തൃശൂർ മേയർ രാജിവയ്ക്കണമെന്ന് സിപിഐഎം, തള്ളി എം.കെ വർഗീസ്

തൃശൂർ മേയർ എം.കെ വർഗീസ് രാജിവയ്ക്കണമെന്ന് സിപിഐഎം. മുൻധാരണ പ്രകാരം മേയർ സ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ആവശ്യം. എന്നാൽ രാജിവെക്കണമെന്ന ആവശ്യം എം.കെ വർഗീസ് തള്ളി.
ഇരുമുന്നണികൾക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോൾ കോൺഗ്രസ് വിമതനായ എം.കെ വർഗീസിനെ ഒപ്പം നിർത്തിയാണ് തൃശൂർ കോർപറേഷൻ ഭരണം എൽ.ഡി.എഫ് നിലനിർത്തിയത്. രണ്ട് വർഷം എം.കെ വർഗീസിന് മേയർ സ്ഥാനം എന്നായിരുന്നു ആദ്യ ധാരണ. പിന്നീട് ഇത് രണ്ടര വർഷമാക്കി. ഭരണം രണ്ടര വർഷം പൂർത്തിയായതോടെയാണ് സ്ഥാനം ഒഴിയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടത്. എന്നാൽ രാജിവയ്ക്കില്ലെന്ന് എം.കെ വർഗീസ് വ്യക്തമാക്കി.
55 അംഗ കൗൺസിലിൽ എം.കെ.വർഗീസ് ഉൾപ്പെടെ 25 പേരുടെ പിന്തുണ എൽ.ഡി.എഫിനുണ്ട്. യു.ഡി.എഫിന് 24 അംഗങ്ങളും ബി.ജെ.പിക്ക് ആറ് അംഗങ്ങളുമാണുള്ളത്. ഒരാളുടെ പിന്തുണ കുറഞ്ഞാൽ ഭരണം താഴെ പോകും. സമവായത്തിലൂടെ എം.കെ വർഗീസിനെ സ്ഥാനത്തുനിന്നും നീക്കുക എന്നതാണ് സിപിഐഎം ജില്ലാ നേതൃത്വം ലക്ഷ്യം. സ്ഥാനമാറ്റം സംബന്ധിച്ച വിഷയത്തിൽ എൽഡിഎഫിന്റെ പിന്തുണ തേടാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.
മേയർക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നപ്പോഴും മേയറെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിപിഐഎം സ്വീകരിച്ചിരുന്നത്. എം.കെ വർഗീസിനും വഴങ്ങി കൊടുക്കുന്ന നിലപാടിൽ സിപിഐഎമ്മിന് ഉള്ളിൽ തന്നെ വിമർശനം ശക്തമാണ്. എന്നിരുന്നാലും തൃശ്ശൂർ നഗരത്തിന്റെ ഭരണം നിലനിർത്തുക എന്നത് തന്നെയാണ് സിപിഐഎമ്മിന്റെ മുഖ്യ ലക്ഷ്യം. അതിനാൽ എം.കെ വർഗീസിനെ പിണക്കിക്കൊണ്ട് ഒരു കടുത്ത നിലപാടിലേക്ക് സിപിഐഎം കടന്നേക്കില്ല.
Story Highlights: CPIM demands resignation of Thrissur Mayor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here