സുഡാനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവില്‍ കേരളത്തിലെത്തിക്കും
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുവാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക) ചുമതലപ്പെടുത്തുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സുഡാനില്‍ നിന്നും മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ കാവേരി തുടരുമെന്നാണ് രക്ഷാ ദൌത്യത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചത്. ജിദ്ദയില്‍ എത്തിയ ഇന്ത്യക്കാരെ പരമാവധി നേരത്തെ ഇന്ത്യയില്‍ എത്തിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. സുഡാനില്‍ നിന്നും രക്ഷപ്പെട്ട് ജിദ്ദയിലെത്തിയ സംഘാംഗങ്ങളും ട്വന്റിഫോറുമായി സംസാരിച്ചു.
Read Also: സുഡാൻ രക്ഷാദൗത്യം; ഇന്ത്യക്കാരുടെ മൂന്നാം സംഘം ജിദ്ദയിലെത്തി
സുഡാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ കാവേരി തുടരുകയാണ്. കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവുമാണ് ഇന്ത്യക്കാര്‍ സുഡാനില്‍ നിന്നും ജിദ്ദയില്‍ എത്തിത്തുടങ്ങിയത്. ജിദ്ദയിലെത്തിയ ഇന്ത്യക്കാരെ പരമാവധി നേരത്തെ നാട്ടില്‍ അവരുടെ പ്രദേശങ്ങളില്‍ എത്തിക്കുമെന്ന് മന്ത്രി ജിദ്ദയില്‍ ട്വന്റിഫോറിനോട് പറഞ്ഞു.
സുഡാനില്‍ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യന്‍ സംഘത്തിന് മെഡിക്കല്‍ സേവനവും ഭക്ഷണവും മറ്റും നല്കാന്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങള്‍ രംഗത്തുണ്ട്. വിദേശ കാര്യ മന്ത്രാലയത്തിലെ ഉയര്ന്ന ഉദ്യോഗസ്ഥരും, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ജിദ്ദയില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
Story Highlights: Malayalees from Sudan will be brought at the expense of Kerala govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here