‘കണ്‍മുന്നില്‍ കെട്ടിടം നിന്നുകത്തുന്നത് കണ്ടു’; റിജേഷിന്റെയും ഭാര്യയുടെയും അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍

ദുബായ് ദെയ്‌റയിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് സമീപവാസികള്‍. കണ്മുന്നില്‍ കെട്ടിടം കത്തിയമരുന്നത് കണ്ടതിന്റെ ഞെട്ടല്‍ ഇനിയും ഇവരില്‍ മാറിയിട്ടില്ല.(Friends about Rijesh and wife’s death at Dubai deira fire)
കാസര്‍ഗോഡ് സ്വദേശി സുഹൈലും സുഹൃത്തുക്കളും താമസിക്കുന്ന ഫ്‌ളാറ്റിന്റെ തൊട്ടടുത്തുള്ള ഫ്‌ളാറ്റിലാണ് മലപ്പുറം സ്വദേശി റിജേഷും ഭാര്യയും താമസിച്ചിരുന്നത്. വര്‍ഷങ്ങളായുള്ള സൗഹൃദമാണ് റിജേഷും കുടുംബവുമായി ഇവര്‍ക്കുള്ളത്. വിഷുസദ്യ കഴിക്കാന്‍ വൈകിട്ട് റിജേഷിന്റെ വീട്ടിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു സുഹൃത്തുക്കള്‍. അതിനിടെയാണ് ഇന്നലെ ഉച്ചയോടെ പ്രദേശത്തെ നടുക്കിയ അപകടം സംഭവിച്ചത്.
തീപിടുത്തത്തില്‍ രക്ഷിക്കാനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ആളുകള്‍ ഉറക്കെ വിളിച്ചു പറയുന്നത് നിസ്സഹായരായി കണ്ടു നില്‍ക്കാനേ സുഹൃത്തുക്കള്‍ക്കും കഴിഞ്ഞുള്ളൂ. തീപിടുത്തത്തില്‍ പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റിയെന്നറിഞ്ഞപ്പോള്‍ മുതല്‍ വിവിധ ആശുപത്രികളില്‍ സുഹൃത്തുക്കള്‍ക്കായി തെരച്ചിലിലായിരുന്നു ഇവരും. വൈകിട്ടോടെയാണ് മരിച്ചവരില്‍ തങ്ങളുടെ പ്രിയപ്പെട്ടവരും ഉണ്ടെന്ന് മനസ്സിലായതും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതും.
തീപിടുത്തത്തില്‍ പാസ്‌പോര്‍ട്ട് അടക്കം വിലപ്പെട്ട പല വസ്തുക്കളും നഷ്ടപ്പെട്ടവരും ഏറെയാണ്. ഇന്ന് നാട്ടില്‍ പോകാന്‍ ഇരിക്കുകയായിരുന്ന റിയാസിന് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ റൂമിനുള്ളില്‍ പെട്ടുപോയതിനാല്‍ ഇനി എന്ത് ചെയ്യുമെന്നുള്ള ചിന്തയിലാണ്. റിജേഷ് ആണ് റിയാസിന് പാസ്‌പോര്‍ട്ട് എടുത്തുനല്‍കിയതും.
Read Also: ദുബായ് ദെയ്‌റയില്‍ കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു
മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ് തീ പടര്‍ന്നുകയറിയത്. അഗ്‌നിശമന വിഭാഗം സ്ഥലത്തെത്തി തീ അണച്ചെങ്കിലും പുക ശ്വസിച്ചാണ് പലരുടേയും മരണം സംഭവിച്ചത്. എ സി പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നും സംശയിക്കുന്നുണ്ട്.
Story Highlights: Friends about Rijesh and wife’s death at Dubai deira fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here