ഗൃഹനാഥനറിയാതെ അദ്ദേഹത്തിന്റെ പേരിൽ മറ്റൊരാൾ വായ്പയെടുത്തു; തട്ടിപ്പ് വ്യക്തമായത് 43 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് നോട്ടിസ് വന്നതോടെ; പിന്നാലെ മനംനൊന്ത് മരണം

പുൽപ്പള്ളി സർവീസ് സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സഹകരണവകുപ്പിന്റെ അന്വേഷണം തുടരുന്നതിനിടെ കൂടുതൽ പരാതികൾ. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ വി.എം. ഷാജിയുടെ ഭാര്യ ദീപയാണ് ജില്ലാ കലക്ടർക്കും സഹകരണവകുപ്പിനും പരാതി നൽകിയത്. ( shaji death due to mental stress says wife deepa )
ഭർത്താവിൻറെ പേരിൽ എടുത്ത വായ്പ കുടിശ്ശികയടക്കം 43 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ബാങ്ക് തട്ടിപ്പിനിരയായതിനെ തുടർന്ന് മനംനൊന്താണ് ഷാജിയുടെ മരണമെന്നും ദീപ ആരോപിച്ചു.
ബിവറേജസ് കോർപ്പറേഷൻ പുൽപ്പള്ളി ഡിപ്പോ മാനേജരായിരുന്ന ആലൂർകുന്ന് സ്വദേശി ഷാജി 2020 മേയ് 25നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് തട്ടിപ്പിനിരയായ വിവരം കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായി ഭാര്യ ദീപ വ്യക്തമാക്കി. ക്രമക്കേട് നടന്ന കാലയളവിൽ ബാങ്ക് ഭരണസമിതിയംഗമായിരുന്നു ഷാജിയുടെ സഹോദരനായ വി എം പൌലോസ്. 2018ൽ തന്റെ ഭർത്താവിൻറെ പേരിൽ ലോണെടുത്തയാണ് പരാതി. ഇതിൽ ഒരു രൂപപോലും ഭർത്താവിന് ലഭിച്ചിട്ടില്ലെന്നും തിരിച്ചടവ് മുടങ്ങിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നതെന്നും ദീപ പറഞ്ഞു. ഷാജിയുടെ ഒപ്പ് പോലും വ്യാജമാണെന്നും പരാതിയുണ്ട്.
‘ബാങ്കിന്റെ പേപ്പറുകൾക്ക് ആവശ്യമായ ഒപ്പുകളിൽ ഒന്ന് മാത്രമാണ് ഭർത്താവിന്റേത്. ബാക്കി ഒപ്പിന് ഭർത്താവിന്റെ ഒപ്പുമായി സാമ്യമുണ്ടെങ്കിലും അത് അദ്ദേഹത്തിന്റെയല്ല. വായപയിൽ നിന്ന് ഒരു രൂപ പോലും ഞങ്ങൾ കൈപ്പറ്റിയിട്ടില്ല. ഈ പണമെല്ലാം ഏത് അക്കൗണ്ടിലേക്കാണ് പോയതെന്ന് എനിക്ക് അറിയണം’- ദീപ പറഞ്ഞു. പലിശയടക്കം 43 ലക്ഷം രൂപതിരിച്ചടയ്ക്കാനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതിൽ മനംനൊന്തായിരുന്നു ഭർത്താവിൻറെ മരണമെന്നും ദീപ പറയുന്നു.
ഭർത്താവിൻറെ പേരിലെടുത്ത ലോൺ തുക ആരുടെ എക്കൌണ്ടിലേക്കാണ് പോയതെന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും കിടപ്പാടത്തിൻറെ ആധാരം തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും സഹകരണസംഘം ജോയിൻറ് രജിസ്ട്രാർക്കും വിജിലൻസിനും പൊലീസിനും ദീപ പരാതി നൽകി. ബാങ്കിൽ തട്ടിപ്പിനിരയായ രാജേന്ദ്രൻ നായരുടെ ആത്മഹത്യയെ തുടർന്ന് സഹകരണവകുപ്പിൻറെ അന്വേഷണം തുടരുകയാണ്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ കെ എബ്രഹാമിനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരുപ്രതിയായ സജീവൻകൊല്ലപ്പള്ളിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
Story Highlights: shaji death due to mental stress says wife deepa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here