റെ സേവനം  തടസ്സമില്ലാതെ ലഭ്യമാകുന്ന ഒരു സാധാരണ കുടുംബത്തിന്റെ ചിത്രമാണ് ‘ എല്ലാവർക്കും ആരോഗ്യം’ എന്ന 2023ലെ ലോകാരോഗ്യദിന സന്ദേശത്തിന്റെ ഭാവി പ്രതിഫലനമായി അവർ നോക്കിക്കാണുന്നത്.രോഗം കണ്ടെത്തുക, ചികിത്സിക്കുക എന്നതിനല്ലാതെ ആരോഗ്യ ബോധവൽക്കരണത്തിനും രോഗം വരാതിരിക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകുക വഴി ‘ഭാവിയിലെ ആരോഗ്യം’ എന്ന ചിത്രം ഭംഗിയായി നിർമ്മിച്ചെടുക്കാൻ സാധിക്കും എന്നുതന്നെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷ. കുട്ടികൾക്ക് മാത്രമല്ലാതെ എല്ലാ പ്രായത്തിലുള്ള ആളുകൾക്കും വിവിധ രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ ലഭ്യമാക്കുന്നതും രക്തസമ്മർദം,പ്രമേഹം, ക്യാൻസർ പോലുള്ള രോഗങ്ങൾ നിർണ്ണയിക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധന ക്യാമ്പുകളും ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പുകളും സംഘടിപ്പിക്കുന്നതും    ‘എല്ലാവർക്കും ആരോഗ്യം’ എന്ന ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ശാരീരിക വൈകല്യങ്ങൾ ഉള്ളവരുടെയും രോഗികളുടെയും പ്രവർത്തനശേഷിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനും പുനസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള റീഹബിലിറ്റേഷൻ പ്രോഗ്രാമുകളും സുപ്രധാനമാണ്.സ്ട്രോക്കുകൾ, മസ്തിഷ്കക്ഷതങ്ങൾ, പേശികൾക്കോ നാഡികൾക്കോ ഉണ്ടാകുന്ന ക്ഷതങ്ങൾ,മറ്റു വൈകല്യങ്ങൾ തുടങ്ങിയ അവസ്ഥകൾ എല്ലാം റീഹബിലിറ്റേഷൻ പ്രോഗ്രാമുകളിൽ ഉൾപ്പെടും.ഇത്തരം റീഹബിലിറ്റേഷൻ പ്രവർത്തനങ്ങൾ  ഏതെങ്കിലും രോഗാവസ്ഥയോ ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷമുള്ള അവസ്ഥകളോ കാരണം ചലനശേഷിക്കുറവ്, സംസാരശേഷിക്കുറവ്, ഓർമ്മക്കുറവ് തുടങ്ങിയ പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾക്ക് അവരുടെ ദൈനംദിന ജീവിത ക്രമങ്ങളിലേക്ക് തിരികെ വരാനുള്ള പിന്തുണ നൽകുന്നു. പൂർണ്ണമായ ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥകളിൽ നിലവിലെ ആരോഗ്യസ്ഥിതികൾ  മനസ്സിലാക്കിക്കൊണ്ടുതന്നെ ജീവിതനിലവാരം മെച്ചപ്പെടുത്തി രോഗികളുടെ മാനസികാരോഗ്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഈ പ്രക്രിയയുടെ ഭാഗമാണ്.ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മനുഷ്യർക്കും സ്വാതന്ത്ര്യവും സമാധാനവും സമൂഹത്തിൽ ഒരു സാധാരണ  മനുഷ്യൻ ആഗ്രഹിക്കുന്നതത്രയും ആസ്വദിക്കാനുള്ള അവകാശമുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

