ഒഡിഷ ട്രെയിനപകടം; മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് ജോലി തേടി പുറപ്പെട്ടവരും

ഒഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരും. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ ഒരാൾ. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛൻ സുക്‌ലാൽ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. (Kerala Dies Train Crash)
കല്പണിക്കാരനാണ് സുക്‌ലാൽ. ഇദ്ദേഹം വർഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. ആദ്യമായാണ് സുക്‌ലാൽ മകനെ പണിക്ക് കൊണ്ടുപോയത്. 18 വയസ് തികഞ്ഞയുടൻ ജോലിക്കായി സുക്‌ലാൽ മകനെ കൊണ്ടുപോവുകയായിരുന്നു.
കേരളത്തിലേക്ക് പണിക്കായി പോവുകയായിരുന്ന സദ്ദാം ഷെയ്ഖും (28) അപകടത്തിൽ മരണപ്പെട്ടു. സദ്ദാമിന് ഒരു മാസം പ്രായമായ മകനും ഭാര്യയുമുണ്ട്. കേരളത്തിലേക്ക് ജോലി തേടിപ്പോവുകയായിരുന്ന യേദ് അലി ഷെയ്ഖും (37) അപകടത്തിൽ പെട്ടു. ഇയാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
Read Also: ഒഡിഷ ട്രെയിനപകടം; ആശുപത്രിയിൽ ചികിത്സയിലുള്ളത് 260 പേർ
ഒഡിഷ ട്രെയിനപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 260 പേരെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വിവിധ ആശുപത്രികളിലാണ് ഇവർ കഴിയുന്നത്. 900ഓളം പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. ആകെ 1175 പേർക്കാണ് ട്രെയിനപകടത്തിൽ പരുക്കേറ്റത്. നിലവിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.
260 പേരിൽ 202 പേർ കട്ടക്കിലെ എസ് സി ബി ആശുപത്രിയിലാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്.
ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മുഴുവൻ ഭുവനേശ്വറിലേക്ക് മാറ്റി. ഭുവനേശ്വറിലെ ആറ് ആശുപത്രികളിലേക്കാണ് 170 മൃതദേഹങ്ങൾ മാറ്റിയത്. എയിംസ് ഭുവനേശ്വർ, എഎംആർഐ ഭുവനേശ്വർ, SUM ആശുപത്രി,ക്യാപിറ്റൽ ആശുപത്രി, കിംസ് ആശുപത്രി, ഭുവനേശ്വർ, ഹൈടെക് ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലേക്കാണ് മാറ്റിയത്.
അതിനിടെ 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷയിലെ ബാലസോർ ജില്ലയിലെ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി എന്ന് അറിയിച്ച അദ്ദേഹം ട്രാക്ക് അറ്റകുറ്റപ്പണികളും വയറിങ് ജോലികളും നടക്കുന്നതായി അറിയിച്ചു. പരുക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Traveled Kerala Work Dies Odisha Train Crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here