കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം; സിപിഐഎം ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. വിവാദത്തെ തുടർന്ന് ആരോപണ വിധേയനായ വിശാഖിനെ സി.പി.ഐ.എം പുറത്താക്കിയിരുന്നു. ലോക്കൽ കമ്മിറ്റി അംഗമായ വിശാഖിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. ജില്ലാ സെക്രട്ടറിയേറ്റിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. എസ്.എഫ്.ഐയും ഇയാളെ പുറത്താക്കിയിരുന്നു. എന്നാൽ വിശാഖിന് സി.പി.ഐ.എം നേതൃത്വത്തിൽ ചിലരുടെ പിന്തുണ ഉണ്ടായിരുന്നു എന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിൽ തുടർപടികൾ ഇന്ന് ചേരുന്ന സി.പി.ഐ.എം ജില്ലാ കമ്മിറ്റി യോഗം തീരുമാനിക്കും. (christian college sfi cpim)
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പൽ കൂടുതൽ കുരുക്കിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പിൽ വിശാഖ് മത്സരരംഗത്തുണ്ടായിരുന്നില്ലെന്നും മറ്റു രണ്ടു പേരാണ് വിജയിച്ചതെന്നും റിട്ടേണിംഗ് ഓഫീസർ കേരള സർവകലാശാലയെ അറിയിച്ചു. അതേസമയം ഗവർണർ വിഷയത്തിൽ ഇടപെട്ടു. ആൾമാറാട്ടം വിശദമായി പരിശോധിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
Read Also: കാട്ടാക്കട കോളജിലെ ആള്‍മാറാട്ടം: ഇടപെട്ട് ഗവർണർ, പ്രിൻസിപ്പൽ കൂടുതൽ കുരുക്കിലേക്ക്
ആൾമാറാട്ട വിവാദത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ കൂടുതൽ കുരുക്കിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേതാവായ എ.വിശാഖ് മത്സരരംഗത്തുണ്ടായിരുന്നില്ലെന്ന് റിട്ടേണിംഗ് ഓഫീസറായ അധ്യാപകൻ കേരള സർവകലാശലയെ അറിയിച്ചു. സർവകലാശാല ആവശ്യപ്പെട്ടതനുസരിച്ച് നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജയിച്ചത് അനഘയും ആരോമലുമാണെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
ഇതോടെ പ്രിൻസിപ്പലിനെതിരെ നടപടി ഉറപ്പായി. വിശാഖിന്റെ പേര് ചേർത്തത് പിശക് എന്ന് ആവർത്തിക്കുകയാണ് പ്രിൻസിപ്പൽ. അനഘ വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ചെന്നു പറയുന്ന പ്രിൻസിപ്പൽ രാജിക്കത്തും സർവകലാശാലയിൽ ഹാജരാക്കി. എന്നാൽ മത്സരിക്കാത്ത വിശാഖിന്റെ പേര് ചേർത്തത്തിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ഇതിനിടെയാണ് വിഷയത്തിൽ ഗവർണർ ഇടപെട്ടത്. ആൾമാറാട്ടം വിശദമായി പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ആൾമാറാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി ജെ ഷൈജുവിനെ മാറ്റുമെന്നാണ് വിവരം. ശനിയാഴ്ച ചേരുന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തുടർനടപടികളിൽ തീരുമാനമുണ്ടാവും.
Story Highlights: kattakkada christian college sfi impersonation cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here