Advertisement

ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സ്; സിപിഐഎമ്മിന്റെ പിന്തുണ തേടി അരവിന്ദ് കെജ്‌രിവാള്‍

May 30, 2023
3 minutes Read
Arvind Kejriwal seeks CPIM's support in Central Ordinance against Delhi Govt

ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ സിപിഐഎമ്മിന്റെ പിന്തുണ തേടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സീതാറാം യെച്ചൂരിയുമായി കെജ്‌രിവാള്‍ എകെജി ഭവനില്‍ കൂടിക്കാഴ്ച നടത്തും. ഓര്‍ഡിനന്‍സ് ബില്ലായി പാര്‍ലമെന്റില്‍ എത്തുന്ന ഘട്ടത്തില്‍ രാഷ്ട്രീയമായി ഇതിനെ പരാജയപ്പെടുത്താനുള്ള നീക്കമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്.(Arvind Kejriwal seeks CPIM’s support in Central Ordinance against Delhi Govt)

രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നാല്‍ ബില്ലിനെ പരാജയപ്പെടുത്താം എന്ന കണക്കുകൂട്ടലിലാണ് അരവിന്ദ് കെജ്‌രിവാള്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് യെച്ചൂരിയെയും കെജ്‌രിവാള്‍ കാണുന്നത്. കൂടിക്കാഴ്ചയില്‍ കേന്ദ്ര ഓര്‍ഡിനന്‍സ് തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. ഒപ്പം രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍, ഗവര്‍ണര്‍മാരെ ദുരുപയോഗം ചെയ്യുന്നു എന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനകള്‍.

മഹാരാഷ്ട്രയിലെത്തി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെയും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും കണ്ട് അവരുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. പിന്തുണ തേടുന്നതിന്റെ ഭാഗമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും സമയം ചോദിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.

നേരത്തെ ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടക്കമുള്ള നേതാക്കളുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു.

Story Highlights: Arvind Kejriwal seeks CPIM’s support in Central Ordinance against Delhi Govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement