Advertisement

‘അന്തി ചര്‍ച്ചയിലെ ഭാഷ കേട്ടാല്‍ കരണത്തടിക്കാന്‍ തോന്നും, എംഎല്‍എ ആയിരുന്നില്ലെങ്കില്‍ സ്റ്റുഡിയോയില്‍ കയറി അടിച്ചേനെ’; ജനകീയ കോടതിയില്‍ പി.വി അന്‍വര്‍

May 14, 2023
Google News 2 minutes Read
Janakeeya kodathi P V anvar against media

മാധ്യമങ്ങള്‍ക്കെതിരായ പതിവ് വിമര്‍ശനങ്ങള്‍ ട്വന്റിഫോര്‍ സംവാദ വേദിയായ ജനകീയ കോടതിയില്‍ കൂടുതല്‍ ശക്തിയായി ഉന്നയിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഇന്ധന സെസ് വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ സമരങ്ങള്‍ക്ക് നേരെയുള്ള പി വി അന്‍വറിന്റെ രൂക്ഷ പരിഹാസങ്ങളും തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളും ജനകീയ കോടതിയില്‍ വിചാരണ ചെയ്യപ്പെട്ടപ്പോള്‍ പി വി അന്‍വര്‍ അതിനെ നേരിട്ടത് മറ്റൊരു ഗുരുതരമായ ആരോപണം ഉന്നയിച്ചുകൊണ്ടാണ്. വി.ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ പണം അക്കൗണ്ടില്‍ പറ്റുന്നവരാണ് മാധ്യമങ്ങളെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന്റെ തെളിവുകള്‍ അടുത്ത ആഴ്ചയോടെ പുറത്തുവിടുമെന്നാണ് പി വി അന്‍വര്‍ പറയുന്നത്. (Janakeeya kodathi P V anvar against media)

ഇന്ധന സെസ് വര്‍ധനക്കാലത്തെ സഭയിലെ ഒരു പ്രതികരണം ഓര്‍മിപ്പിച്ച്, തുടര്‍ന്ന് പി വി അന്‍വറിട്ട ഫേസ്ബുക്ക് പോസ്റ്റിലെ രൂക്ഷ പരിഹാസത്തിന്റെ ഭാഷയെക്കുറിച്ച് അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കവേയായിരുന്നു പി വി അന്‍വറിന്റെ ആരോപണം. തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിപരമാകുമ്പോള്‍ ഫേസ്ബുക്കിലൂടെ വ്യക്തിപരമായി തന്നെ തിരിച്ചടിക്കുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് എന്തുമാകാം എന്ന ധാരണ പാടില്ല. അന്തിച്ചര്‍ച്ചയില്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷ കേട്ടാല്‍ സ്റ്റുഡിയോയില്‍ വന്ന് മാധ്യമപ്രവര്‍ത്തകരുടെ ചെപ്പക്കുറ്റി അടിക്കാന്‍ തോന്നിപ്പോകുമെന്നും താന്‍ എംഎല്‍എ അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇതിനകം തന്നെ അടിച്ചേനെ എന്നും ജനകീയ കോടതിയില്‍ പി വി അന്‍വര്‍ പറഞ്ഞു.

Read Also: പി വി അന്‍വര്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ നേരിട്ടപ്പോള്‍…; മൂന്ന് മുഖങ്ങള്‍ വെളിപ്പെട്ടെന്ന് ന്യായാധിപന്‍;രണ്ടാം വരവില്‍ പവറായി ജനകീയ കോടതി

മാധ്യമങ്ങളോട് പകയില്ലെങ്കിലും ചില മാധ്യമപ്രവര്‍ത്തകരുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പി വി അന്‍വര്‍ പറയുന്നു. എത്ര കേട്ടാലും നന്നാവില്ല എന്ന് തീരുമാനിച്ച പത്രപ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്. ‘മാപ്രാ’ വിഭാഗത്തിലെ ഇത്തരക്കാരുടെ അധാര്‍മികത വച്ചുപൊറുപ്പിക്കാനാവില്ല. വി.ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള മാധ്യമ ഗൂഢാലോചനയുടെ തെളിവുകള്‍ ഉടന്‍ പുറത്തുവരും. ഇക്കാര്യം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും പി.വി അന്‍വര്‍ ജനകീയ കോടതിയില്‍ പറഞ്ഞു.

Story Highlights: Janakeeya kodathi P V anvar against media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here