 ഇത്തരം റീഹബിലിറ്റേഷൻ പ്രോഗ്രാമുകളും രോഗനിർണയ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണങ്ങളും ശുചിത്വ ക്യാമ്പയിനുകളും നമ്മുടെ നാട്ടിൽ ഇതിനകം തന്നെ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും ആശാ വർക്കർ (Accredited Social Health Activists – ASHA) എന്ന പേരിൽ അംഗീകൃത ആരോഗ്യ പ്രവർത്തകർ നിരവധി ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നുണ്ട്.മാതൃശിശു സംരക്ഷണം ഉറപ്പാക്കുക,പ്രാഥമിക വൈദ്യസഹായം ലഭ്യമാക്കുക,പകർച്ചവ്യാധികൾക്കെതിരായ മുൻകരുതലുകൾ എടുക്കുക,ജീവിതശൈലീരോഗങ്ങളെക്കുറിച്ച്  സമൂഹത്തെ ബോധവന്മാരാക്കുക,കുടുംബാസൂത്രണ മാർഗങ്ങൾ ഉറപ്പാക്കുക,പൊതുജനാരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാക്കുക ഇങ്ങനെയുള്ള ഉത്തരവാദിത്തങ്ങളെല്ലാം ആശ വർക്കർമാർ നിർവഹിച്ചു പോരുന്നുണ്ട്.2005 ൽ ആരംഭിച്ചതാണ് ഈ പദ്ധതി എങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എത്രത്തോളം കാര്യക്ഷമമായിട്ടാണ് ആശാവർക്കർമാരുടെയും പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നടക്കുന്നത് എന്നത് അതത് സംസ്ഥാനങ്ങളിലെ ദാരിദ്ര്യ സൂചിക, മാതൃശിശു മരണനിരക്ക്, സാക്ഷരതാ നിരക്ക്, സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും തൊഴിൽ മേഖലകളിലെ അവരുടെ പ്രാതിനിധ്യവും എല്ലാം പരിശോധിച്ചുകൊണ്ട് നമുക്ക് പറയാൻ സാധിക്കും.ആരോഗ്യ സൂചികയിൽ കേരളം ഏറെ മുന്നിലാണ്.മാതൃമരണ നിരക്ക് ഒന്നിൽ താഴെയുള്ള ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം(0.9). വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒക്കെ മാത്രം മരണം നിരക്ക് അപകടകരമായ വിധം ഉയർന്ന നിലയിലായിരുന്നു.ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനവും കേരളമാണ്.0.71 ശതമാനം മാത്രമാണ് കേരളത്തിലെ ദാരിദ്ര്യ നിരക്ക്.രാജ്യത്ത് ഏറ്റവും കുറവ് ശിശു മരണനിരക്കുള്ള സംസ്ഥാനവും കേരളമാണ്. മധ്യപ്രദേശിൽ ആണ് ശിശുമരണ നിരക്ക് ഏറ്റവും കൂടുതൽ.ഉത്തർപ്രദേശും ആസാമും ശിശുമരണ നിരക്ക് കൂടുതലുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങളാണ്. ഈ സൂചികകളിൽ നിന്ന് തന്നെ പൊതുജനാരോഗ്യപ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാര്യക്ഷമമായി കേരളത്തിൽ നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കാം.എന്നിരുന്നാലും ഇനിയും മാറ്റങ്ങൾ ഉണ്ടാകാത്ത ചിലയിടങ്ങളുണ്ട്.  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അടക്കം ബ്ലഡ്‌ ബാങ്കുകളും റീഹബിലിറ്റേഷൻ സെന്ററുകളും പാലിയേറ്റീവ് കെയർ യൂണിറ്റുകളും ഗർഭഛിദ്രത്തിനുള്ള സൗകര്യങ്ങളും എല്ലാം കാര്യക്ഷമമായി പ്രവർത്തിക്കുന്ന, അതിനെല്ലാം ഉള്ള ഏറ്റവും നൂതനമായ അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ വരേണ്ടതുണ്ട്.ഗര്‍ഭച്ഛിദ്രനിയമം (Medical Termination of Pregnancy Act 1972 (എം.ടി.പി) ) നിലവില്‍ വന്നിട്ട് 50 വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭഛിദ്രവും അതിനോട് അനുബന്ധിച്ചുള്ള പരിചരണങ്ങളും പല കാരണങ്ങൾ കൊണ്ടും നിഷേധിക്കപ്പെടുന്നുണ്ട്.നിയമവിധേയമായിട്ടുപോലും അത്തരം സൗകര്യങ്ങൾ പ്രാഥമിക, സാമൂഹിക, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നും ലഭ്യമാകാത്തതുകൊണ്ട് നാട്ടുവൈദ്യവും വ്യാജ ചികിത്സകരും കാരണം ഗർഭഛിദ്രത്തോട് അനുബന്ധിച്ചുള്ള മരണങ്ങളും സ്ത്രീകൾക്ക് ദീർഘകാലം അതുമായി ബന്ധപ്പെട്ടിട്ടുള്ള മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായും വരുന്നുണ്ട്.

