മൗനം തുടര്‍ന്ന് മുഖ്യമന്ത്രി; സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ മറുപടി പറയാതെ പിണറായി വിജയന്‍

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊല്ലം ജില്ലയില്‍ മാത്രം അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. അഞ്ച് പരിപാടികളിലും സംസാരിച്ച മുഖ്യമന്ത്രി വിവാദങ്ങളിലും പ്രതിപക്ഷ ആരോപണങ്ങളിലും മറുപടി പറഞ്ഞില്ല.(Pinarayi Vijayan did not respond to allegations against govt)
രാവിലെ 10 മണിക്ക് കടയ്ക്കലില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം, 11 മണിക്ക് കൊല്ലത്ത് ശ്രീനാരായണ സമുച്ചയത്തിന്റെ ഉദ്ഘാടനം, ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ തൊഴിലാളിക്ക് കൈമാറുന്ന പരിപാടിയുടെ ഉദ്ഘാടനം, ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ വിതരണോദ്ഘാടനം തുടങ്ങിയവയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിച്ചത്. വൈകുന്നേരം സിപിഐഎം സംഘടിപ്പിച്ച പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുത്തു.
എ .ഐ. ക്യാമറ വിവാദത്തില്‍ മൗനം തുടരുന്ന മുഖ്യമന്ത്രി ഇന്നെങ്കിലും പ്രതികരിക്കുമോ എന്ന് കാത്തിരിക്കുകയായിരുന്നു പ്രതിപക്ഷമെങ്കിലും വിവാദ വിഷയങ്ങളിലൊക്കെ മുഖ്യമന്ത്രി മൗനം പാലിച്ചു. പ്രതിപക്ഷം വെല്ലുവിളിച്ചിട്ടും വിവാദ വിഷയങ്ങളിലെ മുഖ്യമന്ത്രിയുടെ മൗനം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Read Also: അമേരിക്ക മാത്രമല്ല, മുഖ്യമന്ത്രിയും സംഘവും ക്യൂബയും സന്ദര്‍ശിക്കും; ലോക കേരള സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കും
എ ഐ ക്യാമറ സ്ഥാപിച്ചതില്‍ ഗുരുതര അഴിമതി നടന്നെന്ന ആരോപണത്തിന് പിന്നാലെയാണ് കെ ഫോണ്‍ പദ്ധതിയിലും സമാന രീതിയില്‍ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. 2017ല്‍ ആരംഭിച്ച കെ ഫോണ്‍ പദ്ധതിയുടെ നടത്തിപ്പിനായി 1028 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. എന്നാല്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിന് കരാര്‍ തുകയായി നല്‍കിയത് 1531 കോടി രൂപ. അഞ്ഞൂറ് കോടിയിലധികം രൂപയുടെ ടെന്‍ഡര്‍ എക്‌സസ് ആണെന്നാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്ന ആരോപണം.
കെ ഫോണ്‍ പദ്ധതിക്ക് ഏഴ് വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി ഉള്‍പ്പെടെ 363 കോടി രൂപ വാങ്ങിയെടുത്തുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . ജനങ്ങളുടെ പണം ഉപകരാറുകാരുടെ കയ്യിലെത്തിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കെ ഫോണ്‍ വെട്ടിപ്പിനുവേണ്ടിയുള്ള പദ്ധതിയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിമര്‍ശനം. ഗുരുതര അഴിമതി ആരോപണങ്ങളുണ്ടാകുമ്പോഴും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Story Highlights: Pinarayi Vijayan did not respond to allegations against govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here