Advertisement

മണിപ്പൂർ കലാപം; ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾക്ക് 10 ഇരട്ടിയോളം വർധന

May 8, 2023
Google News 2 minutes Read
manipur flight ticket increased

മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾക്ക് 10 ഇരട്ടിയോളം വർധന. രാജ്യത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് മുതലെടുത്തുകൊണ്ട് വിമാനക്കമ്പനികളുടെ കൊള്ള. മണിപ്പൂരിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുകയാണ്. മെയ് മൂന്നിനാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. (manipur flight ticket increased)

സാധാരണയായി ഇംഫാലിൽ നിന്ന് കൊൽക്കത്ത വരെ 2,500 മുതൽ 5,000 രൂപ വരെയാണ് ഒരാൾക്കുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇംഫാലിൽ നിന്ന് ഗുവാഹത്തിയിലേക്കും ഏകദേശം ഇതേ നിരക്കാണ്. എന്നാൽ, മണിപ്പൂരിൽ കലാപം ആരംഭിച്ചതോടെ ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെയുള്ള വിമാന ടിക്കറ്റ് നിരക്ക് 12,000 മുതൽ 25,000 രൂപ വരെയായി വർധിച്ചു. ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെ സഞ്ചരിക്കാൻ 15,000 രൂപ വരെ നൽകണം.

അതേസമയം, ആക്രമണങ്ങൾക്കിടയിൽ മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ എയർ ഇന്ത്യ പ്രത്യേക ഡൽഹി-ഇംഫാൽ-ഡൽഹി വിമാനം സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.35ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം 10 കൈക്കുഞ്ഞുങ്ങളടക്കം 159 യാത്രക്കാരുമായാണ് ഇംഫാലിൽ നിന്ന് മടങ്ങിയത്.

Read Also: മണിപ്പൂർ ആഭ്യന്തര കലാപം; ചീഫ് സെക്രട്ടറിയെ മാറ്റി

അക്രമം രൂക്ഷമായ മണിപ്പൂരിൽ നിന്ന് ഇതുവരെ 23000 സാധാരണക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മണിപ്പൂരിൽ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിവിധ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണവും നടക്കുന്നുണ്ട്.

സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി. ഡോ.രാജേഷ് കുമാറിനെ മാറ്റി പകരം വിനീത് ജോഷിക്കാണ് പുതിയ ചുമതല. മണിപ്പൂരിലെ ആഭ്യന്തര കലാപ സാഹചര്യത്തിലാണ് നിയമനം.

1992 മണിപ്പൂർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിനീത് ജോഷി. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായിരിക്കെയാണ് പുതിയ ചുമതല.

മണിപ്പൂരിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവലയങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങാനുമുള്ള സൗകര്യം ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Story Highlights: manipur violence flight ticket charge increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here