പല രീതികളിൽ ബ്ലഡ്‌ ബാങ്കുകൾ നമുക്ക് ലഭ്യമാകുന്നുണ്ടെങ്കിലും രക്തം ആവശ്യമായി വരുമ്പോൾ പലപ്പോഴും വ്യക്തിപരമായ ഇടപെടലുകൾ ആവശ്യമായി വരാറുണ്ട്. ഒരു മൊബൈൽ ആപ്ലിക്കേഷനോ ഡിജിറ്റൽ സംവിധാനങ്ങളോ ഉപയോഗിച്ച് രക്ത ദാതാക്കളുമായി ബന്ധപ്പെട്ട് ഏറ്റവും എളുപ്പത്തിൽ സാധ്യമാക്കാവുന്ന ഒന്നാണ് രക്തദാന സേവനങ്ങൾ എന്ന് കരുതുന്നു.

40 വർഷങ്ങൾ മുമ്പുള്ള തസ്തിക ക്രമങ്ങളും യോഗ്യതാക്രമങ്ങളും ഉപയോഗിച്ചുകൊണ്ട് 2023 ന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഒരിക്കലും സാധിക്കുകയില്ല. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെല്ലാം തന്നെ അതിനാവശ്യമായ യോഗ്യതയുള്ള വിദഗ്ധരായ ആരോഗ്യ പ്രവർത്തകർ ഉൾപ്പെട്ടിട്ടുള്ളതും ശരിയായ രീതിയിൽ അണുവിമുക്തി വരുത്തിയിട്ടുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും സുപ്രധാനമാണ്.

 ലോകാരോഗ്യ സംഘടന പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം ഓരോ ചെറിയ പ്രദേശങ്ങളിൽ പോലും പ്രീ സ്കൂളുകൾ തുടങ്ങേണ്ടതിനെ പറ്റിയാണ്. നമ്മുടെ നാട്ടിൽ ഇതിനോടകം തന്നെ മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വേണ്ടി അംഗൻവാടികൾ എന്ന പേരിൽ ശിശു സംരക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലെ പോഷകാഹാരക്കുറവും പട്ടിണിയും പ്രതിരോധിക്കുന്നതിന് വേണ്ടി 1975 ൽ സംയോജിത ശിശു വികസന പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ് അംഗൻവാടികൾ. ഒരു ഗ്രാമത്തിന്റെ അടിസ്ഥാന ആരോഗ്യ സംരക്ഷണവും അംഗൻവാടിയുടെ പ്രവർത്തനങ്ങളിൽ പെടുന്നുണ്ട്.പലവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിനാണ് അംഗൻവാടികൾ അടിത്തറ പാകുന്നത്. അംഗൻവാടികൾ പോലെയുള്ള സർക്കാർ സ്ഥാപനങ്ങൾ  തീരെ ചെറിയ കുഞ്ഞുങ്ങളുടെ, മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയും സ്ഥാപിക്കണം എന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.കുഞ്ഞുങ്ങളുടെ ബൗദ്ധികവും ശാരീരികവുമായ വളർച്ചയും പോഷകാഹാരവും ഉറപ്പുവരുത്തുന്ന അത്തരം കേന്ദ്രങ്ങൾ ജോലിചെയ്യുന്ന മാതാപിതാക്കൾക്കും വളരെയധികം സഹായകരമാകും.

