Advertisement

പ്രവാസികള്‍ക്കായുള്ള പദ്ധതികളും നിര്‍ദേശങ്ങളുടെ പുരോഗതിയും വിശദീകരിച്ച് ലോക കേരള സഭയില്‍ മുഖ്യമന്ത്രി

June 10, 2023
Google News 2 minutes Read
Pinarayi Vijayan speaks in Loka Kerala Sabha

ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ തുടക്കം. അമേരിക്കന്‍ മേഖലാ സമ്മേളനത്തെ സര്‍ക്കാര്‍ പ്രാധാന്യത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്മേളനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംവിധാനം ഒരുക്കി.(Pinarayi Vijayan speaks in Loka Kerala Sabha)

‘പ്രവാസ ജീവിതത്തിന്റെ പലതലങ്ങളിലുള്ളവരാണ് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലുള്ള മലയാളികള്‍. ആ നിലയില്‍ കേരളീയരുള്ള ലോകത്തെ സവിശേഷമായ വിഷയങ്ങളാണ് അമേരിക്കന്‍ മലയാളികള്‍ അഭിമുഖീകരിക്കുന്നത്. വളരെ പ്രാധാന്യത്തോടെയാണ് അമേരിക്കന്‍ മേഖലാ സമ്മേളനത്തെ കേരള സര്‍ക്കാരും ലോക കേരള സഭയും നോര്‍ക്കയുമെല്ലാം നോക്കിക്കാണുന്നത്.

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ശേഷമാണ് ഈ മേഖലാ സമ്മളനം. 62 വിദേശ രാജ്യങ്ങളില്‍ നിന്നും 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ കഴിഞ്ഞ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 648 ശുപാര്‍ശകളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവ അവലോകനം ചെയ്യുകയും പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ അവയുടെ എണ്ണം 67 ആക്കി ചുരുക്കുകയും ചെയ്തു. 11 വിഷയങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ബാക്കി 56 ശുപാര്‍ശകള്‍ അതത് വകുപ്പുകളുടെ പരിഗണനയിലാണ്.

പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികളും പ്രവാസികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി മേഖലാ സമ്മേളനത്തില്‍ വിശദീകരിച്ചു. ലോകകേരളസഭ സെക്രട്ടറിയേറ്റ് ഒരു ഇംപ്ലിമെന്റേഷന്‍ ഏജന്‍സി അല്ല.അതുകൊണ്ട് തന്നെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ശുപാര്‍ശകള്‍ കൈകാര്യം ചെയ്തു വരുന്നത്. ലോകകേരള സഭയുടെയും മേഖല സമ്മേളനങ്ങളുടെയും വിവിധ ശുപാര്‍ശകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അതാത് വകുപ്പുകളില്‍ സെക്രട്ടറി ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്.ആ നിലക്ക് സമ്മേളനങ്ങള്‍ ഉയര്‍ന്നുവരുന്ന കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

രണ്ടാം ലോകകേരളസഭ മുതല്‍ തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് ഉള്ള പരാതികള്‍ പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം. പ്രധാനമായും അമേരിക്കയില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്. ഇക്കഴിഞ്ഞ മെയ് പതിനേഴിന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവാസികളുടെ റവന്യൂ പരാതികള്‍ സ്വീകരിക്കാന്‍ പ്രവാസി മിത്രം എന്ന പേരില്‍ ഒരു പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട് . രണ്ടാം ലോകകേരള സഭയില്‍ ഉയര്‍ന്നുവന്ന മറ്റൊരു നിര്‍ദ്ദേശമാണ് നാട്ടില്‍ തിരികെ എത്തുന്നവ പ്രവാസികള്‍ക്കായുള്ള എപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്.അതും സജ്ജമാണ് . വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കും നിലവില്‍ വിദേശത്തുള്ളവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Read Also: സംവരണത്തെ അട്ടിമറിക്കുന്ന ഒരു നിലപാടിനും സർക്കാർ കൂട്ടുനിൽക്കില്ല; വിദ്യക്കെതിരെ മന്ത്രി കെ. രാധാകൃഷ്ണൻ

മൂന്നാം ലോകകേരള സഭയില്‍ ഉയര്‍ന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് പ്രവാസികളുടെ വിവര ശേഖരണത്തിനായി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നോര്‍ക്ക റൂള്‍സ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ലോകകേരള സഭയില്‍ ഉയര്‍ന്നുവന്ന പ്രവാസികള്‍ക്കായുള്ള സമഗ്ര ഇന്‍ഷുറന്‍സ് സംവിധാനം അവസാനഘട്ടത്തിലാണ്. പ്രവാസികള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കുകയാണ് .

കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: Pinarayi Vijayan speaks in Loka Kerala Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here