കർണാടകയിൽ ആര് വീഴും, ആര് വാഴും?; പ്രാഥമിക ഫലസൂചനകൾ എട്ടരയോടെ, ഒമ്പതരയോടെ ട്രെൻഡ് വ്യക്തമാകും

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിമുതൽ ആരംഭിക്കും. പ്രാഥമിക ഫലസൂചനകൾ എട്ടരയോടെ അറിയാനാകും. ഒമ്പതരയോടെ ട്രെൻഡ് വ്യക്തമാകും. എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും ജെഡിഎസിന്റെ നിലപാട് നിർണായകമാകും. ജെഡിഎസ് ആകട്ടെ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടിലാണ്. തൂക്കുസഭ പ്രവചിക്കപ്പെട്ടതോടെ അധികാരം പിടിക്കാൻ കോൺഗ്രസും ബിജെപിയും നീക്കമാരംഭിച്ചിട്ടുണ്ട്. ( Karnataka election results 2023 ).
കർണാടക വോട്ടെണ്ണലിനായി പൂർണസജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സംസ്ഥാനത്താകെ 36 കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. റെക്കോർഡ് പോളിങ് ആണ് ഇത്തവണ കർണാടകയിൽ രേഖപ്പെടുത്തിയത് (73.19 ശതമാനം). വർധിച്ച പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ജെഡിഎസും.
തെരഞ്ഞെടുപ്പിൽ ബിജെപി പാളയത്തിലെ ഏകോപനമില്ലായ്മയാണ് മറ്റൊരു വിഷയം. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷും സംഘവും ഒരു ഭാഗത്തും, യെദ്യൂരപ്പയും ടീമും സ്വന്തം നിലയിലും നീങ്ങിയത് താഴെത്തട്ടിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് അനുമാനം. വോട്ടെണ്ണുമ്പോഴല്ലാതെ ഇതിന്റെ തിരിച്ചടി വിലയിരുത്താനാകില്ല.
Read Also:കർണാടക തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്; രേഖപ്പെടുത്തിയത് 73.19 % പോളിങ്
അതേസമയം തെരഞ്ഞെടുപ്പിന് മുൻപ് പയറ്റിയ സംവരണ തന്ത്രത്തിലൂടെ വടക്കൻമധ്യകർണ്ണാടകത്തിലെ ലിംഗായത്ത്, നായക, എഡിഗ, ബില്ലവ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ബിജെപി ശ്രദ്ധിച്ചിരുന്നു. ഇതിനെതിരെ ഒബിസി, ദളിത്, ന്യൂനപക്ഷ രാഷ്ട്രീയമാണ് കോൺഗ്രസ് പയറ്റിയത്. ജാതിക്കളിയിൽ ആര് വിജയിക്കുമെന്നത് പ്രവചനാതീതമാണ്.
ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങൾ തള്ളിക്കളയുകയാണ് കോൺഗ്രസ് അധ്യക്ഷൻ. കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കും. സ്വന്തം നിലയിലാണ് സർക്കാർ രൂപീകരിക്കാൻ പോകുന്നത്. 224ൽ 150 ഓളം സീറ്റുകൾ പിടിക്കാനാകുമെന്നും ഡികെ ശിവകുമാർ ആത്മവിശ്വാസം പങ്കുവച്ചു.
എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായാണ് ജെഡിഎസ് ആരോപണം. സ്ഥാനാർത്ഥികളെ കോൺഗ്രസ് ഏജന്റുമാർ സമീപിക്കാൻ തുടങ്ങിയെന്നും ജെഡിഎസ് വക്താവ് തൻവീർ അഹമ്മദ് പ്രതികരിച്ചിരുന്നു.
Story Highlights: Karnataka election results 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here