 നമുക്ക് ഇന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിയിൽ സാങ്കേതികവിദ്യകൾ ഭാവിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം. ജനിതക സാങ്കേതികവിദ്യകൾ രോഗപ്രതിരോധത്തിലും രോഗ ചികിത്സയിലും അതിശയിപ്പിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരും. കോവിഡ് മഹാമാരിക്കാലം രോഗകാരികളായ സൂക്ഷ്മാണുക്കളെ കണ്ടെത്തുന്നതിന് ജനിതക സാങ്കേതികവിദ്യയുടെ ആവശ്യകതയെ ഉയർത്തിക്കാട്ടിയതാണ്. അന്ന് ജനിതകശാസ്ത്രത്തിൽ വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിലും പുതിയ പകർച്ചവ്യാധികൾ തടയുന്നതിനും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പോലുള്ള ഭീഷണികളെ നേരിടുന്നതിനും ആ പഠനങ്ങൾ കൃത്യമായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. ജനിതക  സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയിലെ രോഗകാരികളായ സൂക്ഷ്മജീവികളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കാനും അവയുണ്ടാക്കാൻ സാധ്യതയുള്ള രോഗങ്ങൾ കണ്ടെത്താനും അവയുടെ ചികിത്സയും പ്രതിരോധവും എളുപ്പമാക്കാനും സാധിക്കും.ജനിതക വൈകല്യങ്ങളുടെയും അർബുദങ്ങളുടെയും പ്രതിരോധവും നിർണയവും ചികിത്സയും എളുപ്പവും കാര്യക്ഷമവും ആക്കാൻ ആരോഗ്യ സാങ്കേതികവിദ്യകൾ വളരെയധികം സഹായിക്കും. ഇത്തരം സാങ്കേതികവിദ്യകൾ  സാമാന്യ ജനവിഭാഗങ്ങളിലേക്ക് ഉൾപ്പെടെ എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ വികസിപ്പിച്ചെടുക്കേണ്ടതും അത്യാവശ്യമാണ്.

നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ നമുക്കുള്ള രോഗലക്ഷണങ്ങൾ ടൈപ്പ് ചെയ്തു കൊടുത്താൽ നമ്മൾ അതിന് എന്തൊക്കെ  പരിശോധനകൾ നടത്തണം,ഏത് ഭക്ഷണക്രമം സ്വീകരിക്കണം, ഏതൊക്കെ വ്യായാമങ്ങൾ ചെയ്യണം,എന്തൊക്കെ മരുന്നുകൾ കഴിക്കണം വിദഗ്ധ ചികിത്സ ആവശ്യമാണെങ്കിൽ ഏത് ആശുപത്രിയിൽ ഏത് വിദഗ്ധ ഡോക്ടറെ സമീപിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നമുക്ക് ലഭ്യമാകാൻ പോകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ് ഇനി വരാൻ പോകുന്നത്.മരുന്നുകൾ ആവശ്യമെങ്കിൽ ആപ്ലിക്കേഷൻ വഴി തന്നെ ആ വിവരങ്ങൾ ഒരു മെഡിക്കൽ സ്റ്റോറിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും നിങ്ങളുടെ വീട്ടിൽ മരുന്നുകൾ എത്തിക്കാനും സാധിക്കും.നമ്മുടെ ഹൃദയസ്പന്ദനവും ഓക്സിജന്റെ അളവും രക്തസമ്മർദ്ദവുമൊക്കെ രേഖപ്പെടുത്താൻ സാധിക്കുന്ന സ്മാർട്ട് വാച്ചുകൾ ഇന്ന് ഉപയോഗത്തിലുണ്ട്.അത്തരം വാച്ചുകളുടെ ഇന്നുള്ളതിനേക്കാളും ഏറെ നവീകരിച്ച പതിപ്പുകൾ ലഭ്യമാകാൻ തുടങ്ങിയാൽ നമ്മുടെ ആരോഗ്യസ്ഥിതിയെ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന രീതിയിലുള്ള നൂതന സാങ്കേതിക ആശയങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും സാധ്യതകൾ തുറക്കപ്പെടും.നമ്മുടെ ഹൃദയ ചലനങ്ങൾ അനാരോഗ്യകരമാകുമ്പോൾ ഇ സി ജി യിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്ന സ്മാർട്ട്‌ വാച്ചുകൾ നിലവിൽ വരും.നമ്മുടെ ആരോഗ്യാവസ്ഥ നിരന്തരം ഡിജിറ്റൽ സംവിധാനങ്ങൾ വഴി നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും.എഴുത്തുകാരൻ യുവാൽ നോവ ഹരാരി പറഞ്ഞത് പോലെ നമ്മൾ ഒരു വഴിയിലൂടെ വെറുതെ നടന്നു പോകുമ്പോൾ അടുത്ത അരമണിക്കൂറിനുള്ളിൽ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യനില വഷളാവാൻ സാധ്യതയുണ്ട് എന്നുള്ള സൂചന നൽകിക്കൊണ്ട് ഒരു ആംബുലൻസ് മുന്നിൽ വരാം. ഓരോ സാധാരണ മനുഷ്യനിലേക്കും എത്തപ്പെടുന്ന രീതിയിൽ നമ്മുടെ ആരോഗ്യ സാങ്കേതികവിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറം വികസിക്കുകയും കാര്യക്ഷമമാവുകയും ആരോഗ്യസംരക്ഷണം എളുപ്പത്തിൽ സാധ്യമാകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.സാംക്രമികമല്ലാത്ത ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് എതിരെയുള്ള വാക്‌സിനുകൾ നവീന ആശയങ്ങളിലൂടെ വികസിപ്പിച്ചെടുക്കാൻ സാധിക്കും എന്നും ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നു.

