Advertisement

പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമെന്ന് റിപ്പോർട്ട്

June 8, 2023
Google News 2 minutes Read
Protesting Wrestlers Asian Games

ബ്രിജ് ഭൂഷൺ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമെന്ന് റിപ്പോർട്ട്. ഈ മാസാവസാനം നടക്കാനിരിക്കുന്ന ട്രയൽസിൽ പങ്കെടുക്കാൻ താരങ്ങൾ താത്പര്യം പ്രകടിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ജൂലായ് 15നാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയ്ക്ക് അവസാന പട്ടിക സമർപ്പിക്കേണ്ടത്. അതുകൊണ്ട് തന്നെ എല്ലാ ദേശീയ കായിക ഫെഡറേഷനുകളും സ്ക്വാഡുകൾ തെരഞ്ഞെടുക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു. സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്ങ്ഷൂവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക. (Protesting Wrestlers Asian Games)

അതേസമയം, തങ്ങൾക്ക് ട്രയൽസിനു തയ്യാറെടുക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. തയ്യാറെടുപ്പിനായി ഒരു മാസമെങ്കിലും വേണമെന്ന് രാജ്യാന്തര ഗുസ്തി താരവും സാക്ഷി മാലിക്കിൻ്റെ ഭർത്താവുമായ സത്യവ്രത് കട്യൻ പറഞ്ഞു.

Read Also: അന്വേഷണം ജൂൺ 15നകം പൂർത്തിയാക്കുമെന്ന് കായികമന്ത്രിയുടെ ഉറപ്പ്; തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതായി ഗുസ്തി താരങ്ങൾ പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ ജൂൺ 15 വരെ സമയം തേടിയെന്ന് സാക്ഷി മാലിക് പറഞ്ഞു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ മാരത്തോണ് ചർച്ചക്ക് ശേഷമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ജൂൺ 15 നുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും സാക്ഷി മാലിക് പ്രതികരിച്ചു. വിഷയം കർഷക നേതാക്കളുമായിട്ട് ചർച്ച ചെയ്യുമെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.

പൊലീസ് അന്വേഷണം ജൂൺ 15 നകം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അത് വരെ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചുവെന്ന് ബജ്റംഗ് പുനിയ വ്യക്തമാക്കി.താരങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും വനിത ഗുസ്തി താരങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയച്ചതായി ബജ്റംഗ് പുനിയ പറഞ്ഞു .

ദേശീയ കായിക മന്ത്രി അനുരാഗ് ഠാക്കൂറിനു മുന്നിൽ അഞ്ച് നിബന്ധനകളാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ വച്ചത്. ഫെഡറേഷനിലേക്ക് സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും ഒരു വനിതയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നുമാണ് പ്രധാന ആവശ്യം. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തെയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുതെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

Story Highlights: Protesting Wrestlers Asian Games Trials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here