Advertisement

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണിലെ തീപിടിത്തത്തിന് ഗ്ലൗസ് അഴിമതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം; വിഡി സതീശൻ

May 24, 2023
Google News 3 minutes Read
Fire at Medical Services Corporation warehouse VD Satheesan'S reaction

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ തിരുവനന്തപുരം ഗോഡൗണിലുണ്ടായ തീപിടിത്തത്തിന് പിന്നിലെ അട്ടിമറിയും ഗൂഡാലോചനയും ഗൗരവത്തോടെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിക്കൂട്ടിയതിലെ അഴിമതിയുമായി തീപിടിത്തത്തിന് ബന്ധമുണ്ടോയെന്നതും പരിശോധിക്കണം. തെളിവ് നശിപ്പിക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണോ തീപിടിത്തമെന്ന സംശയം പൊതുസമൂഹത്തിനുണ്ട്. ( Fire at Medical Services Corporation warehouse VD Satheesan’S reaction ).

കോവിഡ് കാലത്ത് 2021 മേയ് 14, 27 തീയതികളില്‍ പി.പി.ഇ കിറ്റും ഗ്ലൗസും ഉള്‍പ്പെടെ 15 ഇനങ്ങളെ അവശ്യമരുന്നുകളുടെ ഗണത്തില്‍പ്പെടുത്തി വില നിയന്ത്രിച്ചുള്ള ഉത്തരവിറക്കി. ആദ്യ ഉത്തരവില്‍ 5.75 രൂപയും രണ്ടാം ഉത്തരവില്‍ 7 രൂപയുമായിരുന്നു ഗ്ലൗസിന്റെ പരമാവധി വില. എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിച്ച് കഴക്കൂട്ടം ആസ്ഥാനമാക്കി പച്ചക്കറി വില്‍ക്കുന്നതിന് വേണ്ടി ആരംഭിച്ച അഗ്രത ആവയോണ്‍ എക്‌സിം എന്ന സ്ഥാപനത്തില്‍ നിന്ന് 12.15 രൂപ നിരക്കില്‍ ഒരുകോടി ഗ്ലൗസുകള്‍ സംഭരിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) തീരുമാനിക്കുകയായിരുന്നു.

കെ.എം.എസ്.സി.എല്‍ എം.ഡിയെ ഒഴിവാക്കി കാരുണ്യ പര്‍ച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജരാണ് 12.15 കോടി രൂപയുടെ നൈട്രൈല്‍ ഗ്ലൗസ് ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡറില്‍ ഒപ്പിട്ടത്. ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍ രണ്ടെണ്ണം കമ്പനിക്കു വേണ്ടി പേന കൊണ്ടു വെട്ടിത്തിരുത്തുകയും ചെയ്തു. സംസ്ഥാനത്ത് ഗ്ലൗസിനു വലിയ ക്ഷാമം ഇല്ലാതിരുന്ന കാലത്താണ് ടെന്‍ഡറോ ക്വട്ടേഷനോ ഇല്ലാതെ 12.15 കോടി രൂപയുടെ ഉല്‍പന്നം 6.07 കോടി രൂപ മുന്‍കൂര്‍ നല്‍കി ഇറക്കുമതി ചെയ്തത്. ഇംഗ്ലണ്ടിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി മലേഷ്യയില്‍ നിന്നെത്തിച്ച ഗ്ലൗസാണ് അവിടെനിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത്.

Read Also: പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ല; ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചുപറയും: വിഡി സതീശൻ

കരാര്‍ രേഖകളിലെ രണ്ട് പ്രധാന വ്യവസ്ഥകളാണ് പേന കൊണ്ട് തിരുത്തിയത്. ‘ഇന്‍വോയ്‌സ് തയാറാക്കി 45 ദിവസത്തിനുള്ളില്‍ പണം നല്‍കണം’ എന്നത് 5 ദിവസത്തിനുള്ളിലെന്ന് തിരുത്തി. ഉല്‍പന്നത്തിന് ചുരുങ്ങിയത് 60% ഉപയോഗ കാലാവധി (ഷെല്‍ഫ് ലൈഫ്) വേണമെന്നതും വെട്ടിമാറ്റി. രണ്ട് പര്‍ച്ചേസ് ഓര്‍ഡറുകളിലായി (1634, 1635) ഒരു കോടി ഗ്ലൗസിന് ഓര്‍ഡര്‍ നല്‍കി മൂന്നാം ദിവസം മുന്‍കൂര്‍ തുകയുടെ ചെക്കും നല്‍കി. ഈ കമ്പനി എത്തിച്ച ഉല്‍പന്നത്തിലെങ്ങും നിര്‍മാണ തീയതിയോ കാലാവധി തീരുന്ന ദിവസമോ പരമാവധി വില്‍പന വിലയോ രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ 15 ദിവസത്തിനുള്ളില്‍ 41.6 ലക്ഷം ഗ്ലൗസുകള്‍ മാത്രമാണ് എത്തിച്ചതെന്ന കാരണത്താല്‍ കരാര്‍ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ 50 ലക്ഷം ഗ്ലൗസുകള്‍ക്കായി നല്‍കിയ മുന്‍കൂര്‍ പണത്തില്‍ ശേഷിക്കുന്ന ഒരു കോടി രൂപ ഇതുവരെ തിരിച്ച് വാങ്ങിയിട്ടുമില്ല.

പച്ചക്കറി സ്ഥാപനത്തിന് നല്‍കാന്‍ സാധിക്കാത്ത 50 ലക്ഷം ഗ്ലൗസ് ലഭ്യമാക്കുന്നതിനായി വീണ്ടും ടെന്‍ഡര്‍ വിളിച്ചു. കരാര്‍ ലഭിച്ച ജേക്കബ് സയന്റിഫിക്‌സ്, ലിബര്‍ട്ടി മെഡ് സപ്ലയേഴ്ര്‍സ് എന്നിവര്‍ 8.78 രൂപയ്ക്കും 7 രൂപയ്ക്കുമാണ് ഗ്ലൗസ് വിതരണം ചെയ്തത്. വിപണിയില്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഗ്ലൗസുകള്‍ ലഭ്യമായിരുന്നെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

പച്ചക്കറി സ്ഥാപനം ഉയര്‍ന്ന വിലയ്ക്ക് നല്‍കിയ ഗ്ലൗസ് കൊച്ചി, തിരുവനന്തപുരം സംഭരണ ശാലകളിലാണ് സൂക്ഷിക്കേണ്ടത്. ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്ന ഈ ഗ്ലൗസുകളുടെ ഗുണമേന്മ സംബന്ധിച്ച പരിശോധന അന്വേഷണ ഏജന്‍സികള്‍ നടത്താനിരിക്കെയാണ് തീപിടിത്തമുണ്ടായത്. നിലവിലെ സാഹചര്യത്തില്‍ ഗ്ലൗസുകളും തീപിടിത്തത്തില്‍ നശിക്കപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. 60% ഉപയോഗ കാലാവധി വേണമെന്ന വ്യവസ്ഥ കരാറില്‍ നിന്നും വെട്ടിമാറ്റിയതും ഗ്ലൗസ് നശിപ്പിക്കപ്പെട്ടുണ്ടെന്ന സംശയത്തിന്ബലം നല്‍കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights: Fire at Medical Services Corporation warehouse VD Satheesan’S reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here