 സാധാരണക്കാരിലേക്കും ദരിദ്ര രാജ്യങ്ങളിലേക്കും  നൂതനമായ സാങ്കേതികവിദ്യകൾ എളുപ്പത്തിലും ചിലവ് കുറഞ്ഞതുമായ രീതിയിൽ ലഭ്യമാകാത്ത അവസ്ഥയിൽ നിന്ന് തീർച്ചയായും മാറ്റം ഉണ്ടാവേണ്ടതാണ്.ജീവൻ രക്ഷാ മരുന്നുകളും അടിസ്ഥാനപരമായി ഒരു മനുഷ്യന് ആവശ്യമായ എല്ലാ ആരോഗ്യസംരക്ഷണ ഉപാധികളും രോഗപ്രതിരോധ സംവിധാനങ്ങളും നിക്ഷ്പക്ഷമായി എല്ലാ മനുഷ്യരിലേക്കും എത്തിച്ചേരുന്ന വിധം ആരോഗ്യ സംവിധാനങ്ങളെ പാകപ്പെടുത്തേണ്ടതുണ്ട്.

രോഗങ്ങളുമായും പ്രതിരോധങ്ങളുമായും ചികിത്സകളുമായുമൊക്കെ ബന്ധപ്പെട്ട് ഒരുപാട് തെറ്റായ സന്ദേശങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ പ്രചരിപ്പിക്കപെടുന്നുണ്ട്.ആരോഗ്യമേഖലയ്ക്ക് അപകടകരമാം വിധം വെല്ലുവിളി ഉയർത്തുന്ന ഇത്തരം പ്രവണതകൾ ചെറുക്കാൻ ശരിയായ ആരോഗ്യ വിദ്യാഭ്യാസവും ശാസ്ത്രീയ സാക്ഷരതയും നൽകാൻ കഴിയുന്ന കേന്ദ്രങ്ങൾ കാര്യക്ഷമമായി ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ജനപങ്കാളിത്തവും സഹകരണവും എല്ലാ മേഖലകളിലും എന്നത് പോലെ ആരോഗ്യ മേഖലയിലും വളരെ പ്രധാനമാണ്.

Story Highlights: world health day significance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here