‘ബിജെപിക്ക് ഇത് മനസിലാകില്ല’; മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ കെ കെ ശൈലജയെ എ കെ ആന്റണി സഹായിച്ച സംഭവം ട്വീറ്റ്‌ചെയ്ത് ജയറാം രമേശ്

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓര്‍മക്കുറിപ്പില്‍ നിന്നുള്ള ഒരു ഭാഗം ട്വിറ്ററിലൂടെ പങ്കുവച്ച് കേരളത്തിന്റെ രാഷ്ട്രീയത്തെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി തന്നെ ഒരു മുഴുവന്‍ സമയ സിപിഐഎം പ്രവര്‍ത്തകയാകാന്‍ സഹായിച്ചതെങ്ങനെ എന്ന് കെ കെ ശൈലജ വിവരിക്കുന്ന ഭാഗമാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന കെ കെ ശൈലജയുടെ പുസ്തകത്തില്‍ ആന്റണിയെക്കുറിച്ച് എഴുതിയിരിക്കുന്ന അനുഭവക്കുറിപ്പ് കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് ട്വീറ്റിലൂടെ ജയറാം രമേശ് പറയുന്നത്. (Jairam Ramesh tweet quoting K K Shailaja book)
2004ല്‍ തന്റെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിന് മുന്നിലെത്തി നിന്നപ്പോഴുള്ള പ്രതിസന്ധി കെ കെ ശൈലജ വിവരിക്കുന്ന ഭാഗത്താണ് ആന്റണി തനിക്ക് ചെയ്ത സഹായത്തെക്കുറിച്ച് പറയുന്നത്. മുഴുവന്‍ സമയ സിപിഐഎം പ്രവര്‍ത്തകയാകണമെങ്കില്‍ ശൈലജയ്ക്ക് അധ്യാപക ജോലിയില്‍ നിന്ന് സ്വമേധയാ വിരമിക്കണമായിരുന്നു. 20 വര്‍ഷം സര്‍വീസിലിരുന്നവര്‍ക്ക് മാത്രമാണ് വിആര്‍എസ് എടുക്കാനാകുക. ശൈലജയ്ക്ക് ആകെ 23 വര്‍ഷം സര്‍വീസുണ്ടായിരുന്നെങ്കിലും എംഎല്‍എ ആയിരുന്നതിനാല്‍ അതില്‍ അഞ്ച് വര്‍ഷം അവധി എടുത്തിരുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
വിരമിക്കുന്നതിന് സര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ എന്ന നില വന്നപ്പോള്‍ കെ കെ ശൈലജ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ നേരില്‍പ്പോയി കണ്ടു. തനിക്ക് 20 വര്‍ഷം സര്‍വീസ് ഉണ്ടെന്ന് ഉറപ്പിക്കുന്നതിനായി പ്രത്യേക ഉത്തരവ് ഇറക്കണമെന്നായിരുന്നു ശൈലജയുടെ ആവശ്യം. സ്‌കൂള്‍ ഉണ്ടെങ്കില്‍ 4 മണി കഴിഞ്ഞേ ഞങ്ങളുടെ പാര്‍ട്ടിക്കെതിരെ നിങ്ങള്‍ പ്രവര്‍ത്തിക്കൂ, ഇനിയിപ്പോള്‍ 10 മണി മുതല്‍ അത് തുടങ്ങണോ എന്നായിരുന്നു ആന്റണിയുടെ നര്‍മം ചാലിച്ച മറുപടി. ധനമന്ത്രിക്ക് അപേക്ഷ നല്‍കാന്‍ ആന്റണി നിര്‍ദേശം നല്‍കി. അന്നത്തെ ധനമന്ത്രി ശങ്കരനാരായണനെ കാണാന്‍ എത്തിയപ്പോഴേക്കും എല്ലാം മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചിരുന്നുവെന്നും ശൈലജ ഓര്‍ത്തെടുക്കുന്നു.
രാഷ്ട്രീയ വൈരികളാണെങ്കിലും ആന്റണി സര്‍ക്കാര്‍ തനിക്കുവേണ്ടി താന്‍ ആഗ്രഹിച്ചതുപോലെ പ്രത്യേക ഉത്തരവ് ഇറക്കുക തന്നെ ചെയ്തുവെന്ന് പുസ്തകത്തിലൂടെ കെ കെ ശൈലജ പറയുന്നു. ശക്തനായ കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണിയെക്കുറിച്ചുള്ള കെ കെ ശൈലജയുടെ അനുഭവക്കുറിപ്പ് കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെയാണ് കാണിക്കുന്നതെന്നും ഇത് ഒരിക്കലും ബിജെപിയ്ക്ക് മനസിലാകാന്‍ പോകുന്നില്ലെന്നും ട്വീറ്റിലൂടെ ജയറാം രമേശ് പറഞ്ഞു.
Story Highlights: Jairam Ramesh tweet quoting K K Shailaja book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here