കർണാടക, ലിംഗായത്ത് വോട്ടുകൾ നെടുകെ പിളർന്ന് കോൺഗ്രസിലെത്തി; വൊക്കലിംഗ, മുസ്ലിം, ദളിത്, ന്യൂനപക്ഷ വോട്ടുകളും നിർണായകമായി

ജാതി സമവാക്യങ്ങൾ നിർണായക സ്വാധീനം ചെലുത്തുന്ന കർണാടകയിൽ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒരു കാര്യം വ്യക്തമായി. ലിംഗായത്ത് വോട്ടുകൾ നെടുകെ പിളർന്ന് കോൺഗ്രസിലെത്തിയെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇതിന് പുറമേ വൊക്കലിംഗ വോട്ടും മുസ്ലിം ദളിത് ന്യൂനപക്ഷ വോട്ടുകളും അപ്പാടെ കോൺഗ്രസിലെത്തിയെന്നാണ് വിലയിരുത്തൽ. ( Karnataka Election 2023: Vokkaliga, Lingayat Votes For Congress ).
ആരാണ് ബിജെപിക്കെതിരെ ശക്തരാകുന്നത്, അവർക്ക് വോട്ട് ചെയ്യുകയെന്ന ന്യൂന പക്ഷങ്ങളുടെ രീതി കർണാടകയിൽ തീവ്രമാകുന്ന കാഴ്ച്ചയാണ് കണ്ടത്. തീരദേശ മേഖല ഉൾപ്പെട്ട ദക്ഷിണ കന്നഡയിൽ ബിജെപിക്ക് തന്നെയാണ് ഇപ്പോഴും മുൻതൂക്കം. സംഘടനാ പ്രവർത്തനം ശക്തമാക്കിക്കൊണ്ട് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ നയിച്ച കോൺഗ്രസ് വിജയത്തിലേക്ക് മുന്നേറുന്നതോടെ കർണാടകയിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിയെന്ന് വ്യക്തമാണ്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും.
കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ കർണാടകയിൽ മോദി മാജിക് ഏറ്റില്ലെന്ന് ഉറപ്പായും പറയാം. മോദിയുടെ റോഡ് ഷോ ഉൾപ്പടെ വലിയ പ്രചാരണമായിരുന്നു ബിജെപി കർണാടകയിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം വലിയ ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കരുതിയിരുന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ല.
Read Also: കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ഷിംല ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തി പ്രിയങ്ക ഗാന്ധി
നിലവിൽ കോൺഗ്രസ് 130 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 66 സീറ്റുകളിലും ജെഡിഎസ് 22 സീറ്റുകളിലും മുന്നിലാണ്. മോദിയുടെ ഏഴ് ദിവസത്തെ പൊതുയോഗങ്ങളിലും റോഡ്‌ഷോകളിലും വൻ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. എന്നാൽ ഫലം വന്നതോടെ ബിജെപിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. മഴ മൂലം ഹെലികോപ്റ്റർ യാത്ര റദ്ദാക്കി റോഡ് മാർഗമായിരുന്നു മോദി കർണാടകയിൽ പ്രചാരണത്തിന് എത്തിയത്. ബിജെപിയുടെ എട്ട് മന്ത്രിമാർ പിന്നിലാണ്. മുംബൈ കർണാടകയിലും ബെംഗളുരു മേഖലയിലും മികച്ച മുന്നേറ്റത്തിലാണ് കോൺഗ്രസ്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കോൺഗ്രസ് കടന്നു.
അതേസമയം ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു.
Story Highlights: Karnataka Election 2023: Vokkaliga, Lingayat Votes For Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here